വേൾഡ് ജയിന്റ്സിനെതിരെയുള്ള മത്സരത്തിൽ കൈഫ് ഷോട്ടുതിർക്കുന്നു -വി.കെ. ഷെഫീർ
മസ്കത്ത്: അൽ അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ലെജൻഡറി ക്രിക്കറ്റ് ടൂർണമെന്റിലെ രണ്ടാം റൗണ്ടിലെ ആദ്യമത്സരത്തിൽ ഇന്ത്യ മഹാരാജാസ് തിങ്കളാഴ്ച ഏഷ്യൻ ലയൺസിനെ നേരിടും. ആദ്യ റൗണ്ടിലെ മത്സരത്തിൽ ആറ് വിക്കറ്റിന് ലയൺസിനെ തകർത്ത ആത്മ വിശ്വാസവുമായിട്ടാണ് കൈഫും കൂട്ടരും തിങ്കളാഴ്ച കളത്തിലിറങ്ങുക. ക്യാപ്റ്റന്റെ സ്ഥിരതയായ പ്രകടനം തന്നെയാണ് ടീമിന്റെ മുതൽകൂട്ട്. ഒപ്പം മുൻനിരക്കാരുടെ ഫോമും ഇന്ത്യ മഹാരാജാസിന് പ്രതീക്ഷ നൽകുന്ന ഘടകമാണ്.
ആദ്യ കളിയിൽ കൈഫ് 37 പന്തിൽ പുറത്താകാതെ 42 റൺസാണെടുത്തത്. രണ്ടാമത്തെ കളിയിൽ സെഞ്ച്വറിയടിച്ച നമൻ ഓജക്ക് മികച്ച പിന്തുണയും ക്യാപ്റ്റൻ നൽകി. ഈ കളിയിൽ 47 ബാളിൽ 53 റൺസായിരുന്നു കൈഫിന്റെ സംഭാവന. ശനിയാഴ്ച നടന്ന മത്സരത്തിൽ വേൾഡ് ജയിന്റ്സിനോട് മൂന്ന് വിക്കറ്റിനാണ് ഇന്ത്യ മഹാരാജാസ് പരാജയപ്പെട്ടത്. അവസാന ഓവറുകളിൽ ഇമ്രാൻ താഹിർ തകർത്താടിയതാണ് മഹാരാജാസിന്റെ തോൽവിയിലേക്ക് നയിച്ചത്.അതേസമയം, വേൾഡ് ജയിന്റ്സിനെ തകർത്താണ് ഏഷ്യൻ ലയൺസ് വരുന്നത്.
കഴിഞ്ഞ കളിയിൽ തിളങ്ങിയ ശ്രീലങ്കൻ താരങ്ങളായ ഉപുൽ തരംഗ, തിലകരത്ന ദിൽഷൻ എന്നിവർതന്നെയാണ് ഏഷ്യൻ ലയൺസിന്റെ തുറുപ്പുശീട്ട്. കഴിഞ്ഞ മൂന്ന് കളിയിലും രണ്ടാമത് ബാറ്റ് ചെയ്തവരാണ് വിജയിച്ചത്. അതുകൊണ്ട് തന്നെ ടോസ് നേടുന്നവർ ഫീൽഡിങ് െതരഞ്ഞെടുക്കാനാണ് സാധ്യത. മഞ്ഞ് വീഴ്ചയുണ്ടെങ്കിലും റണ്ണൊഴുകുന്ന പിച്ചിൽ രണ്ടാമത് ബാറ്റ് ചെയ്യുന്നത് ദുഷ്കരമാകില്ലെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.