പോണ്ടിച്ചേരിയിൽ നടന്ന ജയ്‌സൻ മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വീകരിക്കുന്നു
ജയ്‌സൻ മഞ്ഞില
മസ്കത്ത്: ഈ വർഷം ആഗസ്റ്റിൽ കാനഡയിൽ നടക്കുന്ന 60 വയസ്സ് കഴിഞ്ഞവർക്കുള്ള ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിലേക്ക് ഒമാൻ പ്രവാസി മലയാളിയും. 32 വർഷമായി ഒമാനിൽ കഴിയുന്ന തൃശൂർ സ്വദേശി ജയ്‌സൻ മഞ്ഞിലയാണ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നാട്ടിൽ വിദ്യാർഥിയായിരിക്കുമ്പോൾ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടിയും കേരളത്തിന് വേണ്ടി അണ്ടർ 15, അണ്ടർ 25 മത്സരങ്ങളിലും പങ്കെടുത്തിട്ടുള്ള ജയ്‌സൻ ഒമാൻ ലീഗ് ക്രിക്കറ്റിൽ വർഷങ്ങളോളം അറിയപ്പെടുന്ന താരമായിരുന്നു.
പല സീസണുകളിലായി ഇന്ത്യൻ സോഷ്യൽ ക്ലബ്, മത്ര കോൾഡ് സ്റ്റോർ, എൻഹാൻസ് എന്നീ ടീമുകൾക്ക് വേണ്ടി ലീഗിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന ജയ്‌സൻ പ്രഫഷനൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷവും വെറ്ററൻസ് ടീമുകൾക്ക് വേണ്ടി കേരളത്തിലും ഒമാനിലും ഗ്രൗണ്ടുകളിൽ സജീവമായിരുന്നു. ഫെബ്രുവരിയിൽ പോണ്ടിച്ചേരിയിൽ നടന്ന നോർത്ത് സോൺ, സൗത്ത് സോൺ മത്സരത്തിലെ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്.
ആ മത്സരത്തിൽ സെഞ്ചുറിയും രണ്ടു വിക്കറ്റുകളുമായി കളം നിറഞ്ഞ ജയ്‌സൻ മാൻ ഓഫ് ദ മാച്ച് പട്ടവുമായാണ് ഇന്ത്യൻ ടീമിലേക്ക് നടന്നുകയറിയത്. കാനഡയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പായി ജയ്‌സന് ഒരു സ്വീകരണമൊരുക്കാനൊരുങ്ങുകയാണ് ഒമാനിലെ മലയാളി ക്രിക്കറ്റ് പ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.