മസ്കത്ത്: ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഒമാൻ. പരമാധികാര സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള ഈ ആക്രമണം അപകടകരവും വീണ്ടുവിചാരമില്ലാത്തതുമായ നീക്കമാണെന്നും ഇത് നിരവധി പേരുടെ മരണത്തിന് കാരണമായെന്നും ഒമാൻ പ്രസ്താവനയിൽ പറഞ്ഞു. ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണ് ഈ നടപടിയെന്നും ഒമാൻ സുൽത്താനേറ്റ് ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമണങ്ങൾ സമാധാന ശ്രമങ്ങളെ തകർക്കുകയും മേഖലയുടെ സ്ഥിരതക്ക് ഭീഷണിയാകുകയും ചെയ്യുമെന്ന് ഒമാൻ മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച പുലർച്ചെയാണ് ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയത്. തലസ്ഥാന നഗരമായ തെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇറാൻ റവല്യൂഷനറി ഗാർഡ് (ഐ.ആർ.ജി.സി) ചീഫ് കമാൻഡറും മുതിർന്ന സൈനികരും കൊല്ലപ്പെട്ടു.
ഐ.ആർ.ജി.സിയുടെ ചീഫ് കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമിയാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങലെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് സലാമി കൊല്ലപ്പെട്ടതെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു. കൂടാതെ, മുതിർന്ന ആണവ ശാസ്ത്രഞ്ജനും ഇസ്ലാമിക് ആസാദി യൂനിവേഴ്സിറ്റി പ്രസിഡന്റുമായ മുഹമ്മദ് മെഹ്ദി, ആണവ ശാസ്ത്രഞ്ജനും ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവനുമായ ഫെറെയ്ദൂൻ അബ്ബാസിയും സിവിലിയൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ ആക്രമണം പശ്ചിമേഷ്യയെ വീണ്ടും യുദ്ധസമാന ഭീതിയിലാക്കി. ഇസ്രായേൽ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് നേരത്തെ തന്നെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
യാത്ര വൈകൽ ഒഴിവാക്കാൻ; വിമാനകമ്പനികളുമായി ബന്ധപ്പെടണം -ഒമാൻ എയർപോർട്സ്
മസ്കത്ത്: മേഖലയിലെ പുതിയ സംഘർഷ പശ്ചാതലത്തിൽ മസ്കത്ത് സന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള യാത്രക്കാരുടെ കലതാമസം ഒഴിവാക്കാൻ ടെർമിനലിൽ എത്തുന്നതിനുമുമ്പ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ സമയക്രമങ്ങൾ ഉറപ്പുവരുത്തണമെന്ന് ഒമാൻ എയർപോർട്സ് അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടു.
യാത്ര തടസ്സങ്ങൾ കുറക്കുന്നതിനും ഷെഡ്യൂൾ മാറ്റങ്ങളോ കാലതാമസമോ യാത്രക്കാരെ അറിയിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.