അഡ്വ. ആർ മധുസൂദനൻ
അധിക തുക ഫലപ്രദമായി ഉപയോഗിക്കുക
കഴിഞ്ഞ വർഷം ജനുവരിയിൽ ഒരു ഒമാനി റിയാലിന് ഏകദേശം 222 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ അത് 250 ഇൽ എത്തി നിൽക്കുന്നു. അതായതു 12 ശതമാനം വർധനവാണ് ഒരു വർഷത്തിനിടെ ഉണ്ടായിരിക്കുന്നത്. ഒരു 400 റിയാൽ ശരാശരി നാട്ടിലേക്കു അയക്കുന്ന പ്രവാസിക്ക്, പ്രതി മാസം 11,200 രൂപയുടെ വർധനവ്. ചെറിയ ഏറ്റക്കുറച്ചിലുകൾ വരും നാളുകളിൽ ഉണ്ടാകാം. വിനിമയ നിരക്കിലുണ്ടാകുന്ന വർധനവ് ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോ എന്ന് ഒരു സാധാരണ പ്രവാസി ചിന്തിക്കേണ്ടതുണ്ട്. ഇത്തരം ഒരു ലേഖനം കഴിഞ്ഞ വർഷം എഴുതിയിരുന്നു. എന്നാൽ വിനിമയ നിരക്ക് വർധിച്ച സാഹചര്യത്തിൽ വീണ്ടും ഒരിക്കൽ കൂടി വായനക്കാരുടെ അറിവിലേക്കായി ചില നിർദേശങ്ങൾ പങ്കു വെക്കുന്നു.
കട ബാധ്യതകൾ നേരത്തെ തീർക്കുക
കട ബാധ്യതകൾ ഇല്ലാത്ത ഇടത്തരം പ്രവാസികൾ തുലോം കുറവാണ്. ഭവന വായ്പ, വാഹന വായ്പ, കുട്ടികളുടെ വിദ്യാഭ്യാസ വായ്പ എന്നിങ്ങനെ ഒരു നിര തന്നെ ഉണ്ടാകും. ഭവന വായ്പകൾ സാധാരണ ദീർഘകാല വായ്പകൾ ആണെങ്കിലും, വിദേശത്തെ ജോലി സ്ഥിരതയും മറ്റും കണക്കിലെടുത്ത് എത്രയും വേഗം അടച്ചു തീർത്തു നിങ്ങളുടെ പ്രോപ്പർട്ടിയുടെ ആധാരം ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും തിരികെ വാങ്ങുക. ഇത്തരം വായ്പകൾ തിരികെ അടക്കുന്നതിൽ പ്രവാസികൾക്ക് ചില തെറ്റിദ്ധാരണകൾ ഉണ്ട്. മാസാമാസം ബാങ്കുകൾ അടക്കാൻ നിർദേശിച്ചിട്ടുള്ള തുക മാത്രമേ അടക്കാവു എന്നൊരു ധാരണ വിദ്യാ സമ്പന്നരിൽ പോലുമുണ്ടെന്ന് എനിക്ക് നേരിട്ടറിയാം. ബാങ്കുകൾ ദിവസ നിരക്കിലാണ് പലിശ കണക്കാക്കുന്നത്. അതുകൊണ്ടു കൂടുൽ തുക തിരികെ അടച്ചാൽ, അധികമായി അടക്കുന്ന തുക നിങ്ങളുടെ വായ്പയുടെ മുതലിൽ കുറവ് ചെയ്യും. അത് വായ്പയുടെ പലിശയിൽ കുറവ് വരും. അതുകൊണ്ടു നിങ്ങൾ അടക്കുന്ന പ്രതിമാസ ഇൻസ്റ്റാൾമെന്റിൽ നിന്നും കൂടുതൽ തുക മുതലിലേക്കു വരവ് ശവക്കും. ഇങ്ങനെ ചെയ്താൽ ഒരു 20 വർഷം കൊണ്ട് അടച്ചു തീർക്കേണ്ട വായ്പ 10-15 വർഷത്തിനുള്ളിൽ തീർക്കാൻ പറ്റും. പ്രവാസികൾ ഗൗരവപൂർവം കാണേണ്ട ഒരു സംഗതിയാണിത്.
ചെറു സമ്പാദ്യങ്ങൾക്കായി വിനിയോഗിക്കുക
ഇനി കാര്യമായി കട ബാധ്യതകൾ ഇല്ലാത്ത പ്രവാസികൾ ഈ അധികം കിട്ടുന്ന തുക ചെറു സമ്പാദ്യ പദ്ധതികൾക്ക് വേണ്ടി വിനിയോഗിക്കുക. ഈ ലേഖന പരമ്പരയുടെ പേര് തന്നെ ‘സമ്പത്തു കാലത്തു തൈ പത്തു വച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം’ എന്നാണ്. സമ്പാദിക്കുക എന്നത് ലോകത്തിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു സംഗതിയാണ്. ഇത്തരം ചെറിയ നിക്ഷേപങ്ങൾ നിങ്ങളുടെ ജീവിത സായാഹ്നത്തിൽ ഒരു കൈത്താങ്ങ് ആകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. മേല്പറഞ്ഞ ഉദാഹരണത്തിൽ തന്നെ 10,000 രൂപയിൽ അധികം വരുമാനം അധികമായി കിട്ടുന്നുണ്ട്. ഇതിൽ 5000 രൂപ ഒരു ബാങ്കിൽ അഞ്ചു വർഷത്തേക്ക് ഒരു റെക്കറിംഗ് ടെപോസിറ്റ് (ആർ.ഡി) തുടങ്ങുക. ബാക്കിയുള്ള തുകയിൽ നിന്നും 5000 രൂപ നല്ല ഒന്നോ രണ്ടോ മ്യൂച്ചൽ ഫണ്ടിൽ എല്ലാ മാസം തോറും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി) വഴി നിക്ഷേപിക്കുക.
തീർച്ചയായും. ബാങ്ക് ആർ.ഡിക്കു ഒരു നിശ്ചിത ശതമാനം ആദായം ലഭിക്കുമ്പോൾ മ്യൂച്ചൽ ഫണ്ടിലെ നിക്ഷേപത്തിന് രണ്ടക്ക ലാഭം കിട്ടാനുള്ള സാധ്യത ഉണ്ട്. ഒരു അത്യാവശ്യം വരുമ്പോൾ ബാങ്കിലെ ആർ.ഡിയിൽ നിന്നും വായ്പ എടുക്കാൻ കഴിയും. മ്യൂച്ചൽ ഫണ്ട് നിക്ഷേപം ആണെങ്കിലും നിക്ഷേപം തുടരുന്നതോടൊപ്പം, നിലവിലുള്ള നിക്ഷേപത്തിൽ നിന്നും ഒരു ഭാഗം തിരിച്ചെടുക്കാം. 5000 രൂപ എല്ലാ മാസവും ഒരു നല്ല മ്യൂച്ചൽ ഫണ്ടിൽ 10 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ 12 ശതമാനം നിരക്കിൽ 11 ലക്ഷം രൂപ കിട്ടാം. ഇത് 15, 20, 25 30 വർഷത്തേക്ക് ആണെങ്കിൽ യഥാക്രമം 23.80 ലക്ഷം, 45.75 ലക്ഷം 85.10 ലക്ഷം 1. 54 കോടി എന്നിങ്ങനെയുള്ള തുക കിട്ടാം. കമ്പോളത്തിലെ കയറ്റിറക്കങ്ങൾക്കനുസരിച്ചു ആദായത്തിൽ വ്യത്യാസം വരാം. ചെറിയ നിക്ഷേപങ്ങൾ ദീർഘ കാലത്തേക്ക് നടത്തുന്നത് അഭികാമ്യമാണ്. ചുരുക്കത്തിൽ അധികം കിട്ടുന്ന വിനിമയനിരക്കിലെ വ്യത്യാസം ഫലപ്രദമായി വിനിയോഗിക്കണം എന്നാണ് എനിക്ക് ഒരു സാധാരണ പ്രവാസിയോട് അഭ്യർഥിക്കാനുള്ളത്. ഇത് ചെയ്യാതിരിക്കാൻ ധാരാളം ഒഴിവു കഴിവുകൾ പറയാം. അതുകൊണ്ടു ഒരു പ്രയോഗനവും ഇല്ലെന്നുള്ള കാര്യം ഓർക്കുക. പല കാരണങ്ങൾകൊണ്ടും നാട്ടിലെ ചിലവുകളും കൂടുതലാണെന്നുള്ള കാര്യം അറിയാതെയല്ല ഇക്കാര്യം പറയുന്നത്. ‘കൈ നനയാതെ മീൻ പിടിക്കാൻ കഴിയില്ല’ എന്ന പഴഞ്ചെല്ല് ഓർക്കുക. (തുടരും )
(സാമ്പത്തിക വിദഗ്ദനും എസ്.ബി.ഐ മുൻ ഉദ്യാഗസ്ഥനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.