ബദർ അൽ സമ റോയൽ ഹോസ്പിറ്റലിൽ എ.ഐ അധിഷ്ഠിത കാത്ത് ലാബിന്റെ ഉദ്ഘാടനം ഒമാൻ മെഡിക്കൽ സ്പെഷ്യാലിറ്റി ബോർഡ് എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. ഫാത്തിമ മുഹമ്മദ് അൽ അജ്മി നിർവഹിച്ചപ്പോൾ
മസ്‌കത്ത്: ആരോഗ്യ സംരക്ഷണ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകൾ ഒമാനിൽ പരിചയപ്പെടുത്തുന്നതിൽ മറ്റൊരു സുപ്രധാന നാഴികക്കല്ലുകൂടി പിന്നിട്ട് ബദർ അൽ സമ റോയൽ ഹോസ്പിറ്റൽ. ഒമാനിലെ ആരോഗ്യമേഖലയിൽ സ്വകാര്യ രംഗത്ത് ആദ്യമായി ഒപ്റ്റിക്കൽ കോഹെറൻസ് ടോമോഗ്രഫി (ഒ.സി.ടി), ഇൻട്രാവാസ്കുലർ ലിത്തോട്രിപ്സി (ഐ.വി.എൽ) സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ച എ.ഐ അധിഷ്ഠിത കാത്ത് ലാബ് ആശുപത്രിയിൽ സജ്ജമാക്കി.
ഒമാൻ മെഡിക്കൽ സ്പെഷ്യാലിറ്റി ബോർഡ് എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. ഫാത്തിമ മുഹമ്മദ് അൽ അജ്മി പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർമാർ, എക്സിക്യൂട്ടീവ് ഡയറക്ടർമാർ, ഗവേണിങ് കൗൺസിൽ അംഗങ്ങൾ, മുതിർന്ന ഡോക്ടർമാർ, പ്രമുഖ വ്യക്തികൾ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
നിർമിത ബുദ്ധിയും അത്യാധുനിക ഇമേജിങ്-ചികിത്സാ സാങ്കേതികവിദ്യകളും ഒന്നിപ്പിക്കുന്ന പുതിയ കാത്ത് ലാബ്, സങ്കീർണമായ ഹൃദയധമനികളിലെ തടസ്സങ്ങൾ കൃത്യമായി കണ്ടെത്താനും ചികിത്സിക്കാനും ഹൃദ്രോഗവിദഗ്ദ്ധരെ സഹായിക്കും. ഇത് ഹൃദയ ശസ്ത്രക്രിയകൾ കൂടുതൽ സുരക്ഷിതവും കൃത്യതയും ഉള്ളതാക്കുകയും രോഗികൾക്ക് മികച്ച ഫലം ഉറപ്പാക്കുകയും ചെയ്യും.
സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റും ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറുമായ ഡോ. ബെന്നി പനക്കലിന്റെ നേതൃത്വത്തിലുള്ള ബദർ റോയൽ ഹാർട്ട് സെന്ററിലാണ് ഈ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. അത്യാധുനിക ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ, പ്രത്യേക ഹൃദ്രോഗ സേവനങ്ങൾ, അത്യാധുനിക കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ് എന്നിവ ഈ കേന്ദ്രത്തിലുണ്ട്. എ.ഐ കാത്ത് ലാബ് കൂടി വന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹൃദ്രോഗ ചികിത്സ ഇനി ഒമാനിൽ തന്നെ ലഭ്യമാക്കാനാവും.
സ്വകാര്യ ആരോഗ്യ മേഖലയിൽ ഒമാനിലെ ആദ്യത്തെ എ.ഐ പവേർഡ് കാത്ത് ലാബ് ആരംഭിക്കുന്നത് ആഗോള നിലവാരത്തിലുള്ള മെഡിക്കൽ സാങ്കേതികവിദ്യകൾ ഒമാനിൽ എത്തിക്കാനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് തെളിയിക്കുന്നതെന്ന് ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർമാരായ അബ്ദുൾ ലത്തീഫ് ഉപ്പളയും ഡോ. പി.എ. മുഹമ്മദും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യ സംരക്ഷണ രംഗത്തിനനുസരിച്ച് തങ്ങളും മുന്നേറ്റത്തിലാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഫിറാസത്ത് ഹസ്സൻ, മൊയ്തീൻ ബിലാൽ എന്നിവർ പറഞ്ഞു. സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റും ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറുമായ ഡോ. ബെന്നി പാനക്കൽ, ബ്രാഞ്ച് ഹെഡ് ഡോ. ഐഷത്ത് ഷക്കീല,സി.ഇ.ഒ സമീർ പി.ടി എന്നിവർ സംസാരിച്ചു. ഡോ. ബഷായർ ഖൽഫാൻ അൽ റഷ്ദി അവതാരകയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.