ദോഹ: പരിസ്ഥിതികാവബോധം വളർത്തുന്നതിനും ജീവൻ നിലനിർത്തുന്നതിൽ മാതാവിനും പ്രകൃതിക്കും തുല്യമായുള്ള പങ്കിനെ ഉയർത്തിക്കാട്ടുന്നതിനും ലക്ഷ്യമിട്ട് 'ഏക് പേഡ് മാ കേ നാം' പരിപാടി എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ചു.വൃക്ഷത്തൈകൾ നടാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പ്ലാന്റേഷൻ കാമ്പയിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. സ്കൂളിലെ മുതിർന്ന ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ വളപ്പിൽ തൈ നട്ട് പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ പരിപാടി ഉദ്ഘാടനം ചെയ്തു.
'ഒരു അമ്മ കരുതലോടെയും വാത്സല്യത്തോടെയും ജീവിതത്തെ പരിപോഷിപ്പിക്കുന്നതുപോലെ, മരങ്ങൾ നിസ്വാർഥമായി പരിസ്ഥിതിയെ നിലനിർത്തുന്നുവെന്ന് അവർ പറഞ്ഞു. പ്രകൃതിയോടുള്ള കൃതജ്ഞതയും പ്രതിബദ്ധത, വൈകാരിക ബന്ധം എന്നിവ വളർത്തുകയുമാണ് കാമ്പയിനിലൂടെ ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ തൈകൾ കൊണ്ടുവന്ന് കാമ്പസിനുള്ളിലെ നിശ്ചിത സ്ഥലങ്ങളിൽ നട്ട് കാമ്പയിനിന്റെ ഭാഗമായി.
സമഗ്ര വിദ്യാഭ്യാസത്തിനും സുസ്ഥിര വികസനത്തിനുമുള്ള എം.ഇ.എസ് ഇന്ത്യൻ സ്കൂളിന്റെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തി, കാമ്പയിനിൽ ആവേശകരമായ പങ്കാളിത്തമുണ്ടായിരുന്നു. പരിസ്ഥിതികാവബോധവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സീഡ് ബാൾ ത്രോ ആക്റ്റിവിറ്റിയും സംഘടിപ്പിച്ചു.നസ്റീൻ സലിം നദാഫ് ആയിരുന്നു ഇവന്റ് മാനേജർ. ബോയ്സ്, ഗേൾസ്, ജൂനിയർ വിഭാഗങ്ങളിലെ സി.സി.എഫ് (കാമ്പസ് കെയർ ഫോഴ്സ്) ചുമതലയുള്ള അധ്യാപകരായ ജെൻസി ജോർജ്, രാധിക രാജൻ, പ്രദന്യാ പാണ്ഡെ, ബിറ്റി വർഗീസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.