മസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ പൊതുറോഡുകളിലോ ജനവാസ മേഖലകളിലോ അനധികൃതമായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി അധികൃതർ. ഇത്തരം അനധികൃത നിർമ്മാണങ്ങൾ റോഡ് സുരക്ഷയെ ബാധിക്കുമെന്നും വാഹനയാത്രക്കാരുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണിയാകുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചും ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ചും മാത്രമേ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാൻ പാടുള്ളൂ.
ട്രാഫിക് സൈൻ ബോർഡുകളും സ്പീഡ് ബ്രേക്കറുകൾക്ക് മുന്നിൽ സ്ഥാപിക്കണം. രാത്രികാലങ്ങളിലും കാഴ്ച്ച മങ്ങുന്ന മറ്റ് സാഹചര്യങ്ങളിലും ഡ്രൈവർമാർക്ക് വ്യക്തമായി കാണാൻ സാധിക്കുന്നതിനായി അംഗീകൃത നിറങ്ങളിലുള്ള റിഫ്ലെക്റ്റീവ് പെയിന്റുകൾ സ്പീഡ് ബ്രേക്കറുകളിൽ അടിച്ചിരിക്കണം.
അതത് മേഖലകളിലെ വാഹനത്തിരക്കും ആവശ്യകതയും കൃത്യമായി വിലയിരുത്തിയ ശേഷമേ ഏത് ലൊക്കേഷനിലാണ് സ്പീഡ് ബ്രേക്കർ വേണ്ടതെന്ന് മുനിസിപ്പാലിറ്റി അധികൃതർ തീരുമാനിക്കുകയുള്ളൂ. ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഡ്രൈവർമാർക്ക് മറ്റ് ബുദ്ധിമുട്ടുകളുണ്ടാക്കാത്ത രീതിയിലാണെന്ന് ഉറപ്പാക്കാൻ ഔദ്യോഗിക നടപടിക്രമങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ഓർമ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.