മസ്കത്ത്: ഒമാനിൽ കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ ഗണ്യമായ കുറവുണ്ടായെന്ന് ദേശീയസ്ഥിതി വിവരകേന്ദ്രത്തിന്റെ റിപ്പോർട്ട്. 2021ൽ രാജ്യത്ത് 1,539 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2019ൽ ഇത് 2,815ഉം 2020ൽ 2,442ഉം ആയിരുന്നു. കോവിഡ് മൂലം ഏർപ്പെടുത്തിയിരുന്ന ലോക്ഡൗണും യാത്ര നിയന്ത്രണങ്ങളുമാകാം കഴിഞ്ഞ വർഷം അപകടങ്ങൾ കുറയാൻ കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം 434 പേർക്കാണ് റോഡപകടങ്ങളിൽ ജീവൻ നഷ്ടമായത്. ഇതിൽ 223 പേർ പുരുഷന്മാരാണ്. 288 സ്വദേശികളും 146 വിദേശികളുമാണ് കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ മരിച്ചത്. കാൽനടക്കാരായ 79 പുരുഷന്മാരും 14 സ്ത്രീകളും വാഹനമിടിച്ച് മരിച്ചിട്ടുണ്ട്. അമിതവേഗമാണ് 233 മരണങ്ങൾക്ക് കാരണം. അശ്രദ്ധ മൂലം അപകടമുണ്ടായി 62 പേരും ഓവർടേക്കിങ് മൂലം 32 പേരും മുന്നിൽ പോകുന്ന വാഹനവുമായി സുരക്ഷിത അകലം പാലിക്കാതെ 16 പേരും മോശം പെരുമാറ്റം മൂലം 54 പേരും വാഹനങ്ങളുടെ തകരാർ മൂലം 15 പേരും റോഡിലെ തകരാറുകൾ മൂലം 11 പേരും മരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്; 371. ദോഫാർ-203, അൽ ദാഖിലിയ-211, തെക്കൻ ബാതിന-198, വടക്കൻ ബാതിന-176, അൽ വുസ്ത-71 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. അപകട മരണങ്ങൾ കൂടുതൽ ഉണ്ടായിരിക്കുന്നതും മസ്കത്തിലാണ്. കഴിഞ്ഞ വർഷം 78 പേരാണ് മസ്കത്തിൽ റോഡപകടങ്ങളിൽ മരിച്ചത്. ദോഫാർ-61, വടക്കൻ ബാത്തിന-81, അൽ വുസ്ത-36, അൽ ദാഖിലിയ-50, തെക്കൻ ബാത്തിന-35 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തരം 633 അപകടങ്ങളാണ് രാജ്യത്ത് കഴിഞ്ഞ വർഷമുണ്ടായത്. എന്തെങ്കിലും വസ്തുവിൽ ഇടിച്ചുണ്ടായ അപകടങ്ങളുടെ എണ്ണം 308 ആണ്. വഴിയാത്രക്കാരെ ഇടിച്ചിട്ടുപോയ 297 കേസുകളും ഉണ്ടായി.
1,621 പേർക്കാണ് 2021ൽ റോഡപകടങ്ങളിൽ പരിക്കേറ്റത്. ഇതിൽ 733 പുരുഷ ഡ്രൈവർമാരും 142 വനിത ഡ്രൈവർമാരുമുണ്ട്. 332 പുരുഷ യാത്രക്കാർക്കും 216 വനിത യാത്രക്കാർക്കും പരിക്കേറ്റു. വഴിയാത്രക്കാരായ 122 പുരുഷന്മാർക്കും 26 സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.