ജി.സി.സി ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ; ആറ് രാജ്യങ്ങളും ഒറ്റ വിസയിൽ സന്ദർശിക്കാം

മസ്‌കത്ത്: ഗൾഫ് സഹകരണ കൗൺസിലിലെ ആറ് രാജ്യങ്ങളിലേക്കും ഒറ്റ വിസയിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നിലവിൽ വരും. ഒമാൻ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. ‘ജി.സി.സി ഗ്രാൻഡ് ടൂർസ്’ എന്ന പേരിലാണ് ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി പരിഗണിക്കുന്നത്.

യൂറോപ്പിലെ ഷെങ്കൻ വിസ മാതൃകയിൽ, ഒരു വിസ ഉപയോഗിച്ച് ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് അവസരം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ ഓരോ ജി.സി.സി രാജ്യത്തേക്കും പ്രത്യേകമായി വിസ നടപടികൾ പൂർത്തിയാക്കേണ്ട സാഹചര്യമുണ്ട്.

ഏകീകൃത വിസ പ്രാബല്യത്തിൽ വരുന്നതോടെ ഈ നടപടികൾ ലളിതമാകുകയും രാജ്യങ്ങൾക്കിടയിലെ വിനോദസഞ്ചാരികളുടെ സഞ്ചാരം കൂടുതൽ സുഗമമാകുകയും ചെയ്യും. ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളെ ഒരൊറ്റ യാത്രാ പദ്ധതിയിലൂടെ സന്ദർശിക്കാൻ സാധിക്കുന്നതിനാൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കാനും പ്രാദേശിക ടൂറിസം മേഖലയുടെ വളർച്ച ശക്തിപ്പെടുത്താനും പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

എന്നാൽ ഏകീകൃത വിസയുടെ അപേക്ഷാ നടപടികൾ, ഫീസ്, കാലാവധി, യോഗ്യതാ മാനദണ്ഡങ്ങൾ, പ്രാബല്യത്തിൽ വരുന്ന കൃത്യമായ തീയതി എന്നിവ സംബന്ധിച്ച അന്തിമ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പദ്ധതി സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വൈകാതെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    
News Summary - GCC Unified Tourist Visa Coming Soon: Visit All Six Countries with a Single Visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.