മസ്കത്ത്: പ്രവാചകൻ മുഹമ്മദ് നബിയുടെ 1500ാമത് ജന്മദിനത്തോടനുബന്ധിച്ച് ഹുബ്ബുർറസൂൽ മസ്കത്ത് സംഘടിപ്പിച്ച മീലാദ് ഫെസ്റ്റായ നൂറേ മുജസ്സം‘25ന് പ്രൗഢ പരിസമാപ്തി കുറിച്ചു. അൽ ഹൈൽ തബാറക് പ്രൈവറ്റ് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഹുബ്ബുർറസൂൽ മദ്റസ വിദ്യാർഥികളുടെ കലാപരിപാടികൾ സദസ്സിന് ഭംഗിയേകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഒമാനിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ആയിരങ്ങളെ സാക്ഷിയാക്കി സർഗ താള ലയ സമന്വയം തീർത്ത് ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദഫ് ടീമുകൾ പങ്കെടുത്ത സീസൺ മൂന്ന് നാഷനൽ ദഫ് മത്സരത്തിൽ ഹുബ്ബുർറസൂൽ മദ്റസ സീനിയർ ടീം വിജയകിരീടം ചൂടി. രണ്ടാം സ്ഥാന ജേതാക്കളായി ഹുബ്ബുർറസൂൽ മദ്റസ ജൂനിയർ ടീമും മൂന്നാം സമ്മാനം നേടി സീബ് തഅലീമുൽ ഖുർആൻ മദ്റസയും സമ്മാനാർഹരായി.251 റിയാൽ, 151 റിയാൽ, 101 റിയാൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് നൽകി. തബാറക് പ്രൈവറ്റ് സ്കൂൾ മാനേജർ ലുത്ഫി അബു ഹാത്തിം ഉദ്ഘാടനം നിർവഹിച്ചു. അസീം മന്നാനി പനവൂർ അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് അസ്ഹരി സ്വാഗതവും ഹുബ്ബുർറസൂൽ ചെയ്ർമാൻ താജുദ്ദീൻ മുസ്ലിയാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.