കടൽവിഭവങ്ങളിൽ ജാഗ്രത വേണമെന്ന് ഭക്ഷ്യ സുരക്ഷ അതോറിറ്റി

മസ്‌കത്ത്: റമദാൻ കാലത്ത് കടൽ വിഭവങ്ങളുടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ സംരക്ഷണത്തിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഒമാനിലെ ഭക്ഷ്യസുരക്ഷാ അതോറിറ്റി.

ശുചിത്വ- സംഭരണ മാനദണ്ഡങ്ങൾ പാലിക്കുന്ന വിശ്വസനീയവും ലൈസൻസുള്ളതുമായ വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് മാത്രമേ മത്സ്യമടക്കമുള്ള കടൽ വിഭവങ്ങളും കൂടുതൽ ദിവസം സൂക്ഷിക്കാൻ കഴിയാത്ത ഭക്ഷ്യവസ്തുക്കളും വാങ്ങാവൂ എന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ (എഫ്.എസ്.ക്യു.സി) പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. മൽസ്യമടക്കമുള്ള കടൽ വിഭവങ്ങൾ പുതുമ നിലനിർത്താനും മലിനീകരണം ഒഴിവാക്കാനും ശരിയായ തണുപ്പിൽ സൂക്ഷിച്ചും ശുചിത്വമുള്ള സാഹചര്യങ്ങളിൽ പ്രദർശിപ്പിക്കുകയും വേണം. മത്സ്യങ്ങൾ മതിയായ ഐസിൽ സൂക്ഷിക്കുകയും ആവശ്യമായ താപനിലയിൽ നിലനിർത്തുകയും ചെയ്യണം.

വിൽപന സ്ഥലങ്ങൾ ശുചിയുള്ളതായിരിക്കണമെന്നും അധികൃതർ അറിയിച്ചു.

തെളിഞ്ഞതും വ്യക്തവുമായ കണ്ണുകൾ, ഉറച്ച മാംസം, സ്വാഭാവികവും മൃദുവുമായ ഗന്ധം എന്നിവ മൽസ്യങ്ങൾ ഫ്രഷ് ആണെന്ന് തിരിച്ചറിയാനുള്ള പ്രധാന ലക്ഷണങ്ങളെന്ന് എഫ്.എസ്.ക്യു.സി പറഞ്ഞു.

ശുചിത്വമില്ലാത്ത ഉപരിതലങ്ങളിൽ വെച്ചതോ മതിയായ തണുപ്പില്ലാതെ സൂക്ഷിച്ചതോ ആയ മത്സ്യങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

റമദാൻ കാലത്ത് കുടുംബ സംഗമങ്ങളും കൂട്ടായ ഇഫ്താർ വിരുന്നുകളും വർധിക്കുന്നതിനാൽ, സുരക്ഷിതമായ ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതാണ് കുടുംബാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ആദ്യപടിയെന്ന് എഫ്.എസ്.ക്യു.സി ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം റമദാൻ ഭക്ഷണങ്ങൾ ആരോഗ്യകരവും സുരക്ഷിതവുമായിരിക്കണമെന്ന് ഉറപ്പാക്കാൻ പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്നും എഫ്.എസ്.ക്യു.സി വ്യക്തമാക്കി.

Tags:    
News Summary - Food Safety Authority urges caution with seafood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT