മസ്കത്ത്: ഒമാനിലെ അൽ മസ്നഹ വിലായത്തിൽ കാറിൽ സഹോദരങ്ങളായ നാല് ബംഗ്ലാദേശികൾ മരണപ്പെടാനിടയായത് കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചതുമൂലമാണെന്ന് സ്ഥിരീകരിച്ച് റോയൽ ഒമാൻ പൊലീസ്. വാഹനം സ്റ്റാർട്ട് ചെയ്തു കിടന്നപ്പോൾ എക്സോസ്റ്റിൽ നിന്നും പുറന്തള്ളിയ കാർബൺ മോണോക്സൈഡ് വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് അറിയിച്ചു.
വാഹനങ്ങൾ ഓൺ ചെയ്തിട്ട് അതിനുള്ളിൽ ഉറങ്ങുന്നത് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. അടച്ചിട്ട സ്ഥലങ്ങളിൽ വാഹനം സ്റ്റാർട്ട് ചെയ്തിടുന്നത് മാരകമായ വിഷവാതകം ശ്വസിച്ച് ശ്വാസതടസ്സത്തിന് കാരണമാകുമെന്നും ആർ.ഒ.പി മുന്നറിയിപ്പ് നൽകി.
തെക്കൻ ബാതിനയിലെ മസ്നഹ വിലായത്തിലെ മുലദ്ദയിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം. ബംഗ്ലാദേശിലെ ചത്തോഗ്രാം ജില്ലയിലെ രംഗുനിയ സ്വദേശികളായ മുഹമ്മദ് റാഷിദ് (35), മുഹമ്മദ് ഷഹദ് (32), മുഹമ്മദ് സിറാജ് (27), മുഹമ്മദ് ഷാഹിദ് (24) എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ നിസ്‌വയിലും മറ്റൊരാൾ സുവൈഖിലും ബാക്കി രണ്ടുപേർ മുലദ്ദയിലുമാണ് താമസിച്ചിരുന്നത്. ഇവരിൽ ഇളയ സഹോദരന്മാരായ സിറാജ്, ഷാഹിദ് എന്നിവർ കല്യാണത്തിനായി വെള്ളിയാഴ്ച ബംഗ്ലാദേശിലേക്ക് മടങ്ങാനിരിക്കവെയാണ് അപകടം.
ചൊവ്വാഴ്ച നാല് സഹോദരന്മാരും ഒന്നിച്ച് കാറിൽ സാധനങ്ങൾ വാങ്ങാൻ പുറത്തുപോയിരുന്നു. കാർ മുലദ്ദയിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട നിലയിലായിരുന്നു. അർധരാത്രി ഒരുമണിയോടെ, രണ്ടു ബംഗ്ലാദേശികൾ കാറിനകത്ത് ബോധരഹിതരായ നിലയിൽ നാലുപേരെയും കണ്ടെത്തിയതിനെ തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിച്ചു.
റോയൽ ഒമാൻ പൊലീസ് എത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണപ്പെട്ടവരുടെ ഇളയ സഹോദരൻ മുഹമ്മദ് ഇനാം ബംഗ്ലാദേശിൽ കഴിയുകയാണ്. മുഹമ്മദ് റാഷിദും മുഹമ്മദ് ഷഹദും വിവാഹിതരാണ്. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാഹിദ് എന്നിവരുടെ വിവാഹം നടക്കാനിരിക്കവെയാണ് വിധി അപകടമരണത്തിന്റെ രൂപത്തിൽ തേടിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.