മസ്കത്ത്: ഖരീഫ് കാലം തുടങ്ങിയതോടെ ദോഫാർ ഗവർണറേറ്റുകളിലേക്ക് വരും ദിവസങ്ങളിലായി സഞ്ചാരികളൊഴുകും. സ്വദേശികളോടൊപ്പം അയൽ രാജ്യങ്ങളിൽനിന്നുള്ളവരുമെ ത്തുന്നതോടെ സലാലയും പരിസര പ്രദേശങ്ങളും തിരക്കിലമരും. സലാലയുടെ നഗര പ്രദേശങ്ങളിലും മറ്റും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
എന്നാൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറുകയും മഴയെത്തുകയും ചെയ്യുന്നതോടെ സഞ്ചാരികളുടെ ഒഴുക്കിനായിരിക്കും സലാല സാക്ഷ്യം വഹിക്കുക. സഞ്ചാരികളിൽ അധികപേരും ദോഫാറിലേക്ക് റോഡ് മാർഗം യാത്ര ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്ന് ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം ദോഫാറിലെത്തിയ സഞ്ചാരികളുടെ 75.1 ശതമാനം അഥവാ 722,795 സന്ദർശകർ റോഡ് മാർഗമായിരുന്നെത്തിയിരുന്നത്.
2019 ൽ 610,491ഉം 2022 ൽ 6,47,301 ആണ് ഇത് യഥാക്രമം. 2023വർഷത്തിലെ ആകെ 6,66,307 ഖരീഫ് വിനോദസഞ്ചാരികളിൽ 1,90,853 പേർ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരാണ്. മുൻവർഷത്തേക്കാൾ 19.8 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. 1,200 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ രാത്രിയിൽ വാഹനമോടിക്കുന്നവർ ചില മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
വിൻഡ്ഷീൽഡിന്റെ അകത്തും പുറത്തും പൊടിപടലങ്ങൾ അടിഞ്ഞുകൂടുന്നത് രാത്രിയിൽ കാഴ്ചയെ തടസ്സപ്പെടുത്തും.അതിനാൽ, ഇവ വൃത്തിയായി സൂക്ഷിക്കണം ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഹെഡ്ലൈറ്റുകളും ടെയിൽലൈറ്റുകളും പരിശോധിച്ച് അവ നല്ല നിലയിലാണെന്ന് ഉറപ്പാക്കുക. സൂര്യാസ്തമയത്തിനു ഒരു മണിക്കൂർമുമ്പ് കാർ ലൈറ്റുകൾ ഓണാക്കാൻ മടിക്കരുത്.
നിങ്ങളുടെ നേരെവരുന്ന കാറുകളുടെ ഹെഡ്ലൈറ്റുകളിലേക്ക് നേരിട്ട് നോക്കാതിരിക്കാൻ ശ്രമിക്കുക. പകരം, റോഡിലെ വെളുത്ത വരയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വലത്തോട്ടും ഇടത്തോട്ടും നോക്കാൻ പരമാവധി ശ്രമിക്കുക. കാറിന്റെ ഹെഡ്ലൈറ്റുകൾ നിങ്ങളുടെ കണ്ണുകളെ ബാധിക്കാതിരിക്കാൻ ഇത് സഹായിക്കും.
മുന്നിൽ പോകുന്ന വാഹനവുമായി നിശ്ചിത അകലം പാലിക്കാൻ ശ്രദ്ധിക്കുക. വേഗതകുറച്ചുള്ള യാത്ര കൂട്ടിയിടികൾ ഒഴിവാക്കാനും എല്ലാ യാത്രക്കാരുടെയും ജീവൻ രക്ഷിക്കുന്നതിനും സഹായകമാകും. രാത്രിയിൽ കാർ പെട്ടെന്ന് നിർത്തുകയാണെങ്കിൽ, റോഡിന്റെ സൈഡിൽ പാർക്കു ചെയ്യുക, ഹസാർഡ് ലൈറ്റുകളടക്കം എല്ലാ ലൈറ്റുകളും ഓണാക്കുക. മേസേജ് അയക്കുക, കാറിൽ ഭക്ഷണം കഴിക്കുക തുടങ്ങി ഡ്രൈവിങ്ങിൽനിന്ന് ശ്രദ്ധ തെറ്റിപ്പിക്കുന്ന എല്ലാ കാര്യങ്ങളിൽനിന്നും വിട്ടു നിൽക്കുക.
പലപ്പോഴും കാൽ നടയാത്രക്കാർ രാത്രികാലങ്ങളിൽ പ്രതിഫലിക്കുന്ന വസ്ത്രങ്ങളായിരിക്കില്ല ധരിക്കാറ്. അതിനാൽ, വളരെ ശ്രദ്ധിച്ചുവേണം വാഹനമോടിക്കാൻ. പ്രത്യേകിച്ച് വെളിച്ചം കുറഞ്ഞ റോഡുകളിൽ. ഇന്റർസെക്ഷനിലെത്തിയാൽ, മുന്നോട്ട് പോകുന്നതിനു മുമ്പ് ഇരുവശവും നോക്കുക.
മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ ദൂരക്കാഴ്ച കുറവായതിനാൽ വാഹനങ്ങൾ ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും എല്ലാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു
യാത്ര ആരംഭിക്കുന്നതിനു മുമ്പ് കാറിലെ കണ്ണാടികൾ ശരിയായ രീതിയിലാണെന് ഉറപ്പാക്കുക. പരമാവധി കാഴ്ച കൈവരിക്കുന്നതിന് ഗ്ലാസിൽനിന്ന് നീരാവി നീക്കം ചെയ്യുന്നതിനായി വെന്റിലേഷൻ ദ്വാരങ്ങളും ഗ്ലാസ് ക്ലീനിങ് വൈപ്പറുകളും ഉപയോഗിക്കുക. ഗ്ലാസിലും വിൻഡോകളിലും നീരാവി ഘനീഭവിക്കുന്നത് വേഗത്തിൽ നീക്കംചെയ്യാൻ, ഉയർന്ന താപനിലയിൽ കാറിന്റെ എയർകണ്ടീഷണർ ഉപയോഗിക്കാവുന്നതാണ്.
ദൃശ്യപരത വളരെ കുറവായ സാഹചര്യത്തിൽ വിൻഡോകൾ തുറന്നിടുക. ഇത് എതിരെ വരുന്ന കാറുകളുടെ ശബ്ദം ഡ്രൈവർക്ക് കേൾക്കാൻ സഹായകമാകും. പ്രത്യേകിച്ച് ട്രാഫിക് കൂടുതലില്ലാത്ത പ്രദേശങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.