ഒമാനിലെ ഇന്ത്യൻ അംബാസഡറെ ഡോ. കെ.കെ.എൻ. കുറുപ്പ് സന്ദർശിച്ചു

മസ്കത്ത്: പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സത്‍വകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പ് ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസനെ എംബസിയിൽ സന്ദർശിച്ച് കൂടിക്കാഴ്ച്ച നടത്തി. ഹൃസ്വസന്ദർശനാർത്ഥം മസ്ക്കത്തിലെത്തിയതാണ് ഡോ. കെ.കെ.എൻ. കുറുപ്പ്.

കോഴിക്കോട് ബേപ്പൂരിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഉരുനിർമ്മാണം ശക്തമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ഡോ. കുറുപ്പ് അംബാസഡർക്ക് സമർപ്പിച്ചു. ഗൾഫിലേക്ക് അയക്കാനായി ആശാരിമൂപ്പനായ സത്യൻ്റെ മേൽനോട്ടത്തിൽ മൂന്നു കോടി രൂപ വിലവരുന്ന ഒരു ഉരുവിൻ്റെ നിർമ്മാണം ബേപ്പൂരിലിപ്പോൾ പൂർത്തിയായിവരികയാണ്.

ഒമാനിലും മറ്റുമുള്ള ആവശ്യക്കാരെ കണ്ടെത്തി ബേപ്പൂരിൽ ഉരു നിർമ്മാണരംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇന്ത്യക്ക് കൂടുതൽ വിദേശനാണയസമ്പാദ്യമുണ്ടാക്കാനും സാധിക്കുമെന്ന് കേരള സർക്കാറിൻ്റെ സെൻറർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് മുൻ ഡയറക്ടർ കൂടിയായ ഡോ. കുറുപ്പ് ചൂണ്ടിക്കാട്ടി. ഒമാൻ ചേംബർ ഓഫ് കൊമേഴ്സുമായും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സുമായും ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഇന്ത്യൻ അംബാസഡർ പറഞ്ഞു.

വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു.എം.എഫ്) ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ, എക്സിക്യൂട്ടീവ് അംഗം സുധീർ ചന്ദ്രോത്ത് എന്നിവർ സന്ദർശനസമയത്ത് കൂടെയുണ്ടായിരുന്നു. ഡോ. കെ.കെ.എൻ. കുറുപ്പ് താൻ രചിച്ച ഇംഗ്ലീഷ് കവിതകളുടെ സമാഹാരങ്ങളായ അബുദബി ആൻഡ് അതർ പോയംസ്, ഏഴിമല ആൻഡ് അദർ പോയംസ് എന്നിവ എംബസിക്ക് സമർപ്പിച്ചു.

Tags:    
News Summary - Dr. K.K.N. Kurup visited the Indian Ambassador to Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.