ക്യാമ്പൊരുക്കാം പ്രകൃതിയെ ചൂഷണം ചെയ്യാതെ
മസ്കത്ത്: ശൈത്യകാല സീസൺ തുടങ്ങിയതോടെ മസ്കത്ത് ഗവർണറേറ്റിൽ ക്യാമ്പ് ഒരുക്കുന്നവർക്ക് മാർഗനിർദേശവുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ആരോഗ്യം, പരിസ്ഥിതി, സുരക്ഷ, നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കൽ തുടങ്ങിയവ കണക്കിലെടുത്താണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. രണ്ടു ദിവസത്തിൽ കൂടുതൽ ക്യാമ്പുകൾ അനുവദിക്കില്ല. കാരവന്, ടെന്റ് എന്നിവക്കും ഇത് ബാധകമായിരിക്കുമെന്ന് അധികൃതരുടെ സർക്കുലറിൽ പറയുന്നു. എന്നാൽ, പ്രത്യേക അനുമതിയോടെ 48 മണിക്കൂറിലധികം ക്യാമ്പ് നടത്താവുന്നതാണ്. ഇതിനായി നൂറ് റിയാല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കേണ്ടി വരും. ഇങ്ങനെ നടത്തുന്ന ക്യാമ്പിന് ഏഴ് രാത്രി വരെ അനുമതി ലഭിച്ചേക്കും.
നവംബര്‍ 13 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. മുനിസിപ്പാലിറ്റി നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ ക്യാമ്പ് നടത്താൻ പാടുള്ളൂ. ഓരോ ക്യാമ്പ് സൈറ്റുമായി അഞ്ച് മീറ്ററില്‍ കുറയാത്ത അകലമുണ്ടായിരിക്കണം. ബീച്ചുമായും നിശ്ചിത അകലം വേണം. മത്സ്യബന്ധനക്കാരുടെയും സുരക്ഷ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയ സ്ഥലങ്ങളിലും ക്യാമ്പിങ് അനുവദിക്കില്ല. പാര്‍പ്പിട കേന്ദ്രങ്ങളിൽനിന്ന് കുറഞ്ഞത് 100 മീറ്റര്‍ അകലെയായിരിക്കണം. ആവശ്യമായ ലൈസൻസ് നേടാതെ ക്യാമ്പ് നടത്തിയാൽ 200 റിയാൽ അഡ്മിനിസ്ട്രേറ്റിവ് പിഴ ചുമത്തും.
പൊതുവായ നിർദേശങ്ങൾ
- ക്യാമ്പിങ്ങിനുള്ള നിയന്ത്രണങ്ങളോ ആവശ്യകതകളോ പാലിച്ചിട്ടില്ലെങ്കിൽ 50 റിയാലിന്റെ പിഴയും ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
- ക്യാമ്പിങ് കാലയളവിൽ സ്ഥലം
- വൃത്തിയായി സൂക്ഷിക്കണം
- വൃത്തിഹീനമായതും നിലവാരം കുറഞ്ഞതുമായ മൊബൈൽ ടോയ്ലറ്റുകൾ ഉപയോഗിക്കരുത്
- വിളകൾക്കും കാട്ടുചെടികൾക്കും കേടുപാടുകൾ വരുത്തരുത്
- ക്യാമ്പിങ് സൈറ്റിന്റെ സ്വാഭാവിക പരിസ്ഥിതിക്ക് മാറ്റം വരുത്തുന്ന രീതിയിലുള്ള പരിഷ്കാരങ്ങളിലേർപ്പെടരുത്
- സ്ഥലത്ത് മാലിന്യം തള്ളാനും കത്തിക്കാനും പാടില്ല
- ഹരിത പ്രദേശങ്ങളിലും കടൽത്തീരങ്ങളിലും ബാർബിക്യൂ അനുവദനീയമല്ല
- ഓരോ സൈറ്റിലും മുഴുവന്‍ സമയവും സുരക്ഷ ഉപകരണങ്ങളും മറ്റും നല്‍കേണ്ടത് ക്യാമ്പിങ് ലൈസൻസ് നേടിയ ആളാണ്
- ക്യാമ്പിന് ചുറ്റും വേലികളോ മറയോ മറ്റോ ഉപയോഗിക്കുന്നുണ്ടെങ്കിൽ, കാഴ്ചയെ തടസ്സപ്പെടുത്താത്ത താൽക്കാലിക വസ്തുക്കളാൽ നിർമിച്ചതുകൊണ്ടാവണം അത്
- നിരോധിത ആവശ്യങ്ങൾക്ക് ക്യാമ്പോ കാരവനോ ഉപയോഗിക്കാൻ പാടില്ല
- രാജ്യത്തെ നിയമങ്ങളും ഉത്തരവുകളും പൊതുമര്യാദകളും പാലിക്കണം
- അനുവദിച്ച ലൈസൻസ് നമ്പർ കാരവന്റെയോ ടെന്റിന്റെയോ മറ്റോ മുന്നില്‍ ഫലകത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണം
- ലൈസൻസ് മറ്റൊരാൾക്ക് കൈമാറാൻ പാടില്ല
- കോൺക്രീറ്റോ മറ്റ് നിർമാണ സാമഗ്രികളോ ഒരു ആവശ്യത്തിനും ഉപയോഗിക്കരുത്
- സന്ദര്‍ശകര്‍ക്ക് ശല്യമുണ്ടാക്കുന്ന ജനറേറ്ററുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം
- പാർക്കിങ് സൈറ്റിലേക്കുള്ള പ്രവേശനം, പുറത്തുകടക്കൽ എന്നിവ നിയന്ത്രിക്കണം
- വലിയ ഉപകരണങ്ങൾ ഉപയോഗിച്ച് സൈറ്റ് ടൈൽ ചെയ്യുന്നതും നിരപ്പാക്കുന്നതും നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.