മസ്കത്ത് നൈറ്റ്സിലെ വെടിമരുന്ന് പ്രയോഗത്തിന്റെ ദൃശ്യം (ഇടത്) , മസ്കത്ത് നൈറ്റ്സിൽ പരമ്പരാഗത കലാ പ്രകടനം നടത്തുന്ന ഒമാനി (ഫയൽ)
മസ്കത്ത്: മസ്കത്തിൽ രാവുണരും കാലത്തിന് വിളംബരമായി. പ്രവാസികളും സ്വദേശികളും കാത്തിരിക്കുന്ന മസ്കത്ത് നൈറ്റ്സിന്റെ തീയതി പ്രഖ്യാപിച്ചു. ജനുവരി ഒന്നു മുതൽ ജനുവരി 31 വരെ ഒരു മാസക്കാലം നീളുന്ന ആഘോഷ പരിപാടികൾക്ക് തലസ്ഥാനത്തിന്റെ വിവിധയിടങ്ങൾ വേദിയാവും.
ഖുറം നാച്ചുറൽ പാർക്ക്, ആമിറാത്ത് പബ്ലിക് പാർക്ക്, നസീം പബ്ലിക് പാർക്ക്, സീബ് ബീച്ച്, വാദി അൽ ഖൂദ്, ഖുറിയാത്ത്, ബൗഷർ സാൻഡ്സ്, ഒമാൻ കൺവെൻഷൻ സെന്റർ എന്നിങ്ങനെ എട്ടുവേദികളിലാണ് ഫെസ്റ്റിവൽ അരങ്ങേറുക.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി പരിപാടികളിലും വൈവിധ്യങ്ങളുണ്ട്. 700ലധികം ചെറുകിട, ഇടത്തരം സംരംഭങ്ങൾ അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശനം ഒരുക്കുന്നുണ്ട്. ഖുറം നാച്ചുറൽ പാർക്കിൽ പൈതൃക ഗ്രാമം, നാടക പ്രദർശനങ്ങൾ, പ്രവാസികൾക്കായുള്ള സോൺ, ലൈറ്റ് ഫെസ്റ്റിവൽ തുടങ്ങിയവയുണ്ടാകും. കാർണിവലുകൾ, ഡ്രോൺ പ്രദർശനങ്ങൾ, ഹാക്കത്തൺ, ഫാഷൻ ഇവന്റുകൾ തുടങ്ങിയവയും നടക്കും. നസീം ഗാർഡനിൽ പൈതൃക ഗ്രാമം ഒരുക്കും, സ്റ്റേജ് ഷോകൾ, റൈഡുകൾ, പലഹാര കോർണർ, കവിത- സംഗീത സായാഹ്നങ്ങൾ എന്നിവ നടക്കും. ഉപഭോക്തൃ പ്രദർശനം, അന്താരാഷ്ട്ര സർക്കസ്, ഫുഡ് ഫെസ്റ്റിവൽ, ക്ലാസിക് കാറുകളുകളുടെയും മോട്ടോർസൈക്കിളുകളുടെയും പ്രദർശനം എന്നിവയുമുണ്ടാകും.
ആമിറാത്ത് പാർക്കിൽ പൈതൃക ഗ്രാമം, കുട്ടികൾക്കായുള്ള മേഖല, ഉപഭോക്തൃ പ്രദർശനം, നാടകങ്ങൾ, കാർണിവൽ, ഗെയിമിങ് മത്സരങ്ങൾ, സാംസ്കാരിക സായാഹ്നങ്ങൾ എന്നിവയും ക്ലാസിക് ബൈക്ക് പ്രദർശനം, കുട്ടികളുടെ ‘മാഷാ ആൻഡ് ദി ബെയർ’ ഷോ എന്നിവയും അരങ്ങേറും.
സീബിലെ സൂർ അൽ ഹദീദ് ബീച്ചിൽ ബീച്ച് ഫുട്ബാൾ, വോളിബാൾ, വടംവലി, മാരത്തൺ എന്നിവ പ്രധാന ആകർഷണങ്ങൾ. ചെറുകിട- ഇടത്തരം വ്യവസായ സ്റ്റാളുകൾ, ഫുഡ് സ്റ്റാളുകൾ, ഫുഡ് ട്രക്കുകൾ എന്നിവയും ഉണ്ടായിരിക്കും. നാടക-ജനകീയ കലാപ്രകടനങ്ങൾ, കവിതാസന്ധ്യകൾ, ഫാമിലി ടെന്റുകൾ, ക്ലാസിക് മോട്ടോർസൈക്കിൾ ഷോകൾ എന്നിവയും ഒരുക്കും.
വാദി അൽ ഖൂദിൽ ലൈവ് ഷോകൾ, സംഗീത -നൃത്ത പരിപാടികൾ, അഡ്വഞ്ചർ സോണുകൾ, വിശ്രമ മേഖലകൾ, ഫോട്ടോ ബൂത്തുകൾ, തീം ഇൻഫ്ലേറ്റബ്ൾസ് എന്നിവ ഉണ്ടായിരിക്കും. ചെറുകിട- ഇടത്തരം വ്യവസായങ്ങളുമായി ബന്ധപ്പെട്ട സൂഖ് ഒരുക്കും. സീപ്ലൈൻ, ഷൂട്ടിങ് റേഞ്ച്, ഭക്ഷണപാനീയ സോണുകൾ, ഗ്ലാമ്പിങ് ടെന്റുകൾ, ക്ലൈംബിങ് വാൾ എന്നിവയും ഒരുക്കും.
ഖുറയാത്തിൽ ബോട്ടിങ്, കയാക്കിങ്, ഫുഡ് -പ്രാദേശിക ഉൽപന്ന സ്റ്റാളുകൾ എന്നിവ സന്ദർശകർക്കായി ഒരുക്കും. ലേക്ക് പാർക്കിൽ ഒമാനി വനിതകൾക്കായുള്ള പ്രത്യേക കോർണർ, നാടക വേദി, പരമ്പരാഗത വിഭവങ്ങൾ, കൈത്തറി സ്റ്റാളുകൾ എന്നിവയും ഉണ്ടായിരിക്കും. മത്സ്യബന്ധന തുറമുഖത്ത് നീന്തൽ, പൈതൃക ബോട്ടുമത്സരം, ഫിഷിങ്, ഡൈവിങ് മത്സരങ്ങൾ, പൈതൃക ഗെയ്മുകൾ എന്നിവയും നടക്കും.
ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ടിൽ ഷൂട്ടിങ് മത്സരം, അറീന ഫൈറ്റുകൾ, മോട്ടോർ സ്പോർട്സ് ഇവന്റുകൾ എന്നിവ സംഘടിപ്പിക്കും. ബൗഷർ സാൻഡ്സിൽ മാരത്തൺ, എൻഡ്യൂറൻസ് റേസ് ഉൾപ്പെടുന്ന വിവിധ കായിക പരിപാടികൾ സംഘടിപ്പിക്കും. മസ്കത്തിലെ മാളുകൾ കേന്ദ്രീകരിച്ച് ഫോട്ടോഗ്രഫി -കലാ പ്രദർശനങ്ങളും വിവിധ വിനോദപരിപാടികളും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.