മസ്കത്ത്: ഒമാനിൽ മിനിമം വേതനം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠനം പൂർത്തിയാക്കി ബന്ധപ്പെട്ട അധികൃതരുടെ പരിഗണനക്കായി സമർപ്പിച്ചിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി പ്രഫ. മഹദ് ബിൻ സഈദ് ബാവൈൻ. 2025 ഒക്ടോബർ വരെ സ്വകാര്യ മേഖലയിലെ മൊത്തം തൊഴിലാളി സംഖ്യയായ 18,59,206 പേരിൽ 15.5 ശതമാനമാണ് സ്വദേശിവത്കരണ നിരക്കെന്ന് ഒമാനൈസേഷൻ നിരക്കെന്നും മന്ത്രി വ്യക്തമാക്കി.
കുറഞ്ഞ വേതനം വർധിപ്പിച്ച് ജീവിത നിലവാരം ഉറപ്പാക്കുന്നതിനുള്ള സാധ്യതകൾ, വിപണിയുടെ സ്ഥിരത നിലനിർത്തിക്കൊണ്ട് മിനിമം വേതന വർധനയുടെ തോത് ക്രമീകരിക്കൽ, നിലവിലുള്ള സാമ്പത്തിക സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്താണ് പഠനം നടത്തിയത്. വിവിധ പങ്കാളികളുമായി നടത്തിയ ചർച്ചകൾക്കുശേഷം പഠനം പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു.
ഇജാദ സംവിധാനവുമായി ബന്ധിപ്പിച്ചുള്ള പ്രമോഷൻ ക്രമീകരണങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചതായും മികച്ച മൂല്യനിർണയം നേടുന്നവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അറിയിച്ചു. പത്താം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഒമാനൈസേഷൻ, റീപ്ലേസ്മെന്റ് പദ്ധതികൾ വഴി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി.
ഒമാനി തൊഴിലാളികളുടെ സേവനം അവസാനിപ്പിക്കുന്നതിനുള്ള കാരണങ്ങളിൽ 54.5 ശതമാനം കരാർ കാലാവധി പൂർത്തിയായതുമൂലമാണെന്നും, 29.7 ശതമാനം പദ്ധതികൾ പൂർത്തിയാകുന്നതുമൂലമാണെന്നും, ഇഷ്ടാനുസൃത പിരിച്ചുവിടൽ 9.6 ശതമാനം മാത്രമാണെന്നും കണക്കുകൾ വ്യക്തമാക്കി.
പൊതുമേഖല, സ്വകാര്യ മേഖല എന്നിവയിലെ തൊഴിൽ, ഡിജിറ്റൽ പരിവർത്തന പദ്ധതികൾ, ഇരുവിഭാഗങ്ങളിലെയും തൊഴിൽ നിയന്ത്രിക്കുന്ന നിയമങ്ങൾ എന്നിവയും സമ്മേളനത്തിൽ ചർച്ചയായി.
തൊഴിൽ രംഗം ശക്തിപ്പെടുത്താൻ ദേശീയ ഡേറ്റാബേസ് സ്ഥാപിക്കുകയും വിവിധ സ്ഥാപനങ്ങളുമായി ഇലക്ട്രോണിക് ബന്ധം ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളും മന്ത്രി വിശദീകരിച്ചു. നിലവിൽ 73,319 പേർ ഉദ്യോഗാർഥികളായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഇതിൽ 38,428 പേർ സ്ത്രീകളാണെന്നും മന്ത്രി വ്യക്തമാക്കി. സർവകലാശാല ബിരുദധാരികളായ ഉദ്യോഗാർഥികളിൽ 18,320 സ്ത്രീകളാണ്. ജനറൽ എജുക്കേഷൻ ഡിപ്ലോമ യോഗ്യതയുള്ളവരിൽ 20,216 പുരുഷന്മാരാണ് മുൻപന്തിയിലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.