മസ്കത്ത്: ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനിടയിൽ വർധിച്ചുവരുന്ന പൊതുജന അവബോധം പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഇ-കോമേഴ്സുമായി ബന്ധപ്പെട്ട പരാതികളിൽ ഗണ്യമായ വർധന ഉണ്ടായതായി ഉപഭോക്തൃസംരക്ഷണ അതോറിറ്റി (സി.പി.എ) റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ ആഗസ്റ്റ് അവസാനം വരെ സി.പി.എ 1851 ഇ-കോമേഴ്സ് പരാതികൾ ഫയൽ ചെയ്തു. ചരക്ക് സേവന മേഖലയിലാണ് 1637 കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, സ്ലിമ്മിങ് സെന്ററുകൾ, ഹെർബൽ ഉൽപന്നങ്ങളും സപ്ലിമെന്റുകളും, വാഹനങ്ങൾ, ഹെവി ഉപകരണങ്ങൾ എന്നിവയാണ് മറ്റ് മേഖലകൾ. ഉപഭോക്താക്കളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള വേഗത്തിലുള്ള നടപടി ഉറപ്പാക്കി രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും നിയമപരമായ നടപടിക്രമങ്ങൾക്കനുസൃതമായി പരിഹരിച്ചതായി സി.പി.എ പറഞ്ഞു.
ഈ ശ്രമങ്ങൾ മൂലം ഉപഭോക്താക്കൾക്ക് 24,500 റിയാലിൽ കൂടുതൽ തുക തിരിച്ചുപിടിക്കാൻ കഴിഞ്ഞു. ഇത് അതോറിറ്റിയുടെ പരാതി പരിഹാര സംവിധാനങ്ങളുടെ കാര്യക്ഷമതയും പ്രതികരണശേഷിയും അടിവരയിടുന്നതാണെന്ന് അധികൃതർ പറഞ്ഞു. വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ രംഗത്ത് ഉപഭോക്താക്കളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനായി, പ്രസക്തമായ നിയമനിർമാണങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും പ്രധാന പങ്കാളികളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത അതോറിറ്റി ആവർത്തിച്ചു. ഡിജിറ്റൽ പരിവർത്തനത്തിന്റെയും ഉപഭോക്തൃ ശാക്തീകരണത്തിന്റെയും മേഖലയിൽ ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് ഉറപ്പാക്കി നിയമങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും ഊന്നൽ നൽകുന്നുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.