സലാല: ദോഫാറിൽ കാലാവസ്ഥ മാറ്റങ്ങളോടനുബന്ധിച്ച് കൊതുക് വ്യാപിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള പരിഹാരങ്ങൾ ചർച്ച ചെയ്യുന്നതിനായി രൂപവത്കരിച്ച സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്നു. ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മോഹ്സൻ അൽ ഗസ്സാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബന്ധപ്പെട്ട വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.
2025ലെ ദോഫാർ ഖരീഫ് സീസണിൽ നടത്തിയ വിപുലമായ ഫീൽഡ് പഠനങ്ങളെ തുടർന്ന് പ്രാദേശിക കൊതുക് ഇനങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകളാണ് യോഗത്തിൽ പ്രധാനമായും വിലയിരുത്തിയത്. നിലവിൽ നടപ്പാക്കിവരുന്ന പദ്ധതികളുടെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിനും കീടനിയന്ത്രണത്തിന്റെ സാങ്കേതിക ചട്ടക്കൂട് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള ശാസ്ത്രീയ ശിപാർശകളും ചർച്ച ചെയ്തു. ഈഡിസ് കൊതുകിനെതിരെ ജൈവ നിയന്ത്രണ മാർഗങ്ങൾ പ്രയോഗിക്കുന്നതിനുള്ള നിർദേശം യോഗത്തിൽ പരിഗണിച്ചു. സമഗ്ര കീടനിയന്ത്രണ സംവിധാനത്തിന്റെ ഭാഗമായുള്ള ഈ പദ്ധതിയുടെ നടപ്പാക്കൽ, പ്രവർത്തന ഘട്ടങ്ങൾ എന്നിവ വിശദമായി വിലയിരുത്തി. കൂടാതെ, കൊതുക് നിയന്ത്രണ മേഖലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും പങ്കാളിത്ത സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി പ്രത്യേക ശിൽപശാല സംഘടിപ്പിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു
പരിസ്ഥിതി ആരോഗ്യപദ്ധതികൾ ശക്തിപ്പെടുത്തുന്നതിനും ആധുനികവും സുസ്ഥിരവുമായ മാർഗങ്ങളിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കാനും ദോഫാർ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.