പദ്ധതിയുടെ ഭാഗമായി മാമ്പഴത്തൈ നടുന്നു
മസ്കത്ത്: തെക്കൻ ബാത്തിനയിലെ ബർക്കയിലും മുസന്നയിലും മാമ്പഴക്കൃഷി പദ്ധതികളുമായി അധികൃതർ. ഭക്ഷ്യസുരക്ഷയും പ്രാദേശിക ഉൽപാദനം വർധിപ്പിക്കുന്നതിനും നിക്ഷേപ അവസരങ്ങൾ നൽകുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുന്നതിനും സഹായിക്കുന്ന പ്രധാന സംരംഭങ്ങളാണിത്. ഭാവിയിൽ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. ഇത് പ്രാദേശിക, ആഗോള വിപണികളിൽ ഒമാനി ഉൽപന്നങ്ങളുടെ മത്സരശേഷി വർധിപ്പിക്കും. ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് 80ലധികം പദ്ധതികൾ ഗവർണറേറ്റിൽ നടപ്പാക്കുന്നുണ്ട്.
ബർകയിലെയും മുസാനയിലെയും വിലായത്തുകളിലെ 373 ഏക്കർ സ്ഥലത്ത് വിവിധ ഇനങ്ങളിലുള്ള 35,000ത്തിലധികം മാമ്പഴ തൈകൾ നടുക എന്നതാണ് പദ്ധതികളുടെ ലക്ഷ്യം. ഏറ്റവും ഉയർന്ന വിജയനിരക്ക് ഉറപ്പാക്കാൻ പ്രത്യേക ബാച്ചുകളായിട്ടായിരിക്കും നടുക. പദ്ധതി പൂർത്തിയാകുകയും വാണിജ്യ ഉൽപാദനം ആരംഭിക്കുകയും ചെയ്യുമ്പോൾ പ്രതീക്ഷിക്കുന്ന ഉൽപാദനശേഷി പ്രതിവർഷം 3382 ടണ്ണാണ്.
കാർഷിക ഉൽപാദനം വൈവിധ്യവത്കരിക്കുന്നതിനും ദേശീയ ഭക്ഷ്യസുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ബർകയിലെയും മുസന്നയിലെയും മാമ്പഴ പദ്ധതികൾ വരുന്നതെന്ന് തെക്കൻ ബത്തിന ഗവർണറേറ്റിലെ കൃഷി, മത്സ്യബന്ധനം, ജലവിഭവ ഡയറക്ടർ ജനറൽ എൻജിനീയർ അമർ ഹുമൂദ് അൽ ഷെബ്ലി പറഞ്ഞു. പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെയും സുസ്ഥിരവും ഉയർന്ന നിലവാരമുള്ളതുമായ ഉൽപാദനം ഉറപ്പാക്കുന്ന ആധുനിക കൃഷിരീതികൾ സ്വീകരിക്കുന്നതിലൂടെയും ലഭ്യമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെയും ഇത് കൈവരിക്കാനാകും.
അടുത്ത ഘട്ടത്തിൽ, ഉയർന്ന നിലവാരത്തിനും മികച്ച ഉൽപാദനക്ഷമതക്കും പേരുകേട്ട പുതിയ മാമ്പഴ ഇനങ്ങൾ വിപുലീകരിക്കാൻ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായ പരിശീലനത്തിലൂടെ ഉൽപാദനം മെച്ചപ്പെടുത്തുന്നതിനും ഈ മേഖലയിലെ കർഷകരുടെയും തൊഴിലാളികളുടെയും കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള ഗവേഷണ വികസന പരിപാടികളിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും. ഈ പദ്ധതികളുടെ ദീർഘകാല തുടർച്ചയും നിലനിൽപ്പും ഉറപ്പാക്കുന്നതിന്, പ്രാദേശിക വിപണികളിലും കാർഷിക പ്രദർശനങ്ങളിലൂടെയും പരിപാടികളിലൂടെയും വൈവിധ്യമാർന്ന വിപണന മാർഗങ്ങൾ തുറക്കുന്നതിലും മന്ത്രാലയം വലിയ പ്രാധാന്യം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.