മസ്കത്ത് സുന്നി സെന്റർ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പിൽനിന്ന്
മസ്കത്ത്: ഒമാനിൽനിന്നുള്ള ഏക മലയാളി ഹജ്ജ് സംഘം ശനിയാഴ്ച യാത്ര പുറപ്പെടും. പുലർച്ച 4.30 ന് റൂവി ഖാബൂസ് മസ്ജിദ് പരിസരത്തുനിന്നാണ് യാത്ര തിരിക്കുക. ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മസ്കത്ത് സുന്നീ സെന്ററാണ് ഹജ്ജ് യാത്രാസംഘടിപ്പിക്കുന്നത്.
ഈ വർഷം യാത്രാസംഘത്തിൽ 60 മലയാളികളുണ്ടെന്ന് സുന്നീ സെന്റർ ഹജ്ജ് വിഭാഗം ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞവർഷം സുന്നി സെന്റർ ഹജ്ജ് യാത്ര സംഘടിപ്പിച്ചിരുന്നെങ്കിലും 26 മലാളികൾ മാത്രമാണുണ്ടായിരുന്നത്. മലയാളി ഹജ്ജ് യാത്രക്കാർ വർധിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
ഈ വർഷം ഒമാനിൽനിന്ന് 500 വിദേശികൾക്കാണ് ഹജ്ജ് യാത്രക്ക് അവസരം അനുവദിച്ചത്. ഇതിൽ 250 അറബ് വംശജർക്കാണ് അവസരം. ബാക്കിവരുന്ന 250 പേരിലാണ് മറ്റു രാജ്യങ്ങളിലെ വിദേശികളുൾപ്പെടുന്നത്. ഇതിൽപ്പെട്ട 60 മലയാളികളുമായാണ് സുന്നി സെന്റർ യാത്ര പുറപ്പെടുന്നത്. റൂവിയിൽനിന്ന് ബസ് വഴിയാണ് വിമാനത്താവളത്തിലേക്കു പോകുക. ഇവർക്ക് മസ്ജിദ് പരിസരത്ത് യാത്രയയപ്പ് നൽകും. ശൈഖ് അബ്ദുറഹ്മാൻ മൗലവിയാണ് ഹജ്ജ് യാത്ര സംഘത്തെ നയിക്കുക. ഒമാൻ ഔഖാഫ് മന്ത്രാലയം അംഗീകാരം നൽകിയ ഹജജ് അമീറാണ് അദ്ദേഹം. മസ്കത്ത് വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്കു പോവുന്ന യാത്രാസംഘം ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മദീനയിലേക്കു പോവുക. ഈ മാസം 23ാം തീയതി മദീനയിൽനിന്നാണ് തിരിച്ചുവരുക. ഹജ്ജ് യാത്രക്കായി അനുവാദം കിട്ടിയ 250 വിദേശ ഹജ്ജ് യാത്രക്കാരും ഒരു വിമാനത്തിലാണ് മസ്കത്തിൽനിന്നും പുറപ്പെടുക. ഇവയുടെ എല്ലാവരുടെയും താമസവും ഒരേ കെട്ടിടത്തിൽ തന്നെയാവും.
എന്നാൽ മലയാളി ഹാജിമാർക്ക് ഹജ്ജ് അമീറിന്റെ സേവനം ലഭ്യമാവുന്നത് ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നത് എളുപ്പമാക്കും. മലയാളി ഹജ്ജ് ഗ്രൂപ്പിൽ എല്ലാ സംഘടനാ വിഭാഗങ്ങളും ഉൾപ്പെടുന്നതും മറ്റൊരു പ്രത്യേകതയാണ്. ഈ വർഷം 2500 റിയാലാണ് ഹാജിമാരിൽനിന്നും ഈടാക്കുന്നത്.
ഹജ്ജ് യാത്ര ഉദ്ദേശിക്കുന്നവർക്ക് എല്ലാ സഹായസഹകരണങ്ങളും സുന്നീ സെന്ററിന്റെ ഹജ്ജ് സെൽ ചെയ്തു കൊടുക്കുന്നതായി കോഓഡിനേറ്റർ താജുദ്ദീൻ പറഞ്ഞു. യാത്രയുടെ ആദ്യ പടിയായ രജിസ്ട്രേഷൻ അടക്കമുള്ള സഹായങ്ങൾ ഹജ്ജ് സെൽ നൽകിയിരുന്നു.
രജിസ്ട്രേഷൻ നൽകിയവരിൽനിന്ന് ഹജ്ജ് യാത്രക്കായി തിരഞ്ഞെടുക്കുന്ന മലയാളികളെ സംഘടിപ്പിക്കുന്നതും ഇവർക്കു ഒന്നിച്ചു പോവാൻ അവസരം ഒരുക്കുന്നതടക്കമുള്ള നിരവധി നടപടിക്രമങ്ങൾ സുന്നി സെന്റർ നടത്തുന്നുണ്ടെന്നും താജുദ്ദീൻ പറഞ്ഞു. മസ്കത്ത് സുന്നി സെന്ററിനു കീഴിൽ ഹജ്ജിനു പോകുന്നവർക്കായി ഹജ്ജ് ക്യാമ്പ് പഠന ക്ലാസും സംഘടിപ്പിച്ചിരുന്നു. എൻ. മുഹമ്മദലി ഫൈസി, സക്കീർ ഹുസൈൻ ഫൈസി, ഡോക്ടർ അബ്ദുൽസലാം ബഷീറും എന്നിവരായിരുന്നു വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.