മസ്കത്ത്: കാൽനൂറ്റാണ്ടിലേറെയായി പ്രവാസിയുടെ ശബ്ദമായി മാറിയ ‘ഗൾഫ് മാധ്യമം’ മസ്കത്തിൽ ആഘോഷത്തിന്റെ രാവിലേക്ക് വീണ്ടുമെത്തുന്നു. പ്രവാസിമലയാളികളുടെ സന്തോഷത്തിലും സന്താപത്തിലും ജീവസ്പന്ദനമായി ചേർന്നുനിന്ന ഗൾഫ് മാധ്യമം അതിരുകളില്ലാത്ത സ്നേഹത്തിന്റെയും ഒരുമയുടെയും ആഘോഷത്തിന്റെ ആറാം പതിപ്പുമായാണ് ‘ഹാർമോണിയസ് കേരള’ അവതരിപ്പിക്കുന്നത്.
മസ്കത്തിലെ ഷാങ്ഗ്രില ബർ അൽ ജിസ്സയിലെ മനോഹര തീരത്തൊരുക്കുന്ന വേദിയിൽ മലയാളചലച്ചിത്രലോകത്തെ പ്രിയതാരങ്ങളും പിന്നണി ഗായകരും മിമിക്രി താരങ്ങളുമടക്കമുള്ളവർ അണിനിരക്കുന്ന സംഗീത-കലാവിരുന്ന് മാനവികതയുടെ മഹോത്സവമായി മാറും. ഒമാനിലെ മലയാളികളുടെ ഏറ്റവും വലിയ മഹോത്സവമായ ‘ഹാർമോണിയസ് കേരള’ പ്രവാസിസമൂഹത്തിന്റെ എന്റടൈനിങ് ഡെസ്റ്റിനേഷനായി ഇതിനകം മാറിക്കഴിഞ്ഞു.
ഇത്തവണ കൂടുതൽ പുതുമയോടെയാണ് ഒമാനിന്റെ മണ്ണിലേക്ക് ആഘോഷവിരുന്നുമായി ‘ഹാർമോണിയസ് കേരള’ എത്തുന്നത്. ഇതിന് മുന്നോടിയായി വരുംദിവസങ്ങളിൽ വിവിധ സാമൂഹിക, സംസ്കാരിക പരിപാടികളും റോഡ് ഷോയും നടക്കും. ആഘോഷത്തിന് ആരവമുയർത്തി മസ്കത്തിലെ പ്രധാനകേന്ദ്രങ്ങളിൽ റോഡ് ഷോ അങ്ങേറും.
മലയാളത്തിന്റെ മുൻനിര അഭിനേതാവായ ഇന്ദ്രജിത്ത്, നടി രജിഷ വിജയൻ, ഗായിക ജ്യോൽസ്ന രാധാകൃഷ്ണൻ, ഗായകൻ അഫ്സൽ, യുവഗായകരായ ശ്രേയ ജയദീപ്, അരവിന്ദ്, ഗോകുൽ, അനുകരണ കലാരംഗത്തെ യുവ വാഗ്ദാനമായ അശ്വന്ത് അനിൽകുമാർ തുടങ്ങിയ പ്രിയതാരങ്ങൾ വേദിയിലെത്തും. അവതാരകനായി മിഥുൻ രമേശുമെത്തുന്നതോടെ ‘ഹാർമോണിയസ് കേരള’ കളറാവും. ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർ മാർക്കറ്റ്, ബദർ അൽ സമ ഹോസ്പിറ്റൽ എന്നിവരാണ് മുഖ്യ പ്രായോജകർ. കൂടാതെ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, സായ് ഡിറ്റർജന്റ് കമ്പനി തുടങ്ങിയവരും പങ്കാളികളാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.