മസ്കത്ത്: പ്രവാസികള്‍ക്കായി കേരള സർക്കാർ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിൽ അംഗമാകാനുള്ള സമയപരിധി ഒരു ദിവസത്തേക്ക് നീട്ടി.
വെള്ളിയാഴ്ച രാത്രി 12 മണി വരെ എൻറോള്‍ ചെയ്യാമെന്ന് നോർക്ക അധികൃതർ അറിയിച്ചു. സെപ്റ്റംബർ 22 മുതല്‍ ഒക്ടോബർ 22 വരെയായിരുന്നു നോർക്ക കെയർ രജിസ്ട്രേഷനായി തീയതി നിശ്ചയിച്ചിരുന്നത്. ഇത് ഒക്ടോബർ 30ലേക്ക് ആദ്യം നീട്ടുകയായിരുന്നു.
പിന്നീട് 31ലേക്കും നീട്ടി. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിവരെയുളള കണക്കനുസരിച്ച് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ 76,954 പേര് എന്റോള്‍ ചെയ്തു. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി എന്‍.ആര്.കെ ഐ.ഡി കാര്‍ഡുള്ള പ്രവാസി കേരളീയര്‍ക്ക് 2025 ഒക്ടോബര്‍ 31ന് രാത്രി 12വരെ എന്റോള്‍ ചെയ്യാം. നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.
ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുള്ള രണ്ടു കുട്ടികള്‍) 13,411 പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി, 25 വയസ്സിൽ താഴെ 4,130) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. വ്യക്തിഗത ഇന്‍ഷുറന്‍സിന് (18-70 വയസ്സ്) 8,101 രൂപയുമാണ്. അംഗങ്ങളാകുന്നവർക്ക് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ പരിരക്ഷ ലഭ്യമാക്കും.
നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ് ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.
കേരളത്തിൽ 3000 ത്തോളം അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും നോര്‍ക്ക കെയര്‍ എൻറോൾമെൻറ് സേവനം എന്നിവ ലഭിക്കും. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവരിൽ സഹായം ആവശ്യമുള്ളവർക്കായി തിരുവനന്തപുരത്ത് നോർക്ക ആസ്ഥാനത്ത് സഹായകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.
ഓൺലൈനായി വിഡിയോ കോൺഫെറൻസിങ് സംവിധാനത്തിലൂടെ സഹായം ലഭ്യമാക്കും. വൈകീട്ട് മൂന്ന് മുതൽ 3.45 വരെ ഈ സംവിധാനം പ്രവർത്തിക്കും.
നോർക്ക റൂട്ട്സ് വെബ്സൈറ്റ് (https://id.norkaroots.kerala.gov.in/) വഴി വിഡിയോകാൾ മുഖേനയാണ് പ്രവേശിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.