ജബൽ അഖ്ദർ ഫെസ്റ്റിവലിൽനിന്ന്
മസ്കത്ത്: ജബൽ അഖ്ദർ ഫെസ്റ്റിവൽ ആളുകളെ ആകർഷിക്കുന്നു. ആഗസ്റ്റ് ഒന്നിന് തുടങ്ങിയ ഫെസ്റ്റിവലിൽ 15 വരെയായി എത്തിയത് 1,50,000ത്തിൽ അധികം സന്ദർശകർ. അവസാനിക്കുമ്പോഴേക്കും സന്ദർശകരുടെ എണ്ണം 300,000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേശീയ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുക, ടൂറിസം മേഖലയുടെ സംഭാവന വർധിപ്പിക്കുക, പ്രാദേശിക ഉള്ളടക്കത്തെ പിന്തുണക്കുക എന്നിവ ലക്ഷ്യമിടുന്ന ‘ഒമാൻ വിഷൻ 2040’ ന്റെ ലക്ഷ്യങ്ങളുമായി ഈ ഉത്സവം യോജിക്കുന്നു.
ജബൽ അഖ്ദർ ഫെസ്റ്റിവലിൽനിന്ന്
ദാഖിലിയ ഗവർണറേറ്റിനെ പുനരുജ്ജീവിപ്പിക്കുന്നതിനും ജബൽ അഖ്ദറിന്റെ പ്രകൃതിദത്തവും സാംസ്കാരികവുമായ ആസ്തികൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കുന്നതിനുമായി രൂപകൽപന ചെയ്ത സംയോജിത പരിപാടികളാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജബൽ അഖ്ദറിൽ നിരവധി വികസന, നിക്ഷേപ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് ദാഖിലിയ ഗവർണർ ശൈഖ് ഹിലാൽ സഈസദ് അൽ ഹജ്രി ഒമാൻ ന്യൂസ് ഏജൻസിയോട് (ഒ.എൻ.എ) പറഞ്ഞു.
സർക്കാർ, സ്വകാര്യ നിക്ഷേപങ്ങൾ 13 മില്യൺ റിയാലിലധികം വരും. അടിസ്ഥാന സൗകര്യ വികസനം, ടൂറിസം ആകർഷണങ്ങൾ വർധിപ്പിക്കൽ, ജീവിത നിലവാരം മെച്ചപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
1.1 ദശലക്ഷം റിയാലിലധികം ചെലവ് വരുന്ന ജബൽ അഖ്ദർ പാർക്ക്, 1.37 ദശലക്ഷംറിയാലിന്റെ പൂർത്തീകരിച്ച ഇന്റേണൽ റോഡ് പദ്ധതികൾ, 1.4 ദശലക്ഷം റിയാലിന്റെ അധിക പാക്കേജ് എന്നിവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുന്നതിനും ജബൽ അഖ്ദറിന്റെ പ്രകൃതി, സാംസ്കാരിക ആസ്തികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ആഗസ്റ്റ് 30 വരെ നീണ്ടുനിൽക്കും. എല്ലാ പ്രായക്കാർക്കുമുള്ള സാംസ്കാരിക പ്രകടനങ്ങൾ, കായിക മത്സരങ്ങൾ, വിനോദ പരിപാടികൾ എന്നിവ നടത്തും.
പ്രകൃതി വിഭവങ്ങളിലെ നിക്ഷേപത്തെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണവുമായി യോജിപ്പിച്ച് സുസ്ഥിര വിനോദസഞ്ചാരത്തെ ഫെസ്റ്റിവൽ പിന്തുണക്കുന്നുണ്ടെന്ന് ദാഖിലിയ ഗവർണർ ശൈഖ് ഹിലാൽ ബിൻ സഈദ് അൽ ഹജ്രി പറഞ്ഞു.
65 ചെറുകിട, ഇടത്തരം സംരംഭങ്ങൾ പങ്കെടുക്കുന്നുണ്ടെന്നും പത്ത് പ്രാദേശിക കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെസ്റ്റിവൽ പ്രാദേശിക യുവാക്കൾക്ക് സംഘടനാപരവും പിന്തുണാപരവുമായ റോളുകളിൽ 60 താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
ഫെസ്റ്റിവൽ ഗ്രൗണ്ടിൽ കുട്ടികൾക്കും യുവാക്കൾക്കും വേണ്ടിയുള്ള പ്രത്യേക സ്ഥലങ്ങൾ, പ്രകടനങ്ങൾക്കായി തിയറ്റർ, അമ്യൂസ്മെന്റ് റൈഡുകൾ, ഭക്ഷണശാലകൾ എന്നിവ ഉൾപ്പെടുന്നു. ഫോക്ലോർ ഗ്രൂപ്പുകൾ, ലംബോർഗിനി ക്ലബ്, വാണ്ടർ ഡ്രൈവ്- സ്പോർട്സ് കാർ ടീം എന്നിവയും പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.