ആഗോള സമാധാന സൂചിക: മിഡിലീസ്റ്റിൽ ഒമാന് മുന്നേറ്റം

മസ്കത്ത്: 2026-ലെ ആഗോള സമാധാന സൂചികയിൽ (ഗ്ലോബൽ പീസ് ഇൻഡക്സ്) മിഡിൽ ഈസ്റ്റ് മേഖലയിൽ ഒമാൻ മൂന്നാമത്. ആസ്ത്രേലിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (ഐ.ഇ.പി) പുറത്തുവിട്ട ആഗോള സമാധാന സൂചികയിലാണ് ഒമാന്റെ നേട്ടം. മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും സമാധാനഭരിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിനും കുവൈത്തിനും തൊട്ടുപിന്നിലായാണ് ഒമാന്റെ സ്ഥാനം. യു.എ.ഇ നാലും ജോർഡൻ അഞ്ചും സ്ഥാനത്താണ്.

ആഭ്യന്തര സുരക്ഷാ ക്രമീകരണങ്ങളിലെ പുരോഗതിയും സൈനികവൽക്കരണ തോതിലെ കുറവും മുൻനിർത്തി ഒമാൻ ആഗോളതലത്തിൽ വൻ മുന്നേറ്റമാണ് നടത്തിയത്. രാത്രികാലങ്ങളിൽ ഉൾപ്പെടെ ജനങ്ങൾക്ക് ഭയമില്ലാതെ ജീവിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആദ്യത്തെ 10 രാജ്യങ്ങളുടെ പട്ടികയിലും ഒമാൻ ഇടംപിടിച്ചിരുന്നു. ആഭ്യന്തര യുദ്ധവും സംഘർഷങ്ങളും തുടരുന്ന യമൻ, സിറിയ എന്നീ രാജ്യങ്ങളാണ് മിഡിൽ ഈസ്റ്റ് മേഖലയിൽ സമാധാന സൂചികയിൽ ഏറ്റവും പിന്നിലുള്ളത്.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് എല്ലാ വർഷവും പുറത്തുവിടുന്നതാണ് ആഗോള സമാധാന സൂചിക. സാമൂഹിക സുരക്ഷ, ആഭ്യന്തര-അന്തർദേശീയ സംഘർഷങ്ങൾ, സൈനികവൽക്കരണം എന്നിവയെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ സമാധാന അന്തരീക്ഷം അളക്കുന്നത്. സുസ്ഥിര വികസനം, നിക്ഷേപം, ജനങ്ങളുടെ ജീവിതനിലവാരം എന്നിവ വിലയിരുത്താൻ ഭരണകർത്താക്കൾ ഈ സൂചിക പ്രധാന മാനദണ്ഡമായി കണക്കാക്കുന്നു.

ലോകത്തിലെ ഏറ്റവും സമാധാനഭരിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഐസ്‌ലൻഡ് വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി. തുടർച്ചയായി 19 ആം വർഷമാണ് ഐസ്‌ലൻഡ് ഈ പദവി നിലനിർത്തുന്നത്. പട്ടികയിൽ ന്യൂസിലൻഡ് രണ്ടാം സ്ഥാനത്തും സ്വിറ്റ്‌സർലൻഡ് മൂന്നാം സ്ഥാനത്തും എത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആഗോള സമാധാന അന്തരീക്ഷത്തിൽ 0.7 ശതമാനം ഇടിവുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. പട്ടികയിലുള്ള 163 രാജ്യങ്ങളിൽ 99 രാജ്യങ്ങളിലെയും സ്ഥിതി മുൻവർഷത്തേക്കാൾ മോശമായിട്ടുണ്ട്. പട്ടികയിൽ 127 ആം സ്ഥാനത്താണ് ഇന്ത്യ. ആഭ്യന്തര രാഷ്ട്രീയ അസ്ഥിരതയും അക്രമങ്ങളും കാരണം അമേരിക്ക 134 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.   

Tags:    
News Summary - Global Peace Index: Oman advances in the Middle East

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.