മസ്കത്ത്: വരുമാനം വർധിപ്പിക്കുന്നതിനും പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഒമാന്റെ ആഗോള വ്യോമയാന സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള നീക്കം സജീവമാക്കി ഒമാൻ എയർപോർട്സ്. നിരവധി വിമാനക്കമ്പനികളുമായി ചർച്ചകൾ നടത്തിവരുകയാണെന്ന് ഒമാൻ എയർപോർട്സ് സി.ഇ.ഒ എൻജിനീയർ അഹമ്മദ് ബിൻ സഈദ് അൽ അമ്രി വെളിപ്പെടുത്തി. ബുഡാപെസ്റ്റിൽനിന്നും മറ്റ് യൂറോപ്യൻ നഗരങ്ങളിൽനിന്നും ഒമാനിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കുന്നതിനായി ഒമാൻ എയർപോർട്സ് യൂറോപ്യൻ ബജറ്റ് എയർലൈൻ വിസ് എയറുമായി ചർച്ചകൾ നടത്തി.
ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് വഴിയോ മറ്റ് യൂറോപ്യൻ നഗരങ്ങൾ വഴിയോ ഈ റൂട്ടുകൾ ഉടൻ ആരംഭിക്കാനുള്ള നീക്കത്തിലാണെന്നും അമ്രി സൂചിപ്പിച്ചു. അതേസമയം, ഒമാനിലെ ചൈനീസ് എംബസിയുമായി ഏകോപിപ്പിച്ച്, ഷാങ്ഹായിൽനിന്നോ ഗ്വാങ്ഷൂവിൽ നിന്നോ മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾക്കായി ചൈന ഈസ്റ്റേൺ എയർലൈൻസിനെ ആകർഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ റൂട്ടുകൾ സ്ഥാപിക്കുന്നതിന് എയർലൈനിനെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രോത്സാഹന, പ്രമോഷനൽ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അൽ അമ്രി പറഞ്ഞു. തെക്കുകിഴക്കൻ ഏഷ്യയുടെ സാധ്യതകൾ പര്യവേഷണം ചെയ്യുന്നതിന്, ഒമാൻ എയർപോർട്ട്സും ഒമാൻ എയറും ഭാവിയിലെ നേരിട്ടുള്ള വിമാനസർവിസുകൾക്കായി വിയറ്റ്നാമീസ് വിപണിയെക്കുറിച്ച് സംയുക്തമായി പഠിക്കുന്നുണ്ട്.
ഖരീഫ് കാലത്ത് ആഭ്യന്തര വിമാന സർവിസുകൾ വർധിച്ചതും ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള വർധിച്ചുവരുന്ന താൽപര്യവും കാരണം ഈ വർഷം സലാല വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായി. കൂടാതെ, ശൈത്യകാലത്ത് സ്കാൻഡിനേവിയൻ രാജ്യങ്ങളിൽനിന്നും ബെലാറസിൽ നിന്നും നേരിട്ടുള്ള വിമാന സർവിസുകളും ആരംഭിച്ചിരുന്നു. അതേസമയം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ, കോവിഡ്-19ന് മുമ്പുള്ള നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
വിമാനത്താവളവരുമാനം വർധിപ്പിക്കാനായി അന്താരാഷ്ട്ര സഹകരണ കരാറുകളിൽ ഒമാൻ എയർപോർട്സ് ഒപ്പുവെക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒപ്പുവെച്ച സിംഗപ്പൂരിലെ ചാംഗി വിമാനത്താവളവുമായുള്ള തന്ത്രപരമായ കരാർ വ്യോമയാന, വാണിജ്യ വരുമാനം വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ ഒരു മലേഷ്യൻ കമ്പനിയുമായുള്ള ധാരണപത്രം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭൂമി ആസ്തികളിൽ നിക്ഷേപ അവസരങ്ങൾ തുറക്കാൻ ലക്ഷ്യമിടുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.