മസ്കത്ത്: ബ്ലാക്ക് ടീ അല്ലെങ്കിൽ ഗ്രീൻ ടീ തണുപ്പിച്ചു വിളമ്പുന്ന ജനപ്രിയ പാനീയമായ ഐസ്ഡ് ടീ ആരോഗ്യത്തിന് നല്ലതാണെങ്കിലും, അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവിൽ ജാഗ്രത വേണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിപണിയിൽ ലഭ്യമാകുന്ന റെഡിമെയ്ഡ് ഐസ്ഡ് ടീ ഉൽപന്നങ്ങളെക്കുറിച്ചാണ് മന്ത്രാലയം പ്രധാനമായും മുന്നറിയിപ്പ് നൽകുന്നത്.
കടകളിൽ ടിന്നുകളിലും കുപ്പികളിലുമായി ലഭിക്കുന്ന കൊമേഴ്സ്യൽ ഐസ്ഡ് ടീകളിൽ ഉയർന്ന അളവിൽ പഞ്ചസാരയും കലോറിയും അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇതിലടങ്ങിയിരിക്കുന്ന കഫീന്റെ അമിത ഉപയോഗം ഉറക്കമില്ലായ്മക്കും ആകുലതകൾക്കും കാരണമായേക്കാം. വിപണിയിലെ പല റെഡിമെയ്ഡ് ഐസ്ഡ് ടീകളും പ്രകൃതിദത്ത ചായയേക്കാൾ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾക്ക് സമാനമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, ഐസ്ഡ് ടീക്ക് ആരോഗ്യ ഗുണങ്ങളുമുണ്ട്. ചായയിലടങ്ങിയിരിക്കുന്ന ‘പോളിഫെനോൾസ്’ പോലുള്ള പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ ഇതിലുണ്ട്. പഞ്ചസാര വലിയ അളവിൽ ചേർക്കാതെ ഉപയോഗിച്ചാൽ ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ഇതിലെ സ്വാഭാവിക കഫീൻ ഉണർവും ഏകാഗ്രതയും കൂട്ടാൻ സഹായിക്കും. മധുരം ചേർക്കാത്ത ഐസ്ഡ് ടീ ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
ഐസ്ഡ് ടീ വിപണി വളരുന്നു
വൈവിധ്യമാർന്ന ഫ്ലേവറുകൾ, മധുരം കുറഞ്ഞതും മധുരമില്ലാത്തതുമായ ഹെൽത്തി ഐസ്ഡ് ടീ, ഹെർബൽ ടീ, ഗ്രീൻ ടീ എന്നിവക്ക് വിപണിയിൽ പ്രിയമേറുകയാണ്.
ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസ് കമ്പനിയായ ഫാക്ട് എംആർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കുപ്പികളിലാക്കിയ ഐസ്ഡ് ടീയുടെ ഡിമാൻഡ് കാരണം ഈ മേഖല 5.4 ശതമാനം വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. 2030-ഓടെ ആഗോള ഐസ്ഡ് ടീ വിപണി ഏഴു ശതമാനത്തിലധികം വാർഷിക വളർച്ചാനിരക്ക് കൈവരിക്കുമെന്നും വിപണി മൂല്യം ഇരട്ടിയാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈസ്റ്റ് ഏഷ്യയാണ് 2019-ലെ 33.3 ബില്യൺ ഡോളർ മൂല്യവുമായി വിപണിയിൽ മുന്നിൽ. മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്കൻ മേഖലയിൽ 8.8 ശതമാനം വാർഷിക വളർച്ചയാണ് പ്രവചിക്കുന്നത്.
ആരോഗ്യകരമായി ഐസ്ഡ് ടീ എങ്ങനെ തയാറാക്കാം?
മധുരം ചേർത്ത റെഡിമെയ്ഡ് മിശ്രിതങ്ങൾക്ക് പകരം പ്രകൃതിദത്ത ചായയിലകൾ ഉപയോഗിക്കാം. പഞ്ചസാര പൂർണമായും ഒഴിവാക്കുകയോ അല്ലെങ്കിൽ വളരെ കുറഞ്ഞ അളവിൽ തേനോ പ്രകൃതിദത്ത പഴച്ചാറുകളോ ഉപയോഗിക്കുകയോ ചെയ്യാം. രുചി കൂട്ടാനായി നാരങ്ങ, പുതിനയില, ബെറികൾ എന്നിവ ചേർക്കാവുന്നതാണ്.
ചായ അരിച്ചെടുത്ത് റൂം ടെംപറേച്ചറിൽ തണുക്കാൻ അനുവദിക്കുക. ശേഷം കൂടുതൽ തണുപ്പിനായി ഫ്രിഡ്ജിൽ വെക്കാം. തണുത്ത ചായയിലേക്ക് നാരങ്ങാനീര്, ചെറുതായി ചതച്ച പുതിനയില എന്നിവ ചേർത്ത് നന്നായി ഇളക്കുക. മധുരം ആവശ്യമെങ്കിൽ അൽപം തേൻ ഉപയോഗിക്കാം. ഒരു ഗ്ലാസിലേക്ക് കുറച്ച് ഐസ് ക്യൂബുകളും നാരങ്ങ സ്ലൈസുകളും ഇട്ട ശേഷം തയാറാക്കിവെച്ച ചായ ഒഴിച്ച് തണുപ്പോടെ കുടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.