മസ്കത്ത്: യുദ്ധത്തിനിടെ ഇറാനിൽ കുടുങ്ങിയ മലയാളി കുടുംബം ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കക്കും വിരാമമിട്ട് ഒടുവിൽ മസ്കത്തിൽ തിരിച്ചെത്തി. ടൂറിസ്റ്റ് വിസയിൽ ഇറാനിലെത്തിയ മലപ്പുറം വള്ളിക്കുന്ന്, ചെട്ടിപ്പടി സ്വദേശികളായ മുഹമ്മദ് റഫീഖ്, മുഹമ്മദ് ഷഫീഖ്, നൗറിന്, സോഫിയ എന്നിവരാണ് വ്യാഴാഴ്ച ഉച്ചയോടെ ഇറാനിൽനിന്ന് ഇറാഖിലെ ബസ്റ വഴി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഒമാനിൽനിന്ന് ഉന്നതതല ഇടപെടലുണ്ടായതിനു പിന്നാലെയാണ് ഇറാഖ് വിസ ലഭിച്ച് സംഘം സുൽത്താനേറ്റിൽ തിരിച്ചെത്തിയത്. ഒമാനിലെ സൂറിൽ താമസിക്കുന്ന സംഘം പെരുന്നാൾ അവധിയുടെ ഭാഗമായാണ് ഇറാനിലെത്തുന്നത്.
ടൂറിസ്റ്റ് സ്ഥലങ്ങൾ സന്ദർശിച്ച് നാലു ദിവസത്തിനുശേഷം മസ്കത്തിലേക്ക് തിരിക്കാനായി തെഹ്റാനിൽ പോകാനിരിക്കെയാണ് ജൂൺ 12ന് പുലർച്ചെ ഇസ്രായേൽ ആക്രമണം ഉണ്ടാകുന്നതെന്ന് മുഹമ്മദ് റഫീഖ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. താമസിക്കുന്ന ഹോട്ടലിന്റെ ലോഞ്ചിൽനിന്ന് നോക്കുമ്പോൾ പുകച്ചുരുളുകളും തീയും മറ്റും കാണാമായിരുന്നു.
ഒടുവിൽ മസ്കത്തിലേക്ക് തിരിക്കാനായി ടാക്സി കാറിൽ ഞങ്ങൾ തെഹ്റാനിലേക്ക് പോയി. എന്നാൽ, പ്രതീക്ഷിക്കുന്നതിനും അപ്പുറത്തായിരുന്നു തെഹ്റാനിലെ സ്ഥിതിഗതികൾ. അവിടെനിന്നും എല്ലാവരേയും ഒഴിപ്പിക്കുകയായിരുന്നു. ഇതോടെ ആശങ്ക വർധിക്കുകയും ഒടുവിൽ ഇറാനിലെ ഇന്ത്യൻ എംബസി നമ്പറിൽ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം എന്ന് റഫീഖ് പറഞ്ഞു. എന്നാൽ, കൂടെയുണ്ടായിരുന്ന ഒമാനികൾ ഞങ്ങളെ ഒമാൻ എംബസിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്വന്തം പൗരൻമാരെ അല്ലാതെ മറ്റുള്ളവരെ സ്വീകരിക്കാൻ ഒമാൻ എംബസിക്ക് നിർവാഹമുണ്ടായിരുന്നില്ല. എന്നാൽ, കൂടെയുണ്ടായിരുന്ന ഒമാനികളുടെ ഇടപെടലിനെത്തുടർന്ന് താൽക്കാലിക താമസസൗകര്യം ലഭിച്ചു.
അവധി ദിനമായ വെള്ളി, ശനി ദിവസംവരെ ഈ താൽക്കാലിക സൗകര്യം ഉപയോഗപ്പെടുത്തണമെന്നും അതിനുശേഷം ഇന്ത്യൻ എംബസിയെ സമീപിക്കണമെന്നുമായിരുന്നു ഒമാൻ അധികൃതർ പറഞ്ഞിരുന്നതെന്ന് റഫീഖ് പറഞ്ഞു. ഇതിനിടക്ക് ഞങ്ങൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും പ്രതീക്ഷാവഹമായിരുന്നില്ല അവിടെനിന്നുള്ള മറുപടി. അവധി ദിവസം കഴിഞ്ഞതോടെ സ്വന്തം പൗരൻമാരെ തിരിച്ച് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഒമാൻ ആരംഭിച്ചിരുന്നു. ഞങ്ങളുടെ യാത്ര വീണ്ടും അനിശ്ചിതമായി നീണ്ടു.
കൂടെയുണ്ടായിരുന്നു ഒമാനി പൗരന്റെ ശക്തമായ ഇടപെടലും മാനുഷിക പരിഗണനയും കണക്കിലെടുത്ത് അധികൃതർ വീണ്ടും ഞങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കി. ഇതോടെ ബന്ദറുൽ അബ്ബാസ് വഴി ഇറാഖിലേക്കുള്ള ബസ്റയിലേക്ക് ഒമാനി പൗരൻമാരുടെ കൂടെ ഞങ്ങളെയും കൂട്ടി. അങ്ങനെ ബസ്റയിൽ എത്തി. ഇനി പെട്ടെന്ന് മസ്കത്തിലേക്ക് തിരിക്കാമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് മറ്റൊരു തടസ്സം ഉടലെടുക്കുന്നത്. ഞങ്ങൾക്ക് ഇറാഖ് വിസ ഉണ്ടായിരുന്നില്ല. കൂടെയുണ്ടായിരുന്ന ഒമാനികൾക്കെല്ലാം ഉന്നത ബന്ധപ്പെടലിലൂടെ വിസ ലഭിച്ചിരുന്നു.
ഞങ്ങൾ വീണ്ടും ഇറാനിലേക്ക് തന്നെ തിരിച്ചുപോകണമെന്ന നിലപാടിലായിരുന്നു ഇറാഖ് ഉദ്യോഗസ്ഥർ. ഇവിടെയും കൂടെയുണ്ടായിരുന്ന ഒമാനികൾ ഇടപെടാൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.
ഇതിനിടെ അവിടെ ദൈവദൂതനെ പോലെ എത്തിയ ഉന്നത ഒമാനി ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലാണ് ഞങ്ങൾക്ക് വിസയും മസ്കത്തിലേക്ക് തിരിക്കാനുള്ള വഴിയും ഒരുങ്ങിയതെന്ന് റഫീഖ് പറഞ്ഞു.
അദ്ദേഹം മസ്കത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനെ തുടർന്നാണ് ഞങ്ങളുടെ കാര്യത്തിൽ അനുകൂലമായി നടപടിയുണ്ടാകുന്നത്. കൂടെയുണ്ടായിരുന്ന ഒമാനികൾക്കും ഞങ്ങളുടെ കാര്യത്തിൽ ഇടപെട്ട സുൽത്താനേറ്റിലെ ഉദ്യോഗസ്ഥർക്കും അകമഴിഞ്ഞ നന്ദി അറിയിക്കുകയാണെന്ന് മലയാളി കുടുംബം ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
ഉച്ചയോടെ തന്നെ ഇവർ മസ്കത്തിൽനിന്ന് താമസസ്ഥലമായ സൂറിലേക്ക് പോകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.