ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം സലാലയിൽ സംഘടിപ്പിച്ച ബാല കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർഥികൾ സംഘാടകർക്കൊപ്പം
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം സലാലയിൽ സംഘടിപ്പിച്ച ബാലകലോത്സവത്തിന്റെ സമാപനവും കേരളപ്പിറവി ആഘോഷവും ‘മലയാള പെരുമ 2025’ എന്നപേരിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് അങ്കണത്തിൽ നടന്നു.
ഒക്ടോബർ 10 മുതൽ മൂന്നാഴ്ചയായി ഇന്ത്യൻ സോഷ്യൽ ക്ലബിലെ മൂന്ന് വേദികളിലാണ് ബാലകലോത്സവ മത്സരങ്ങൾ നടന്നത്. 600ഓളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. അഞ്ച് വിഭാഗങ്ങളിലായി 23 ഇനങ്ങളിലായാണ് വിദ്യാർഥികൾ മത്സരിച്ചത്.
43 പോയന്റ് നേടി ആരവ് അനൂപ് കലാപ്രതിഭയായി . കലാതിലകം 60 പോയന്റുകൾ നേടിയ ഇഷ ഫാത്തിമ, അവന്തിക സഞ്ജീവ് എന്നിവർ പങ്കിട്ടു.
ഭാഷാ ശ്രീ പുരസ്കാരം നേടിയത് ആരവ് അനൂപും അമേയ മെഹറിനുമാണ്. ആർവിൻ സി.എസ്, വേദിക ശ്രീജിത് എന്നിവർ കിഡ്സിന്റെ ഒന്നും രണ്ടും ഗ്രൂപ് ചാമ്പ്യൻമാരായി.
സമാപന പരിപാടിയിൽ മലയാള വിഭാഗം കൺവീനർ ഷബീർ കാലടി അധ്യക്ഷത വഹിച്ചു. ഐ.എസ്.സി വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ്, ഡോ. അബൂബക്കർ സിദ്ദീഖ് , ഡി. ഹരികുമാർ, ഷജിൽ കോട്ടായി എന്നിവർ ആശംസകൾ നേർന്നു. സ്വദേശി പ്രമുഖർ, ഒ. അബ്ദുൽ ഗഫൂർ, താര സനാതനൻ, പ്രവീൺ കുമാർ, വി.പി അബ്ദുസ്സലാം ഹാജി, സ്പോൺസേഴ്സ് തുടങ്ങിയവർ സമ്മാന വിതരണം നടത്തി. സജീബ് ജലാൽ, സബീർ പി.ടി. സുനിൽ നാരായണൻ, ശ്രീവിദ്യ ശ്രീജി മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളും നേതൃത്വം നൽകി. നാട്യനൃത്തങ്ങൾ, ഒപ്പന, കോൽക്കളി, നാടൻ കൈകൊട്ടിക്കളി, മാർഗംകളി, സ്വരലയ അവതരിപ്പിച്ച ഗാനവിരുന്ന് തുടങ്ങിയവ അരങ്ങേറി. കുടുംബങ്ങൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.