മസ്കത്ത്: ഒമാനിൽ നിന്ന് ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി പോകുന്ന തീർഥാടകർ യാത്ര പുറപ്പെടുന്നതിന് മുമ്പ് നിർബന്ധമായും നിർദേശിക്കപ്പെട്ടിട്ടുള്ള വാക്സിനുകൾ എടുക്കണമെന്ന് റോയൽ ഹോസ്പിറ്റൽ അഭ്യർത്ഥിച്ചു. തീർഥാടന കാലയളവിൽ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത കുറക്കാനും, പ്രതിരോധ ആരോഗ്യ നടപടികൾ ഉറപ്പാക്കാനും വേണ്ടിയാണ് ഈ മുൻകരുതലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച ബോധവൽകരണ നിർദേശങ്ങൾ പ്രകാരം, തീർഥാടകർ യാത്രക്ക് മുമ്പായി മെനിംഗോകോക്കൽ (മെനിഞ്ചൈറ്റിസ് അഥവാ മസ്തിഷ്ക ജ്വരം) വാക്സിൻ, സീസണൽ ഇൻഫ്ലുവൻസ (പനി) വാക്സിൻ എന്നിവ എടുക്കണം. ഹജ്ജ് വേളയിൽ വൻ ജനാവലി ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ഇത്തരം പ്രതിരോധ കുത്തിവെപ്പുകൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത കുറക്കുകയും ചെയ്യും. വാക്സിനുകൾ ശരീരത്തിൽ ഫലപ്രദമായി പ്രവർത്തിക്കാനും മതിയായ പ്രതിരോധ ശേഷി കൈവരിക്കാനും യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 10 ദിവസം മുൻപെങ്കിലും ഇവ എടുത്തിരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഇത്തവണ ഒമാനിൽ നിന്ന് 14,000 തീർഥാടകരാണ് ഹജ്ജ് നിർവഹിക്കുന്നത്. ഹജ്ജ് മിഷന്റെ ഭാഗമായി വഖഫ്, മതകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അഹമ്മദ് ബിൻ സാലിഹ് അൽ റാഷിദിയുടെ നേതൃത്വത്തിലുള്ള സംഘം സൗദിയിലെത്തിയിട്ടുണ്ട്. ഒമാനിൽ നിന്നുള്ള തീർഥാടകർക്ക് ഹജ്ജ് കർമ്മങ്ങൾ സുഗമമായി നിർവഹിക്കുന്നതിനാവശ്യമായ സേവനങ്ങളും മേൽനോട്ടവും മിഷൻ നിർവഹിക്കും. മതകാര്യ ഉപദേശങ്ങൾ, അഡ്മിനിസ്ട്രേഷൻ, ഫിനാൻസ്, ഹജ്ജ് കമ്പനികളുടെ മേൽനോട്ടം, മെഡിക്കൽ ടീം, സ്റ്റേറ്റ് ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കൺട്രോൾ അതോറിറ്റി, റോയൽ ഒമാൻ പോലീസ്, മീഡിയ വിങ് എന്നിവയുൾപ്പെടെയുള്ള പ്രത്യേക ഉപസമിതികൾ മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.