മസ്കത്ത് നൈറ്റ്സിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ പരിപാടികളിൽനിന്ന്
മസ്കത്ത്: ആഘോഷങ്ങൾക്ക് വാതിൽ തുറന്നെത്തിയ ‘മസ്കത്ത് നൈറ്റ്സ്’കുടുംബങ്ങളെ ആകർഷിക്കുന്നു. ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ട്, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ തുടങ്ങിയ വേദികളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിപാടികൾ ആസ്വദിക്കാനായി നിരവധി ആളുകളാണ് എത്തിയത്. ദിവസവും വൈകീട്ട് നാലു മുതൽ രാത്രി 11 വരെയാണ് പരിപാടികൾ.
വാരാന്ത്യങ്ങളിൽ ഖുറം നാച്ചുറൽ പാർക്ക് ഒഴികെയുള്ള സ്ഥലങ്ങളിൽ 12 മണിവരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. സാഹസിക വിനോദങ്ങൾ, ഫുഡ്കോർട്ടുകൾ, സാംസ്കാരിക പരിപാടികൾ, കുട്ടികളെ ആകർഷിക്കുന്ന ഇലക്ട്രിക് ഗെയിം ഷോ, ഡ്രോൺ, ലേസർ ഷോകൾ എന്നിവയെല്ലാം സന്ദർശകരുടെ മനം കവരുന്നതാണ്. ഒമാന്റെ തനത് കലാരൂപങ്ങളെ അടുത്തറിയാൻ പരിപാടികൾ സഹായകമാകുന്നുണ്ടെന്ന് വിദേശികളായ ആളുകൾ പറഞ്ഞു.
ഈ വർഷത്തെ പരിപാടികളിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ‘ഹെറിറ്റേജ് വില്ലേജെ’ന്ന പരമ്പരാഗത ഗ്രാമം. കുന്തിരിക്കം, അതിന്റെ ഉൽപന്നങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയുള്ള ഏറ്റവും വലിയ പ്രദേശമാണിത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള റൈഡുകൾ, വാട്ടർ ബലൂണുകൾ, സ്റ്റിൽറ്റ് വാക്കറുകൾ, കുട്ടികൾക്കായി ആകർഷകമായ മറ്റു പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഇറാൻ, ഇന്ത്യ, ഇത്യോപ്യ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള പരമ്പരാഗത കരകൗശല വസ്തുക്കളുടെയും പുരാവസ്തുക്കളുടെയും പ്രദർശനം പുത്തൻ കാഴ്ചയാണ് സമ്മാനിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ പരിപാടികളിലേക്കായി എത്തുമെന്നാണ് സംഘാടകർ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.