മസ്കത്ത്: മാർബർഗ് വൈറസ് രോഗവ്യാപനത്തെ തുടർന്ന് ടാൻസാനിയ, ഗിനിയ എന്നീ ആഫിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതന്ന് ഒമാൻ നിർദ്ദേശിച്ചു.
പിടിപ്പെടുന്നവരിൽ 60മുതൽ 80 ശതമാനം പേർക്കുവരെ മരണം സംഭവിക്കാൻ സാധ്യതയുള്ള മാർബർഗ് എബോള ഉൾപ്പെടുന്ന ഫിലോവൈറസ് കുടുംബത്തിലെ അംഗമാണ്. വവ്വാലിൽ നിന്നാണു മനുഷ്യരിലേക്ക് രോഗം പകരുന്നത്. മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കും. 1967ൽ ജർമനിയിലെ മാർബർഗ് പട്ടണത്തിൽ വൈറസ് ബാധ ആദ്യം കണ്ടെത്തിയതിനാലാണ് ഈ പേര് ലഭിച്ചത്.
വൈറസ് ശരീരത്തിലെത്തി മൂന്ന് മുതല്‍ ഒമ്പത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകുന്നത്. മലമ്പനി, മഞ്ഞപ്പനി, സന്നിപാതജ്വരം തുടങ്ങിയ രോഗങ്ങളുടെ സമാന ലക്ഷണങ്ങളാണ് ആദ്യമുണ്ടാകുന്നതെന്നതിനാല്‍ മാര്‍ബര്‍ഗ് രോഗം പ്രാഥമിക അവസ്ഥയില്‍ കണ്ടെത്താനാകുന്നില്ല. മുമ്പ് രോഗബാധയുണ്ടായ ഇടങ്ങളിൽ 24 മുതൽ 88 ശതമാനം വരെയാണ് മരണനിരക്ക്. ദക്ഷിണാഫ്രിക്ക, കെനിയ, ഉഗാണ്ട, കോംഗോ എന്നിവിടങ്ങളിൽ നേരത്തെ മാർബർഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു.
ടാൻസാനിയ, ഗിനിയ രാജ്യങ്ങളിലെ വൈറസ് വ്യാപനം ആരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് സർവൈലൻസും എമർജൻസി മാനേജ്‌മെന്റ് സെന്ററും നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. വിവരങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം എടുക്കാൻ പൗരന്മാരോടും താമസക്കാരും തയ്യാറാകണമെന്നും അധികൃതർ നിർദ്ദേശിച്ചു.വൈറസ് രോഗം ബാധി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് അത്യാവശ്യമില്ലെങ്കിൽ യാത്ര മാറ്റിവെക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.
-പനി, പേശിവേദന, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.
-മാർബർഗ് വൈറസ് രോഗം ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കാതിരിക്കുക
-മറ്റുള്ളവരുടെ രക്തവുമായും മറ്റ് ശരീര സ്രവങ്ങളുമായും സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക
-വവ്വാലുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക, അതുപോലെ അവർ താമസിക്കുന്ന ഗുഹകളും ഖനികളും സന്ദർശിക്കാതിരിക്കുക
-ചിമ്പൻസി, ഗൊറില്ല പോലുള്ള മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക
-തിരിക്കെ എത്തുന്ന യാത്രക്കാർ 21 ദിവസം വരെ ഐസോലേഷനിൽ കഴിയണം. പനി, വിറയൽ, പേശിവേദന, ചുണങ്ങ്, തൊണ്ടവേദന, വയറിളക്കം, ഛർദ്ദി, വയറുവേദന, രക്തസ്രാവം, ശരീരത്തിൽ ചതവ് എന്നിവ ഉണ്ടായാൽ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളെ സമീപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.