ഒമാനിൽ എ.ഐ മേഖലയിൽ വൻ കുതിപ്പ്; സ്റ്റാർട്ടപ്പുകളിൽ 91 ശതമാനം വളർച്ച

മസ്‌കത്ത്: രാജ്യത്തെ സാമ്പത്തിക-വികസന മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യകളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായി ഒമാന്റെ എ.ഐ മേഖലയിൽ വൻ മുന്നേറ്റം. ഈ രംഗത്തെ വളർച്ച ഒമാനി യുവാക്കൾക്ക് വിജ്ഞാനാധിഷ്ഠിത കമ്പനികൾ സ്ഥാപിക്കുന്നതിനും സർക്കാർ-സ്വകാര്യ മേഖലകൾക്കായി നൂതന ഡിജിറ്റൽ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പുതിയ അവസരങ്ങളാണ് തുറന്നുനൽകുന്നത്.

സുൽത്താനേറ്റിന്റെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണക്കുന്നതിൽ ഒമാനി എ.ഐ സ്റ്റാർട്ടപ്പുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിലെ ഡെവലപ്‌മെന്റ് ആൻഡ് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റ് മേധാവി തൗഅത്ത് ബിൻത് അബ്ദുല്ല അൽ ദാവൂദ് വ്യക്തമാക്കി. ബിസിനസ് കാര്യക്ഷമത വർധിപ്പിക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൃത്യമായ വിവരശേഖരണത്തിലൂടെയുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും സഹായിക്കുന്ന സാങ്കേതിക ഉൽപന്നങ്ങളാണ് ഈ കമ്പനികൾ വികസിപ്പിക്കുന്നതെന്ന് തൗഅത്ത് ബിൻത് അബ്ദുല്ല ഒമാൻ വാർത്താ ഏജൻസിയോട് പറഞ്ഞു.

ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി വിജ്ഞാനധിഷ്ഠിത ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാൻ ഇത് ഏറെ സഹായകരമാകും. കഴിഞ്ഞവർഷം ആഗസ്റ്റ് അവസാനത്തിലെ കണക്കനുസരിച്ച് ഒമാനിൽ എഐ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ എണ്ണം 42 ആയി ഉയർന്നിട്ടുണ്ട്. മുൻവർഷം ഇതേകാലയളവിൽ ഇത് വെറും 22 കമ്പനികൾ മാത്രമായിരുന്നു. അതായത്, ഒരു വർഷത്തിനിടെ 91 ശതമാനത്തിന്റെ വളർച്ചയാണ് ഈ മേഖല കൈവരിച്ചത്.

ആശയങ്ങൾക്കും പ്രോട്ടോടൈപ്പുകൾക്കുമപ്പുറം, വിപണിയിൽ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ കഴിയുന്ന സാങ്കേതിക ഉൽപന്നങ്ങൾ നിർമിക്കാൻ ഒമാനി കമ്പനികൾക്ക് സാധിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ വർധനവെന്ന് തൗഅത്ത് ചൂണ്ടിക്കാട്ടി. ദേശീയതലത്തിൽ സാങ്കേതിക വൈദഗ്ധ്യം വളർത്തിയെടുക്കുന്നതിനൊപ്പം, ഒമാനി യുവാക്കൾക്ക് അത്യാധുനിക സാങ്കേതിക മേഖലകളിൽ തൊഴിലവസരങ്ങളും പ്രായോഗിക പരിചയവും നൽകാൻ ഈ സ്റ്റാർട്ടപ്പുകൾക്ക് സാധിക്കുന്നുണ്ട്.

രാജ്യത്തെ എഐ കമ്പനികളുടെ വാണിജ്യപരമായ വിജയം ഈ മേഖലയിലെ നിക്ഷേപത്തിന് സ്വകാര്യ മേഖലക്കുള്ള ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക വിപണിക്ക് പുറമെ പ്രാദേശിക, ആഗോള വിപണികളിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിക്കാനുള്ള മികച്ച അവസരങ്ങളാണ് ഒമാനി എഐ സ്റ്റാർട്ടപ്പുകൾക്ക് മുന്നിലുള്ളത്. രാജ്യാന്തര പ്രദർശനങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കുന്നതിലൂടെയും ആഗോള കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിലൂടെയും ഒമാന്റെ ഡിജിറ്റൽ ശേഷി ലോകത്തിന് മുന്നിൽ തെളിയിക്കാൻ സാധിക്കും. മികച്ച ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുള്ള ഒമാൻ, ഭാവി സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ആഗോള കമ്പനികൾക്കും നിക്ഷേപകർക്കും ഏറ്റവും ആകർഷകമായ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Oman sees huge leap in AI sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.