സലാലയിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം; സഹോദരങ്ങൾ മരിച്ചു

മസ്കത്ത്: ഒമാനിലെ ദോഫാറിലെ സലാലയിലുണ്ടായ ദാരുണമായ പാരാഗ്ലൈഡിങ് അപകടത്തിൽ പൈലറ്റും സഹോദരിയും മരണപ്പെട്ടു. ഒമാൻ എയർ സ്പോർട്സ് കമ്മിറ്റി (ഒ.എ.എസ്.സി) അംഗമായ ക്യാപ്റ്റൻ അഹമ്മദ് ബിൻ ഹംദാൻ അൽ കൽബാനി, അദ്ദേഹത്തിന്റെ സഹോദരി എന്നിവരാണ് സലാലയിലുണ്ടായ അപകടത്തിൽ മരിച്ചത്. ഖരീഫ് സീസണിലെ വിനോദസഞ്ചാരത്തിന്റെ ഭാഗമായി സലാലയിലെത്തിയ ഇവർ പറക്കുന്നതിനിടെ പാരാഗ്ലൈഡറിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവർക്കും രക്ഷാസേന സ്ഥലത്തെത്തി അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. ക്യാപ്റ്റൻ അഹമ്മദ് അൽ കൽബാനിയുടെയും സഹോദരിയുടെയും അകാല വിയോഗത്തിൽ ഒമാൻ എയർ സ്പോർട്സ് കമ്മിറ്റി ഔദ്യോഗികമായി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പാരാഗ്ലൈഡിങ് ഉപകരണത്തിന്റെ പെട്ടെന്നുണ്ടായ സാങ്കേതിക തകരാറാണോ അതോ പ്രതികൂല കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് കണ്ടെത്താൻ അധികൃതർ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടത്തെ തുടർന്ന്, ഒമാനിൽ എല്ലാത്തരം ഗ്ലൈഡിങ്, പാരാഗ്ലൈഡിങ് വിനോദങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നതായി ഒമാൻ എയർ സ്പോർട്സ് കമ്മിറ്റി അറിയിച്ചു. ബന്ധപ്പെട്ട മറ്റ് സർക്കാർ സുരക്ഷാ അധികാരികളുമായി ഏകോപിപ്പിച്ചാണ് കമ്മിറ്റി ഈ തീരുമാനം. സുൽത്താനേറ്റിലുടനീളമുള്ള അംഗീകൃതവും അനുമതിയുള്ളതുമായ എല്ലാ ലൊക്കേഷനുകളിലും, എല്ലാത്തരം ഗ്ലൈഡിങ് വിനോദങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണമായി നിർത്തിവെക്കണമെന്ന് ഒ.എ.എസ്.സി അറിയിച്ചു.

പാരാഗ്ലൈഡിങ്ങിൽ സുരക്ഷ പ്രധാനം

സാഹസിക കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട ഒമാനി അധികാരികളിൽ നിന്നുള്ള കൃത്യമായ പെർമിറ്റുകളും ക്ലിയറൻസും നേടിയിരിക്കണം. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കുകയും ശക്തമായ കാറ്റ്, മൂടൽമഞ്ഞ്, ന്യൂനമർദ്ദം എന്നിവയുള്ളപ്പോൾ പാരാഗ്ലൈഡിങ്, ട്രെക്കിംഗ് എന്നിവ പൂർണമായും ഒഴിവാക്കുകയും വേണം. ഉപയോഗിക്കുന്ന പാരാഗ്ലൈഡറുകൾ, കയറുകൾ, ഹെൽമെറ്റുകൾ, മറ്റ് സുരക്ഷാ കവചങ്ങൾ എന്നിവ അന്താരാഷ്ട്ര നിലവാരമുള്ളതാണെന്നും അവക്ക് യാതൊരുവിധ സാങ്കേതിക തകരാറുകളുമില്ലെന്നും ഓരോ തവണയും ഉറപ്പുവരുത്തണം. പ്രഫഷനൽ ഇൻസ്ട്രക്ടർമാരുടെയോ ഗൈഡുകളുടെയോ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രമേ ഇത്തരം വിനോദങ്ങളിൽ ഏർപ്പെടാവൂ. എന്തെങ്കിലും അപകടങ്ങളോ സാങ്കേതിക തകരാറുകളോ ഉണ്ടായാൽ റോയൽ ഒമാൻ പൊലീസിന്റെ അടിയന്തിര രക്ഷാസേനയെ ബന്ധപ്പെടാൻ 9999 എന്ന നമ്പറിലേക്ക് വിളിച്ച് കൃത്യമായ ലൊക്കേഷൻ കൈമാറണം.

Tags:    
News Summary - Salalah Paragliding Accident Kills Siblings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.