മസ്കത്ത്: ഒമാനിലെ ഏകീകൃത മോട്ടോർ ഇൻഷുറൻസ് നയം (യൂനിഫൈഡ് മോട്ടോർ ഇൻഷുറൻസ് പോളിസി മോഡൽ) പുതുക്കി ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി (എഫ്.സി.എ). ഇൻഷുറൻസ് സംരക്ഷണം വ്യാപിപ്പിക്കുകയും സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഭേദഗതികൾക്ക് അംഗീകാരം നൽകുന്നതാണ് അതോറിറ്റിയുടെ പുതിയ ഉത്തരവ്.
ക്ലെയിം തീർപ്പാക്കുന്നതിന് വ്യക്തമായ സമയപരിധി നിശ്ചയിക്കുകയും നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യുന്നതാണ് പ്രധാന മാറ്റം. പുതുക്കിയ നയപ്രകാരം, പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവ മൂലം വാഹനങ്ങൾക്കുണ്ടാകുന്ന മെറ്റീരിയൽ നാശനഷ്ടങ്ങൾക്കുള്ള കവറേജ് ഇനി സ്വമേധയാ പ്രാബല്യത്തിലാവും. തേർഡ് പാർട്ടി ഇൻഷുറൻസ് ഉൾപ്പെടെ എല്ലാ മോട്ടോർ ഇൻഷുറൻസ് പോളിസികൾക്കും ഇത് ബാധകമാണെന്ന് എഫ്.എസ്.എ വ്യക്തമാക്കി. പുതിയ കവറേജിന്റെ ചെലവും പ്രതീക്ഷിക്കപ്പെടുന്ന അപകടസാധ്യതകളും ഒത്തുനിൽക്കുന്നതാവാൻ ഇൻഷുറൻസ്, റീഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് പ്രവർത്തിച്ചതായും എഫ്.എസ്.എ അറിയിച്ചു.
നിശ്ചിത സമയപരിധിക്കപ്പുറം വാഹന അറ്റകുറ്റപ്പണികൾ വൈകുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള പുതിയ വ്യവസ്ഥയും ഭേദഗതിയിൽ ഉൾപ്പെടുത്തി. അപകടത്തിലുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് കമ്പനി അറ്റകുറ്റപ്പണി നടത്തുന്നതിനുപകരം, നഷ്ടത്തിന്റെ മൂല്യത്തിന് തുല്യമായ പണം നേരിട്ട് സ്വീകരിക്കാൻ പോളിസി ഉടമകൾക്ക് അവസരവും നൽകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വിശദമായ ചട്ടങ്ങളും പിന്നീട് എഫ്.എസ്.എ പുറത്തിറക്കും. കൂടാതെ, തേയ്മാനം കണക്കാക്കാതെ പുതുതായി മാറ്റിസ്ഥാപിക്കേണ്ട സ്പെയർ പാർട്സുകളുടെ പട്ടിക 37 ഇനങ്ങളായി വിപുലീകരിച്ചു. തീരുമാനം പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം പുതുക്കിയ ചട്ടങ്ങൾ നടപ്പാക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് സമയം അനുവദിച്ചിട്ടുണ്ട്.
ഇൻഷുറൻസ് മേഖലയുടെ നിയമ-നിയന്ത്രണ ചട്ടക്കൂട് തുടർച്ചയായി അവലോകനം ചെയ്യുന്ന അതോറിറ്റിയുടെ നയത്തിന്റെ ഭാഗമാണ് ഈ ഭേദഗതികളെന്ന് എഫ്.എസ്.എ എക്സിക്യൂട്ടിവ് പ്രസിഡന്റ് അബ്ദുല്ല ബിൻ സാലിം അൽ സാൽമി പറഞ്ഞു. നിലവിലെ ചട്ടങ്ങളുടെ കാര്യക്ഷമത വിലയിരുത്തി, പൊതുജനങ്ങളുടെ ഇൻഷുറൻസ് ആവശ്യങ്ങൾക്കനുസരിച്ച് മോട്ടോർ ഇൻഷുറൻസ് വിപണിയെ കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ഒമാൻ നേരിട്ട കാലാവസ്ഥ വ്യതിയാനങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസിൽ പ്രകൃതിദുരന്ത കവറേജ് ഉൾപ്പെടുത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
പുതിയ ഭേദഗതികൾ സാമൂഹികവും സാമ്പത്തികവുമായ നിരവധി ഗുണഫലങ്ങളുണ്ടാക്കുമെന്ന് എഫ്.എസ്.എ വിലയിരുത്തുന്നു. ഇൻഷുറൻസ് പോളിസി ഉടമകൾക്ക് കൂടുതൽ പരിരക്ഷ നൽകുന്നതിനൊപ്പം ഇൻഷുറൻസ് കമ്പനികളുടെ സ്ഥിരതയും നിലനിൽപ്പും ഉറപ്പാക്കുന്ന സന്തുലിത സമീപനമാണ് ഭേദഗതികൾ തയാറാക്കുമ്പോൾ സ്വീകരിച്ചതെന്നും അൽ സാൽമി പറഞ്ഞു. ഇതിലൂടെ പരാതികളും തർക്കങ്ങളും കുറയുമെന്നും, ഇൻഷുറൻസ് മേഖലയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.