ദേശീയ ഐക്യത്തിന്റെ പ്രതീകമായ മസ്കത്ത് അൽ ഖുവൈറിലെ കൊടിമരം
മസ്കത്ത്: ഒമാൻ ദേശീയദിനാഘോഷ ചടങ്ങുകൾ വ്യാഴാഴ്ച നടക്കും. ഈ വർഷം മുതൽ നവംബർ 20 ആണ് ദേശീയദിനമായി ആചരിക്കുന്നത്. നവംബർ 18 ആയിരുന്നു മുൻവർഷങ്ങളിൽ ദേശീയദിനമായി ആചരിച്ചിരുന്നത്. ബുശെസദി രാജവംശം ഒമാനിൽ ഭരണമേറ്റ തീയതിയെ സൂചിപ്പിക്കുന്നതിനാലാണ് നവംബർ 20 ദേശീയദിനമായി ആചരിക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് തീരുമാനിച്ചത്. ദേശീയദിനാഘോഷ ചടങ്ങുകൾക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകും. മസ്കത്തിലെ അൽ ഫത്ഹ് സ്ക്വയറിൽ വ്യാഴാഴ്ച നടക്കുന്ന സൈനിക പരേഡിന് സുൽത്താൻ അധ്യക്ഷത വഹിക്കും. സൈനിക പരേഡിനുപിന്നാലെ ഒമാനിൽ ദേശീയദിനാഘോഷങ്ങൾക്ക് തുടക്കമാവും.
വെള്ളിയാഴ്ച വൈകീട്ട് ഖുറം ബീച്ചിൽ നടക്കുന്ന റോയൽ നേവി ഓഫ് ഒമാൻ ഫ്ലീറ്റിന്റെ നാവികസേന റിവ്യൂവിനും സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകും. രാജ്യത്ത് വിപുലമായി നടത്തപ്പെടുന്ന ദേശീയദിന പരിപാടികളുടെ ഭാഗമായാണ് രണ്ട് ചടങ്ങുകളും സംഘടിപ്പിക്കുന്നത്. സായുധസേനയുടെ കഴിവും അച്ചടക്കവും ഐക്യവും പ്രദർശിപ്പിക്കുന്ന ഔദ്യോഗിക ചടങ്ങുകൾ ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ പ്രധാന സവിശേഷതകളാണ്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ ഒമാൻ കൈവരിച്ച പുരോഗതിയെ ആദരിക്കുന്നതിനായുള്ള ഔദ്യോഗിക ചടങ്ങുകളും പരിപാടിയുടെ ഭാഗമായി നടക്കും. ഉന്നത സൈനിക ഉദ്യോഗസ്ഥരും രാജകുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൈനിക സ്ഥാപനങ്ങളോടുള്ള അഭിമാനം, ദേശീയ ഐക്യം, പാരമ്പര്യം എന്നിവ തുറന്നുകാട്ടുന്നതായിരിക്കും ഓരോ ചടങ്ങുകളും.
ഖുറം തീരക്കടലിൽ നടക്കുന്ന പ്രദർശനത്തിൽ റോയൽ നേവി ഓഫ് ഒമാന്റെയും ജി.സി.സി കപ്പലുകളുടെയും പ്രദർശനമുണ്ടാകും. ഒമാന്റെ നാവിക കരുത്തും മേഖലയിലെ സൗഹൃദരാജ്യങ്ങളുമായുള്ള സഹകരണവും തെളിയിച്ച് 41 കപ്പലുകൾ പ്രദർശനത്തിന്റെ ഭാഗമാവും. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള കപ്പലുകൾ ഒമാൻ തീരത്തണഞ്ഞുകഴിഞ്ഞു. റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഒമാൻ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവയുടെ കപ്പലുകൾക്കും യൂനിറ്റുകൾക്കും പുറമെ, സുൽത്താന്റെ യാട്ടും പ്രദർശനത്തിലെത്തും. ജി.സി.സി അംഗരാജ്യങ്ങളുടെ യുദ്ധക്കപ്പലുകളും അണിനിരക്കുന്നതോടെ ഒമാൻ തീരത്ത് അപൂർവകാഴ്ചയൊരുങ്ങും. അറേബ്യൻ ഗൾഫ് തീരത്തെ കാവൽകപ്പലുകളുടെ ഒരു നിരതന്നെയാവും ഖുറം തീരക്കടലിൽ അണിനിരക്കുക. വൈകീട്ട് നാലു മുതൽ 10 വരെ പൊതുജനങ്ങൾക്ക് പ്രദർശനം കാണാം. ബീച്ചിൽ വലിയ സ്ക്രീനുകളിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യും. ഇതോടനുബന്ധിച്ച് ലേസർ ഷോകൾ, വെടിക്കെട്ട്, സ്കൗട്ട്, തുടങ്ങിയ വിവിധ പരിപാടികളും ഖുറം ബീച്ചിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്നുണ്ട്.
നാവികസേനയുടെ കപ്പലുകൾ ഖുറം കടലിൽ സഞ്ചരിക്കുന്നു
ഖുറമിൽ ഗതാഗത നിയന്ത്രണം
മസ്കത്ത്: ദേശീയ ദിനാഘോഷപരിപാടികളുടെ തയാറെടുപ്പുകൾക്കും സുഗമമായ നടത്തിപ്പിനുമായി റോയൽ ഒമാൻ പൊലീസ് പ്രദേശത്ത് ചൊവ്വാഴ്ച മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് റൗണ്ട് എബൗട്ടിൽനിന്ന് ഖുറം ബീച്ച് റൗണ്ട് എബൗട്ടിലേക്കുള്ള റോഡ് പൂർണമായും അടച്ചിടുമെന്നാണ് റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പ്. നവംബർ 22ന് വൈകീട്ട് മൂന്നുവരെ ഗതാഗത നിയന്ത്രണം തുടരും. ഔദ്യോഗിക ചടങ്ങുകളുടെ സുഗമമായ നിർവഹണത്തിന് ഈ നടപടികൾ ആവശ്യമാണെന്ന് ആർ.ഒ.പി അറിയിച്ചു. നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൊലീസുമായി സഹകരിക്കണമെന്നും അധികൃതർ വിശദമാക്കി.
കരിമരുന്ന് പ്രദർശനം മൂന്നിടങ്ങളിൽ
മസ്കത്ത്: ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രദർശനത്തിന്റെ സ്ഥലവും തീയതിയും ദേശീയ ആഘോഷത്തിനായുള്ള ജനറൽ സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചു. ദേശീയ ദിനമായ വ്യാഴാഴ്ച മസ്കത്തിലും ദോഫാറിലും ആകാശത്ത് വർണരാജികൾ വിരിയിക്കുന്ന കരിമരുന്ന്പ്രയോഗം നടക്കും.
മസ്കത്തിൽ സീബിലെ ഖൂദ് ഡാമിന് സമീപവും ദോഫാറിൽ സലാലയിലെ അതീൻ പ്രദേശത്തുമാണ് കരിമരുന്ന് പ്രയോഗം നടക്കുക. നവംബർ 23ന് മുസന്ദമിലെ കസബിൽ സ്പെഷൽ ടാസ്ക് യൂനിറ്റിന് സമീപവും വർണവിസ്മയക്കാഴ്ചയൊരുക്കും. മൂന്നിടങ്ങളിലും രാത്രി എട്ടിനാണ് പ്രദർശനം. പ്രയാസങ്ങൾ ഒഴിവാക്കാൻ കാഴ്ച കാണാനെത്തുന്നവർ നേരത്തേ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.
ദേശീയദിനാഘോഷത്തോടനുബന്ധിച്ച കരിമരുന്ന് പ്രയോഗത്തിന്റെ ദൃശ്യം (ഫയൽ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.