മസ്കത്ത്: രാജ്യത്ത് ഭൂചലനവും ഭൗമാന്തർചലനങ്ങളും നിരീക്ഷിക്കാൻ സുൽത്താൻ ഖാബൂസ് സർവകലാശാല 68 കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കാൻ ഒരുങ്ങുന്നു. നിലവിൽ രാജ്യത്ത് 20 സ്ഥിരം ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങളാണ് ഉള്ളതെന്ന് എസ്.ക്യു.യു ഭൂകമ്പ നിരീക്ഷണ കേന്ദ്രം മേധാവി ഡോ. ഇസ്സ അൽ ഹുസൈൻ പറഞ്ഞു. ഭൂകമ്പം നിരീക്ഷിക്കാൻ ഒമാെൻറ വിവിധയിടങ്ങളിൽ ആറു സ്ഥിര കേന്ദ്രങ്ങളും 62 മോഷൻ സീസ്മിക് സ്റ്റേഷനുകളും സ്ഥാപിക്കാനാണ് പദ്ധതി.
മുസന്ദം വിലായത്തിലെ ദിബ്ബ, വടക്കൻ ബാത്തിനയിലെ ലിവ, ബുറൈമിയിലെ അൽ സിനൈന, തെക്കൻ ശർഖിയയിലെ ഖുവൈമ, മസീറ, അൽ വുസ്ത ഗവർണറേറ്റിലെ റിമ എന്നിവിടങ്ങളിലാണ് ആറു സ്ഥിരകേന്ദ്രങ്ങൾ സ്ഥാപിക്കുക. 62ൽ 20 എണ്ണം മസ്കത്തിലായിരിക്കും. ചെറുതും വലുതുമായ ഭൂകമ്പങ്ങളും അവയുടെ കേന്ദ്രവും ശക്തിയും അളക്കാനാണ് വിദൂര കേന്ദ്രങ്ങളിൽ സ്ഥിരമായ ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതെന്ന് ഡോ. ഇസ്സ അൽ ഹുസൈൻ പറഞ്ഞു.
വലിയ ഭൂകമ്പങ്ങളും കെട്ടിടങ്ങളിലെ പ്രകമ്പനങ്ങളും നിരീക്ഷിക്കാൻ നഗര കേന്ദ്രങ്ങളിലാണ് മോഷൻ സീസ്മിക് ശൃംഖലകൾ സ്ഥാപിക്കുക. ഭൂകമ്പ നിരീക്ഷണ സംവിധാനത്തിെൻറ കാര്യക്ഷമത വർധിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഒമാനിൽ ഒരു വർഷം ശരാശരി രണ്ടായിരം ചെറിയ ഭൂകമ്പങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.