മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം
മസ്കത്ത്: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ അഞ്ചാമത് സ്ഥാനവുമായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം. ഓൺ-ടൈം പ്രകടനം, ഉപഭോക്തൃ അഭിപ്രായം, ഭക്ഷണം, ഷോപ്പുകൾ എന്നിവയിൽ മികച്ച പ്രകടനത്തോടെയാണ് മസ്കത്ത് എയർപോർട്ടിന്റെ മുന്നേറ്റം.
‘എയർഹെൽപ്പ് സ്കോർ’ തയാറാക്കിയ പട്ടികയിലാണ് തിളക്കമാർന്ന നേട്ടം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കിയിരിക്കുന്നത്. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത്, ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ജി.സി.സിയിലെ മൂന്നു വിമാനത്താവളങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. ഓൺ-ടൈം പ്രകടനം, ഉപഭോക്തൃ അഭിപ്രായം, ഭക്ഷണം, ഷോപ്പുകൾ എന്നിവയിൽ മികച്ച പ്രകടനത്തോടെയാണ് മസ്കത്ത് എയർപോർട്ടിന്റെ മുന്നേറ്റം. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ ഏഴാം സ്ഥാനത്തായിരുന്നു മസ്കത്ത് എയർപോർട്ട്. വിമാന യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റ് റദ്ദാക്കപ്പെടുകയോ വൈകുകയോ ഓവർബുക്ക് ചെയ്യുകയോ ചെയ്യുമ്പോൾ വിമാനക്കമ്പനികളിൽനിന്ന് നഷ്ടപരിഹാരം നേടാൻ സഹായം നൽകുന്ന കമ്പനിയാണ് എയർ ഹെൽപ്.
250 വിമാനത്താവളങ്ങളെ പരിഗണിച്ചാണ് പഠനം നടത്തിയത്. യാത്രക്കാരുടെ അനുഭവങ്ങൾ, സമയപാലനം, ഭക്ഷണപാനീയ സൗകര്യങ്ങൾ, ഷോപ്പിങ് സൗകര്യങ്ങൾ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് കമ്പനി പട്ടിക തയാറാക്കിയത്. ഈ വർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് സൗത്ത് ആഫ്രിക്കയിലെ കേപ് ടൗൺ എയർപോർട്ടാണ്. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഹമദ് വിമാനത്താവളം ഒന്നാം സ്ഥാനത്തായിരുന്നു.
മൂന്നും നാലും സ്ഥാനങ്ങളിൽ റിയാദിലെ കിങ് ഖലീദ് എയർപോർട്ടും ബ്രസീലിലെ ബ്രസീലിയ അന്താരാഷ്ട്ര വിമാനത്താവളവുമാണ്. കൃത്യനിഷ്ഠ, ഉപഭോക്തൃ അനുഭവം, ആഡംബര സൗകര്യങ്ങൾ എന്നിവയിൽ ജി.സി.സി വിമാനത്താവളങ്ങൾ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നു എന്നതിന് തെളിവാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ജിസിസിയിലെ വിമാനത്താവളങ്ങൾ ഇടംപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.