മസ്‌കത്ത്: പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികളായഎയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവ ചൊവ്വാഴ്ച മുതൽ മുംബൈ–മസ്‌കത്ത് സർവീസുകൾ പുനരാരംഭിച്ചു. മേഖലയിലെ വ്യോമപാതകളിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനെ തുടർന്ന് പ്രാദേശിക വിമാനക്കമ്പനികൾ ക്രമേണ സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനിടയിലാണ് ഇൻഡിഗോയുടെ തീരുമാനം.
മുംബൈ -മസ്‌കത്ത് -മുംബൈ റൂട്ടിലെ ചൊവ്വാഴ്ച രാത്രി നിശ്ചയിച്ചിരുന്ന സർവീസ് ടിക്കറ്റുകൾ കഴിഞ്ഞദിവസം വിൽപ്പനക്കായിവെച്ച ഇൻഡിഗോ പദ്ധതി പ്രകാരം സർവീസ് നടത്തുമെന്നും കമ്പനി യാത്രക്കാരെയും ട്രാവൽ പങ്കാളികളെയും അറിയിച്ചു. 6E1267 നമ്പർ വിമാനമാണ് മുംബൈയിൽ നിന്ന് മസ്‌കത്തിലേക്ക് സർവീസ് നടത്തുക. 6E1268 നമ്പർ വിമാനം മസ്‌കത്തിൽ നിന്ന് മുംബൈയിലേക്കും സർവീസ് നടത്തും.
മിഡിൽ ഈസ്റ്റിൽ സംഘർഷാവസ്ഥ വ്യാപിച്ചതും താൽക്കാലിക വ്യോമപാത നിയന്ത്രണങ്ങളും മൂലമുണ്ടായിരുന്ന സർവീസ് തടസ്സങ്ങൾക്കു പിന്നാലെ വിവിധ വിമാനക്കമ്പനികൾ തെരഞ്ഞെടുത്ത റൂട്ടുകളിൽ റൂട്ടുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചു വരികയാണ്. കൃത്യമായ പദ്ധതിപ്രകാരമാണ് സർവിസ് പുനരാരംഭിക്കുന്നതെന്നും സുരക്ഷക്ക് മുൻഗണന നൽകുന്നതായും ഇൻഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് സർവീസ് സംബന്ധിച്ച് ഉറപ്പുവരുത്തണമെന്ന് യാത്രക്കാരോട് നിർദേശിച്ചു. യാത്രക്കാരുമായി രജിസ്റ്റർ ചെയ്ത വിവരങ്ങൾ വഴി നേരിട്ട് ബന്ധപ്പെടുമെന്നും കമ്പനി വ്യക്തമാക്കി.
മസ്‌കത്ത്, ഏതൻസ്, ജിദ്ദ, മദീന എന്നിവ ഉൾപ്പെടെയുള്ള പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് ചില വിമാനക്കമ്പനികൾ സർവീസ് പുനഃസ്ഥാപിച്ചിട്ടുണ്ട്. വ്യോമപാതകളിലെ മാറിവരുന്ന സാഹചര്യങ്ങൾ അടുത്തായി നിരീക്ഷിച്ചുകൊണ്ട് പ്രവർത്തനം സാധാരണ നിലയിലേക്കു മടങ്ങുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ചൊവ്വാഴ്ച മുതൽ പുനരാരംഭിച്ചിട്ടുണ്ട്. മസ്‌കത്തില്‍ നിന്ന് കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, ഡല്‍ഹി സെക്ടറുകളിലേക്കാണ് സര്‍വീസുകള്‍ നടത്തുക. ഗള്‍ഫ് മേഖലയിൽനിന്ന് സര്‍വീസ് പുനരാരംഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ എയര്‍ലൈന്‍ ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.