ആഭ്യന്തര ഉല്‍പാദനത്തില്‍ വിഹിതം ഇരട്ടിയാക്കുമെന്ന് ഒമാന്‍ എയര്‍

മസ്കത്ത്: സാമ്പത്തിക മാന്ദ്യമടക്കം വെല്ലുവിളികളുടെ അന്തരീക്ഷത്തിലും വളര്‍ച്ചയുടെ പാതയില്‍ ശുഭപ്രതീക്ഷയുമായി ഒമാന്‍ എയര്‍. രാജ്യത്തിന്‍െറ ആഭ്യന്തര ഉല്‍പാദനത്തില്‍ തങ്ങളുടെ വിഹിതം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാക്കാമെന്ന പ്രതീക്ഷയിലാണ് വിമാനക്കമ്പനി. കഴിഞ്ഞവര്‍ഷം ആഭ്യന്തര ഉല്‍പാദനത്തില്‍ 415 ദശലക്ഷം റിയാലായിരുന്നു ഒമാന്‍ എയറിന്‍െറ വിഹിതം. 2015നെ അപേക്ഷിച്ച് നോക്കുമ്പോള്‍ ആറു ശതമാനത്തിന്‍െറ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. ഇത് ഈ വര്‍ഷം 900 ദശലക്ഷം റിയാല്‍ ആക്കുന്നതിനുള്ള കര്‍മപദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒമാന്‍ എയര്‍ ജീവനക്കാരുടെ ആഗോള സമ്മേളനത്തിന്‍െറ ഭാഗമായാണ് വാര്‍ത്താകുറിപ്പ് ഇറക്കിയത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതടക്കമുള്ള അസ്ഥിരാവസ്ഥകള്‍ക്ക് ഒപ്പം കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ സഹായം നൂറു ദശലക്ഷം റിയാലില്‍നിന്ന് 20 ദശലക്ഷം റിയാലായി കുറയുകയും ചെയ്തിരുന്നു. എന്നിട്ടും ആഭ്യന്തര ഉല്‍പാദനത്തില്‍ 415 ദശലക്ഷം റിയാലിന്‍െറ വിഹിതം നല്‍കാന്‍ കഴിഞ്ഞു. 
ഈ വര്‍ഷം അത് 900 ദശലക്ഷം റിയാല്‍ ആക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം സ്വദേശികള്‍ക്ക് കൂടുതലായി തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും വിനോദ സഞ്ചാരികളെ കൂടുതലായി എത്തിക്കാനും വിവിധ ലോക നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കാനും ഒമാനിലെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കാനും ഒമാന്‍ എയറിന് കഴിഞ്ഞതായി വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം പുതിയ സര്‍വിസുകള്‍ ആരംഭിക്കുന്നതും ഓണ്‍ബോര്‍ഡ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാകും ഈ വര്‍ഷവും ഊന്നല്‍ നല്‍കുക. ഇതുവഴി കമ്പനിയുടെ വരുമാനം വര്‍ധിപ്പിക്കാനും ദേശീയ സമ്പദ്ഘടനക്ക് താങ്ങാകുന്നതിനും സാധിക്കും. ഇന്ത്യയിലേക്കുള്ള സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. മസ്കത്തില്‍നിന്ന് കെനിയയിലെ നൈറോബിയിലേക്ക് ആഴ്ചയില്‍ നാലു സര്‍വിസ് വീതം മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കും. 
മാഞ്ചസ്റ്ററിലേക്ക് അടുത്ത മേയ് മാസത്തോടെ ഒരു പ്രതിദിന സര്‍വിസ് ആരംഭിക്കും. പാകിസ്താനിലെ പെഷവാറിലേക്ക് ഈ വര്‍ഷം അവസാനത്തോടെ സര്‍വിസ് ആരംഭിക്കാനും പദ്ധതിയുണ്ട്. പുതിയ സര്‍വിസുകള്‍ ആരംഭിക്കുന്നതിന് വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ആറ് ബോയിങ് 737-800 വിമാനങ്ങള്‍ ഒമാന്‍ എയര്‍ നിരയിലത്തെി. ഇതോടെ വിമാനങ്ങളുടെ എണ്ണം 46 ആയി ഉയര്‍ന്നു. ഇതില്‍ ആറെണ്ണം ഡ്രീംലൈനര്‍ വിമാനങ്ങളാണ്. ഈ വര്‍ഷം കൂടുതല്‍ ബോയിങ് 737-800 വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയുണ്ട്. പുതിയ ബോയിങ് 787-9 ഡ്രീം ലൈനര്‍ വിമാനങ്ങള്‍ അവതരിപ്പിക്കുമെന്നും എയര്‍ബസ് ശ്രേണിയിലെ വിമാനങ്ങള്‍ നവീകരിക്കുമെന്നും ഒമാന്‍ എയര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Tags:    
News Summary - oman air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.