സുരക്ഷിതമാവട്ടെ, മെഡിക്കൽ ഉൽപന്നങ്ങളുടെ ഉപയോഗം

മസ്കത്ത്: സുൽത്താനേറ്റിൽ ഗുണനിലവാരമില്ലാത്തതും വ്യാജവുമായ മെഡിക്കൽ ഉൽപന്നങ്ങളുടെ വിപണനവും ഉപയോഗവും തടയാൻ ഒമാൻ ആരോഗ്യ മന്ത്രാലയം വിപുലമായ ബോധവൽകരണ കാമ്പയിൻ ആരംഭിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ് സേഫ്റ്റി സെന്ററിന്റെ നേതൃത്വത്തിലാണ് പൊതുജനങ്ങൾക്കും ആരോഗ്യ മേഖലയിലുള്ളവർക്കുമായി ഈ കാമ്പയിൻ സംഘടിപ്പിക്കുന്നത്. മെഡിക്കൽ ഉൽപന്നങ്ങളുടെ സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

ആരോഗ്യ സംരക്ഷണവും ബോധവൽകരണവും ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാമ്പയിൻ രൂപകൽപന ചെയ്തിരിക്കുന്നത്. മരുന്നുകളുടെ സുരക്ഷ പരിശോധിക്കാതെ കുറഞ്ഞ വില നോക്കി പൊതുജനങ്ങൾ ഇത്തരം ഉൽപന്നങ്ങൾ വാങ്ങിക്കൂട്ടുന്നുണ്ട്. പ്രത്യേകിച്ച്, ശരീരഭാരം കുറക്കാനുള്ള മരുന്നുകൾ, പോഷകാഹാര സപ്ലിമെന്റുകൾ, ഉത്തേജക മരുന്നുകൾ എന്നിവക്കുള്ള ഡിമാൻഡ് ചൂഷണം ചെയ്ത് വ്യാജ ഉൽപന്നങ്ങൾ വിപണിയിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, യുവാക്കൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെയാണ് കാമ്പയിൻ പ്രധാനമായും ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ, കണ്ടന്റ് ക്രിയേറ്റേഴ്സ്, മെഡിക്കൽ വിതരണ ശൃംഖലകൾ എന്നിവരെയും ഇതിൽ പങ്കാളികളാക്കും. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ ഡ്രഗ് സേഫ്റ്റി സെന്റർ ജീവനക്കാർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിക്കും. പൊതുജനങ്ങൾക്കായി ജൂലൈ രണ്ടിന് സിറ്റി സെന്റർ സീബിൽ പ്രത്യേക ‘ഓപ്പൺ ഡേ’ സംഘടിപ്പിക്കും. ഇതിൽ വിവിധ ആരോഗ്യ അതോറിറ്റികൾ പങ്കെടുക്കും. കൂടാതെ ആരോഗ്യ പ്രവർത്തകർക്കും മെഡിക്കൽ എക്യുപ്‌മെന്റ് എഞ്ചിനീയർമാർക്കുമായി പ്രത്യേക വർക്ക്‌ഷോപ്പുകളും ഉണ്ടാകും.

വ്യാജ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും രോഗികളുടെ ആരോഗ്യത്തിന് നേരിട്ട് ഭീഷണിയാണെന്ന് ഡ്രഗ് സേഫ്റ്റി സെന്റർ മുന്നറിയിപ്പ് നൽകുന്നു. ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചികിത്സ വൈകിപ്പിക്കാനും രോഗം വഷളാക്കാനും ചില സാഹചര്യങ്ങളിൽ മരണത്തിന് വരെ കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഒരു മെഡിക്കൽ ഉൽപന്നം വിപണിയിൽ എത്തുന്നതിന് മുമ്പ് തന്നെ ഒമാൻ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്.

ഉൽപന്നങ്ങളുടെ രജിസ്‌ട്രേഷൻ, നിർമാണ ശാലകളുടെ പരിശോധന, അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം, സംഭരണ രീതികൾ, വിപുലമായ ലബോറട്ടറി പരിശോധനകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിപണിയിൽ എത്തിയ ശേഷവും ഉൽപന്നങ്ങളുടെ സുരക്ഷാ നിരീക്ഷണം തുടർച്ചയായി നടക്കും. അന്താരാഷ്ട്ര തലത്തിലുള്ള മുന്നറിയിപ്പുകളും പൊതുജനങ്ങളിൽ നിന്നും ആരോഗ്യ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളും അടിസ്ഥാനമാക്കി സുരക്ഷിതമല്ലാത്ത മരുന്നുകൾ വിപണിയിൽ നിന്ന് ഉടൻ പിൻവലിക്കുമെന്നും ഡ്രഗ് സേഫ്റ്റി സെന്റർ വ്യക്തമാക്കി.

Tags:    
News Summary - Be safe, use medical products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.