മസ്കത്ത്: സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന നാഷന്‍സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഒമാന്‍ തോൽവി. ആതിഥേയരായ ഉസ്ബകിസ്താന്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റെഡ് വാരിയേഴ്സിനെ പരാജയപ്പെടുത്തിയത്. കളിയുടെ ആദ്യ പകുതിയിൽതന്നെ ഒമാൻ രണ്ട് ഗോളിന് പിന്നിലായിരുന്നു. മന്ദഗതിയിൽ തുടങ്ങിയ മത്സരത്തിന്റെ എട്ടാം മിനിറ്റിലായിരുന്നു ഉസ്ബകിസ്താന്‍ ആദ്യ ഗോള്‍ നേടുന്നത്. ഇതോടെ ഉണർന്നുകളിച്ച ഒമാൻ താരങ്ങൾ സമനിലക്കായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വല കുലുക്കാനായില്ല. ഇതിനിടെ കളിയിൽ ആധിപത്യം തിരിച്ചുപിടിച്ച ആതിഥേയർ 24ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. പിന്നീടങ്ങോട്ട് ഉസ്ബകിസ്താന്റെ മുന്നേറ്റമായിരുന്നു മത്സരത്തിൽ കണ്ടത്.
രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാനുള്ള വാശിയുമായിട്ടായിരുന്നു ഒമാൻ ഇറങ്ങിയിരുന്നത്. ഇരു വിങ്ങുകളിലൂടെയും ആക്രമണം നടത്തിയെങ്കിലും ആതിഥേയരുടെ പ്രതിരോധത്തിന് മുന്നിൽ ലക്ഷ്യം കാണാതെ പോകുകയായിരുന്നു. ഗോൾ എന്നുറപ്പിച്ചിരുന്ന പല ഷോട്ടുകളും അസാമാന്യ മെയ്വഴക്കത്തോടെ ഉസ്ബകിസ്താൻ ഗോളി തട്ടിയകറ്റുകയും ചെയ്തു. ഒടുവിൽ 89ാം മിനിറ്റിൽ മൂന്നാം ഗോൾ നേടി ആതിഥേയർ തങ്ങളുടെ വിജയം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. മികച്ച കളി കാഴ്ചവെച്ച ഉസ്ബകിസ്താൻ താരങ്ങളെ അഭിനന്ദിക്കുകയാണെന്നും അടുത്ത മത്സരത്തോടെ ടീം വിജയവഴിയിൽ തിരിച്ച് വരുമെന്നും ഒമാൻ കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ച് മത്സര ശേഷം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബുധനാഴ്ച തജികിസ്താനെതിരെയാണ് ഒമാന്റെ രണ്ടാമത്തെ മത്സരം. 17ന് തുർഗ്മെനിസ്താനെയും നേരിടും. ഉസ്ബകിസ്താനിലും തജികിസ്താനിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. ഗ്രൂപ്പുകളിലെ ആദ്യ ഒന്നാം സ്ഥാനക്കാർ കലാശക്കളിയിലേക്ക് യോഗ്യത നേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.