മസ്കത്ത്: നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (എൻ.യു) സംരംഭമായ നാഷനൽ റിഹാബിലിറ്റേഷൻ ഹൗസിന്റെ (എൻ.ആർ.എച്ച്) ഔദ്യോഗിക ഉദ്ഘാടനം നടന്നു. പ്ലാനിങ് ആൻഡ് ഹെൽത്ത് റഗുലേഷൻസ് അണ്ടർ സെക്രട്ടറി ഡോ. അഹ്മദ് അൽ മന്ദരി ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന പ്രതിനിധികൾ, അംബാസഡർമാർ, ആരോഗ്യപരിചരണ പ്രഫഷണലുകൾ, പ്രാദേശിക അന്താരാഷ്ട്ര തലങ്ങളിലെ പ്രമുഖർ അടക്കമുള്ളവർ പങ്കെടുത്തു. രാജ്യത്ത് റിഹാബിലിറ്റേഷൻ സേവനങ്ങൾ ഇനിയും ഉയർത്താനുള്ള വിശാലമായ പിന്തുണയും യോജിച്ച കാഴ്ചപ്പാടും പ്രതിഫലിക്കുന്നതായിരുന്നു ഉദ്ഘാടനച്ചടങ്ങ്.
സംയോജിതവും ഉന്നത നിലവാരത്തിലുള്ളതുമായ റിഹാബിലിറ്റേഷൻ സേവനങ്ങൾക്കുള്ള രാജ്യത്തെ വർധിച്ചുവരുന്ന ആവശ്യത്തോട് പ്രതികരിക്കുകയെന്ന നാഷനൽ യൂനിവേഴ്സിറ്റിയുടെ സുപ്രധാന ദീർഘദൃഷ്ടിയാണ് എൻ.ആർ.എച്ചിന്റെ സംസ്ഥാപനം അടയാളപ്പെടുത്തുന്നത്. ഒമാൻ വിഷൻ 2040ലും പത്താം പഞ്ചവത്സര പദ്ധതിയിലും വരച്ചിട്ട രാജ്യത്തിന്റെ ദീർഘകാല ആരോഗ്യപരിചരണ ലക്ഷ്യങ്ങളിൽ വേരൂന്നിയാണ് എൻ.ആർ.എച്ച് നിലകൊള്ളുന്നത്. സമഗ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പരിചരണ മാതൃകയിലൂടെ സ്ഥായിയായ പ്രതിഫലനമാണ് ലക്ഷ്യമിടുന്നത്.
ആരോഗ്യപരിചരണ ഉന്നതിക്കും സാമൂഹിക സേവനത്തിനുമുള്ള നാഷനൽ യൂനിവേഴ്സിറ്റിയുടെ പ്രതിബദ്ധതയും ഈ നൂതന കേന്ദ്രം നിർവഹിക്കുന്നു. ആരോഗ്യ പരിചരണം മെച്ചപ്പെടുത്തുന്നതിനും നമ്മുടെ സമൂഹത്തിന്റെ ഗുണമേന്മയുള്ള ജീവിതത്തിൽ പുരോഗതിയുണ്ടാക്കാനുമുള്ള ഞങ്ങളുടെ കൂട്ടായ വീക്ഷണവും സമർപ്പണവും അചഞ്ചലമായ പ്രതിബദ്ധതയുമാണ് ഈ കേന്ദ്രമെന്ന് നാഷനൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. അലി സഊദ് അൽ ബീമാനി പറഞ്ഞു.
ഡോ. അഹ്മദ് അൽ മന്ദരി, ഒമാൻ മെഡിക്കൽ സ്പെഷ്യാലിറ്റി ബോർഡ് (ഒ.എം.എസ്.ബി) എക്സിക്യൂട്ടിവ് പ്രസിഡന്റ് ഡോ. ഫത്മ മുഹമ്മദ് അൽ അജ്മി, മെഡിക്കൽ സിറ്റി ഫോർ മിലിട്ടറി ആൻഡ് സെക്യൂരിറ്റി സർവിസസ് (സപ്ലൈസ് ആൻഡ് സപ്പോർട്ട്) അസിസ്റ്റന്റ് ചെയർമാൻ ബ്രിഗേഡിയർ അബ്ദുൽ മലിക് അൽ ഖറൂസി, ഒമാനിലെ ബഹ്റൈൻ അംബാസഡർ ഡോ. ജുമാ അൽ കഅബി, ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്, നാഷനൽ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽ സർമി, നാഷനൽ റിഹാബിലിറ്റേഷൻ ഹൗസ് സൂപ്പർവൈസറി ബോർഡ് ചെയർപേഴ്സൺ ഫദ്വ സാലിം സഈദ് അൽ ഫന്നാഹ് അൽ അരീമി അടക്കമുള്ള വിശിഷ്ട വ്യക്തികൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ. പി മുഹമ്മദ് അലി, ആരോഗ്യ മന്ത്രി ഡോ. ഹിലാൽ അൽ സബ്തി എന്നിവരിൽ നിന്നുള്ള പിന്തുണയും അദ്ദേഹം പ്രകീർത്തിച്ചു. രാജ്യത്തോടുള്ള സഹകരണാത്മക സേവനത്തിന്റെ വാഗ്ദത്ത പൂർത്തീകരണമാണ് ഈ കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ പരിചരണ കേന്ദ്രം എന്നതിലുപരി അസുഖം ഭേദമാകാനും വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള കേന്ദ്രമാണ് നാഷനൽ റിഹാബിലിറ്റേഷൻ ഹൗസ്. ഒമാനിൽ റിഹാബിലിറ്റേഷൻ ശാസ്ത്രത്തിന്റെ ഭാവിയെ രൂപപ്പെടുത്താൻ ഈ കേന്ദ്രം ലക്ഷ്യമിടുന്നു. ക്ലിനിക്കൽ മികവ് അക്കാദമിക് നൂതനത്വവുമായി സംയോജിപ്പിക്കുന്നതിലൂടെ, അക്കാദമിക് സ്ഥാപനങ്ങൾക്ക് എങ്ങനെ സുസ്ഥിര ആരോഗ്യപരിചരണ വികസനത്തിനുള്ള മാതൃകയായി നിലകൊള്ളാനാകുമെന്ന് ഇത് കാണിക്കുന്നു. മാത്രമല്ല, പ്രാദേശികമായും മേഖലാതലത്തിലും റിഹാബിലിറ്റേഷൻ നിലവാരം ഉയർത്തുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.