ഒമാൻ -ഇന്ത്യ സാമ്പത്തിക സഹകരണം പുതിയ ദിശയിൽ

മസ്കത്ത്: ഒമാനും ഇന്ത്യയും തമ്മിലെ സാമ്പത്തിക സഹകരണം വളർച്ച കൈവരിക്കുന്നതായി വിലയിരുത്തൽ. ഇരു രാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സാമ്പത്തിക, സാംസ്കാരിക, വാണിജ്യ ബന്ധങ്ങൾ കൂടുതൽ സജീവമാകുന്നതന്റെ സൂചനയായാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം വിലയിരുത്തപ്പെടുന്നത്.

കയറ്റുമതിയുടെ മൊത്തം മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഒമാന്റെ ആറാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. കഴിഞ്ഞ സെപ്തംബർ അവസാനം വരെ, ഒമാൻ -ഇന്ത്യ വ്യാപാര വിനിമയം ഏകദേശം 1,000.6 മില്യൻ ഒമാനി റിയാലാണ്. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ത്യയിലേക്കുള്ള ഒമാന്റെ കയറ്റുമതി 528.7 മില്യൺ ഒമാനി റിയാലായി ഉയർന്നിട്ടുണ്ട്. ഇന്ത്യയിൽനിന്ന് ഒമാൻ ഇറക്കുമതി ചെയ്തത് 1,076.9 മില്യൺ ഒമാനി റിയാലിന്റെ ചരക്കുകളാണ്.

ഈ വർഷം രണ്ടാം പാദം വരെ ഒമാനിലെ നേരിട്ടുള്ള ഇന്ത്യൻ നിക്ഷേപം 268.4 മില്യൺ ഒമാനി റിയാൽ ആയി. 2024 അവസാനത്തോടെ ഇന്ത്യയിലെ നേരിട്ടുള്ള ഒമാൻ നിക്ഷേപം 5.5 മില്യൺ ഒമാനി റിയാൽ ആയിരുന്നു. 2024 വരെ ഒമാനിൽ ഇന്ത്യൻ നിക്ഷേപമുള്ള സ്ഥാപനങ്ങളുടെ എണ്ണം 61 ആണ്. 2025 നവംബർ വരെ ഇന്ത്യയിൽനിന്ന് ഒമാൻ സന്ദർശിച്ചവരുടെ എണ്ണം 6,09,789 ആയും ഉയർന്നിട്ടുണ്ട്.

ഒമാൻ -ഇന്ത്യ ബന്ധം ചരിത്രപരമായ ആഴവും തന്ത്രപരമായ ദർശനവും ചേർന്നതാണെന്ന് ഇന്ത്യയിലെ ഒമാൻ അംബാസഡർ ഈസ സാലിഹ് അൽ ഷൈബാനി പറഞ്ഞു. 2023 ഡിസംബറിൽ സുൽത്താൻ ഇന്ത്യ സന്ദർശിച്ചതും ‘ഷെയർഡ് വിഷൻ’ രേഖ പുറത്തിറക്കിയതും പ്രതിരോധ-സുരക്ഷ സഹകരണം ശക്തിപ്പെടുത്തിയതും ഇതിന്റെ ഭാഗമാണ്. ഇന്ത്യയുടെ സായുധസേനയുടെ വിവിധ വിഭാഗങ്ങളുമായി സംയുക്ത അഭ്യാസങ്ങൾ നടത്തിയ ആദ്യ ഗൾഫ് രാജ്യം ഒമാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക രംഗത്ത്, 6,000 ത്തിലധികം സംയുക്ത പദ്ധതികൾ ഒമാൻ വിപണിയിൽ നിലവിലുണ്ട്. നിക്ഷേപം 7.5 ബില്യൺ ഡോളറിന് മുകളിലാണ്. ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിൽ ഒമാൻ അതിഥി രാജ്യമായത്, പ്രാദേശികവും ആഗോളവുമായ തലങ്ങളിൽ ഒമാൻ വഹിക്കുന്ന സന്തുലിതവും അനുകൂലവുമായ പങ്കിന് ലഭിച്ച അംഗീകാരമാണെന്ന് അൽ ഷൈബാനി പറഞ്ഞു. ഒമാൻ വിഷൻ 2040 നൊത്ത് നിക്ഷേപം വർധിപ്പിക്കാനും സാമ്പത്തിക വൈവിധ്യ ശ്രമങ്ങൾക്കും കരാർ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഊർജ മേഖലയിലായി ഗ്രീൻ ഹൈഡ്രജൻ, അമോണിയ പദ്ധതികളിൽ സഹകരണം വർധിക്കുകയാണെന്നും, ഒമാന്റെ വിഭവങ്ങളും ഇന്ത്യയുടെ സാങ്കേതിക പരിജ്ഞാനവും പ്രയോജനപ്പെടുത്തുന്ന സംയുക്ത നിക്ഷേപങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. സോഹാർ, ദുകം, സലാല തുറമുഖങ്ങൾ വഴിയുള്ള സമുദ്രബന്ധം ശക്തിപ്പെടുത്തി, പ്രദേശിക വ്യാപാരകേന്ദ്രമായി ഒമാനെ ഉയർത്തുകയാണ് ലക്ഷ്യം.

Tags:    
News Summary - Oman-India economic cooperation in a new direction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.