മസ്കത്ത്: രാജ്യത്തെ പ്രാദേശിക വിപണിയിൽ ഉൽപന്നങ്ങളിൽ ഒമാനി ക്വാളിറ്റി മാർക്ക് ഉപയോഗിക്കുന്നതിന് നിർമാതാക്കളും ഇറക്കുമതിക്കാരും റീട്ടെയിൽ, വിതരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ബന്ധപ്പെട്ട സ്ഥാപനങ്ങളും നിർബന്ധമായും ലൈസൻസ് നേടണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.
ലൈസൻസ് നേടുകയോ പുതുക്കുകയോ ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികൾ അംഗീകൃത കൺഫോർമിറ്റി അസെസ്മെന്റ് സ്ഥാപനങ്ങൾ മുഖേന ഹസം പ്ലാറ്റ്ഫോം വഴി അപേക്ഷകൾ സമർപ്പിക്കണം.
2026 മാർച്ച് ഒന്നു മുതൽ നിർദേശം നടപ്പിൽവരും. തുടർന്ന് രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും പരിശോധന ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഒമാനിൽ ഗുണനിലവാര സംസ്കാരം ഉറപ്പിക്കുന്നതിൽ ഒമാനി ക്വാളിറ്റി മാർക്ക് പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിലൂടെ ദേശീയ ഉൽപന്നങ്ങളുടെ വിശ്വാസ്യതയും വർധിച്ചിട്ടുണ്ട്.
ഉൽപന്നങ്ങൾ ദേശീയ മാനദണ്ഡങ്ങളും സാങ്കേതിക ചട്ടങ്ങളും പാലിക്കുന്നുവെന്നും നിർമാണ പ്രക്രിയയുടെ മുഴുവൻ ഘട്ടങ്ങളിലും ഏകീകൃത ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങൾ പ്രയോഗിക്കുന്നുവെന്നുമുള്ള ഔദ്യോഗിക അംഗീകാരമായാണ് ഈ മാർക്ക് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.