ജബൽ അഖ്ദറിലെ റോസാപ്പൂത്തോട്ടത്തിൽ ഒമാനി കുട്ടികൾ
മസ്‌കത്ത്: ഈ വർഷത്തെ സ്പ്രിംഗ് റോസ് സീസൺ ഫെസ്റ്റിവൽ മാർച്ച് 30 മുതൽ ആരംഭിക്കുമെന്ന് ദാഖിലിയ്യ ഗവർണറേറ്റ് അധികൃതർ പ്രഖ്യാപിച്ചു. പൂക്കളുടെ ഉത്സവം ജബൽ അഖ്ദറിൽ നടക്കും.രാജ്യത്തെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ജബൽ അഖ്ദറിൽ റോസാപൂ വിളവെടുപ്പ് ആരംഭിക്കുന്നതോടെ വിവിധ ഗ്രാമങ്ങളിലായി ഏക്കർ കണക്കിന് സ്ഥലങ്ങളിൽ പൂത്തുലഞ്ഞ നിൽക്കുന്ന റോസാപ്പൂക്കൾ സുന്ദരകാഴ്ചയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുക. ഈ വിളവെടുപ്പ് സീസൺ അടുത്തറിയാനും മനസിലാക്കാനുമായാണ് സഞ്ചാരികളെ പൈതൃക, ടൂറിസം മന്ത്രാലയം ക്ഷണിക്കുന്നത്. പെരുന്നാൾ അവധികൂടി ആരംഭിക്കുന്നതോടെ ഈ നയന മനോഹര കാഴ്ചകൾ തേടി സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങും.
മാർച്ച് മുതൽ ആരംഭിക്കുന്ന പൂക്കാലം ഏപ്രിലാണ് ഉയർന്ന ഉൽപാദനത്തിലെത്തുന്നത്. മേയ് ആദ്യത്തോടെ സീസൺ അവസാനിക്കുകയും ചെയ്യും. ഏഴ് ഏക്കറിലായി 5,000ത്തില്‍ പരം പനിനീര്‍ ചെടികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. പനിനീർ പൂക്കളുടെ തനിയമയും ഗുണമേന്മയും ലഭിക്കാനായി രാവിലെയും വൈകുന്നേരവുമാണ് പനിനീർ പൂക്കൾ ശേഖരിക്കുന്നത്. രാവിലെ സുര്യൻ ഉദിച്ചുയരുന്നതിന് മുമ്പും വൈകുന്നേരം നാലര മുതൽ ആറുവരെയുമാണ് പുക്കൾ ശേഖരിക്കുന്നത്.ജബൽ അഖ്ദറിലെ കർഷകർ പലരും പരമ്പാരഗതഗായി പനിനീർ കൃഷി നടത്തുന്നവരാണ്. വർഷങ്ങളിയി ഈ കൃഷി നടത്തുന്നവരും പിതാക്കളിൽ നിന്നും പിതാമഹൻമാരിൽ നിന്നും കൃഷി പഠിച്ചവരും നിരവധിയാണ്. ചെറുതും വലുതുമായി തോട്ടങ്ങളിൽ നിന്ന് പൂക്കൾ ശേഖരിച്ച് ഫാക്ടറികളിൽ എത്തിക്കുന്നവരും നിരവധിയാണ്.പുതിയ തലമുറയിലെ ചിലർ പനീനീർ കൃഷി ടൂറിസത്തിന്‍റെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. വിനോദ സഞ്ചാരികളെ ദിവസങ്ങളോളം ഒപ്പം ചേർത്ത് പനിനീർ പൂ പറിക്കലും അനുബന്ധ കാര്യങ്ങളും ടൂറിസത്തിനായി ഉപയോഗിക്കുന്നവരാണിവർ.
ജബൽ അഖ്ദറിൽ റോസാപ്പൂവിറുക്കുന്ന കർഷകൻ (ഫയൽ)
ചിലപ്പോൾ ഏഴ് ദിവസമോ മൂന്നാഴ്ചയോ ഒക്കെയായി തങ്ങി തോട്ടത്തിൽപോയി പൂക്കൾ ശേഖരിക്കുന്നതിലും അനുബന്ധ കാര്യങ്ങളിലും ഭാഗവാക്കാവുന്ന പരിപാടിയാണിത്.പൂ പറിക്കുന്നതിന് പ്രത്യേക രീതിയുണ്ട്. നടുവിരളും തള്ള വിരളം ഉപയോഗിച്ചാണ് പൂക്കൾ പറിച്ചെടുക്കുന്നത്. ഏതായാലും ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്ന റോസ് വാട്ടര്‍ അന്താരാഷ്ട്ര വിപണിയിലടക്കം ഏറെ ആവശ്യക്കാരുള്ളവയാണ്. പനിനീർ നട്ടു വളർത്തലും പൂക്കളിൽ റോസ് വാട്ടർ ഉൽപാദിപ്പിക്കലുമൊക്കെ ജബൽ അഖ്ദറിലെ കർഷകരുടെ പ്രധാന വരുമാന മാർഗ്ഗമാണ്. അൽ ഐൻ, അൽ ശുറൈജ, സൈഖ്, അൽ ഖാഷാ എന്നീ ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതൽ പനിനീർ കൃഷി നടക്കുന്നത്. ഇവിടെ ഏഴ് ഏക്കറിൽ 5,000ൽ പരം പനിനീർ ചെടികളുണ്ട്. ഒരു ഏക്കറിൽ നിന്ന് നാലായിരം ലിറ്റർ റോസ് വാട്ടർ ഉൽപാദിപ്പിക്കാനാവും. മൊത്തം 28,000 ലിറ്റർ റോസ് വാട്ടറാണ് ജബൽ അഖ്ദറിൽ ഒരു സീസണിൽ നിന്ന് ഉൽപാദിപ്പിക്കാൻ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.