ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഫിസിക്കൽ സിം ഇല്ലാതെ ഐഫോൺ 18 പ്രോ മോഡലുകൾ
മനാമ: ആപ്പിളിന്റെ പുതിയ മോഡലുകളായ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ ബഹ്‌റൈൻ ഉൾപ്പെടെ തെരഞ്ഞെടുത്ത രാജ്യങ്ങളിൽ ഇ-സിം മാത്രമുള്ള പതിപ്പുകളായി വിപണിയിലെത്തും. ഈ രാജ്യങ്ങളിൽ വിൽക്കുന്ന മോഡലുകളിൽ സാധാരണ ഉപയോഗിക്കുന്ന ഫിസിക്കൽ സിം കാർഡ് ഇടാനുള്ള സ്ലോട്ട് ഉണ്ടായിരിക്കുന്നതല്ല.
ബഹ്‌റൈന് പുറമെ അമേരിക്ക, കാനഡ, ജപ്പാൻ, കുവൈത്ത്, മെക്സിക്കോ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ഗുവാം, യു.എസ് വിർജിൻ ഐലൻഡ്സ് എന്നീ രാജ്യങ്ങളിലാണ് ഇ-സിം മാത്രമുള്ള ഫോണുകൾ ലഭിക്കുക. മുൻ പതിപ്പായ ഐഫോൺ 17 പ്രോ മോഡലുകളിലും ഇതേ രാജ്യങ്ങളിൽ ഫിസിക്കൽ സിം ഒഴിവാക്കിയിരുന്നു.
അതിനാൽ ഈ വർഷം ഇക്കാര്യത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാൽ ലോകമെമ്പാടുമായി പുറത്തിറങ്ങുന്ന പുതിയ ഐഫോൺ ഡ്യുവോ മോഡൽ പൂർണ്ണമായും ഇ-സിം പിന്തുണയോടെ മാത്രമാണ് വിപണിയിലെത്തുന്നത്.
അതേസമയം, യുകെ, യൂറോപ്പിലെ മറ്റു രാജ്യങ്ങൾ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ വിൽക്കുന്ന ഫോണുകളിൽ ഇ-സിമ്മിനൊപ്പം നാനോ സിം കാർഡ് സ്ലോട്ടും തുടർന്നും ലഭ്യമാകും. ചൈനയിൽ രണ്ട് നാനോ സിമ്മുകൾ, ഒരു നാനോ സിമ്മും ഒരു ഇ-സിമ്മും, അല്ലെങ്കിൽ രണ്ട് ഇ-സിമ്മുകൾ ഉപയോഗിക്കാവുന്ന രീതിയിലാണ് ഫോൺ ലഭിക്കുക.
ഫിസിക്കൽ സിം കാർഡിന്റെ ഡിജിറ്റൽ രൂപമാണ് ഇ-സിം. ഫോണിൽ നിന്നും സിം ട്രേ ഒഴിവാക്കിയതിലൂടെ ലഭിച്ച അധിക സ്ഥലം കൂടുതൽ ശേഷിയുള്ള വലിയ ബാറ്ററി ഉൾപ്പെടുത്താൻ ഉപയോഗിച്ചതായി ആപ്പിൾ വ്യക്തമാക്കുന്നു.
2022-ൽ അമേരിക്കയിൽ പുറത്തിറക്കിയ ഐഫോൺ 14 സീരീസ് മുതലാണ് ആപ്പിൾ ഫിസിക്കൽ സിം കാർഡുകൾ ഒഴിവാക്കാൻ തുടങ്ങിയത്. ഫിസിക്കൽ സിമ്മിനേക്കാൾ കൂടുതൽ സുരക്ഷിതമാണ് ഇ-സിം എന്നാണ് കമ്പനി ചൂണ്ടിക്കാണിക്കുന്നത്. ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ അതിൽ നിന്നും സിം ഊരിമാറ്റാൻ സാധിക്കില്ല എന്നതാണ് പ്രധാന നേട്ടം.
കൂടാതെ ഒരേസമയം എട്ട് ഇ-സിമ്മുകൾ വരെ ഒരു ഐഫോണിൽ സേവ് ചെയ്യാൻ സാധിക്കും. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ സിം കാർഡുകൾ മാറ്റി ഉപയോഗിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.