ഇന്ത്യൻ സമൂഹത്തിനായി പ്രവർത്തിക്കുന്ന ഒമാൻ ഗവൺമെൻറ് അംഗീകാരമുള്ള ഒരേയൊരു സാമൂഹിക സംഘടനയാണ് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ. ഭാഷയെ അടിസ്ഥാനമാക്കി, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും 28 ഭാഷാ വിഭാഗങ്ങള്‍ ഇന്ത്യന്‍ സോഷ്യൽ ക്ലബിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഈ ഭാഷാ വിഭാഗങ്ങളില്‍ മലയാളി സമൂഹത്തെ പ്രതിനിധീകരിക്കുന്ന മൂന്നു സംഘടനകളില്‍ പ്രധാനപ്പെട്ട ഒന്നാണ് കേരളവിഭാഗം.
കേരളീയരുടെയും മറ്റു പ്രവാസി സമൂഹങ്ങളുടെയും ക്ഷേമത്തിനായി കേരള വിഭാഗം നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. 2001ൽ ഉദ്ഘാടനം ചെയ്യപ്പെട്ടതു മുതല്‍, കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം പ്രചരിപ്പിക്കാൻ കേരള വിഭാഗം മുൻകൈയെടുത്ത് പ്രവര്‍ത്തിക്കുന്നു. ഒമാനിലുടനീളം വ്യാപിച്ചുകിടക്കുന്ന പതിനായിരത്തിലേറെ വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഏതൊരു പരിപാടിയും സംഘടിപ്പിക്കാനുള്ള കരുത്തും ആത്മവിശ്വാസവും കേരളവിഭാഗത്തിനു നല്കുന്നു.
കല, കായിക, ശാസ്ത്ര മേഖലകളിലെ സംവേദനാത്മകവും നൂതനവും സൃഷ്ടിപരവുമായ പഠനാനുഭവങ്ങൾ പ്രവാസികൾക്ക് പകരുന്നതിന് കേരളവിഭാഗം മുൻകൈയെടുക്കുന്നു. 2015 മുതൽ ഉണ്ടായിരുന്ന ഓഫിസ് 2020ലെ കോവിഡ് കാലത്ത് സാമ്പത്തിക ബാധ്യതകൾ കാരണം ഒഴിവാക്കേണ്ടിവന്നു. കോവിഡിനു ശേഷം കൂടിച്ചേരലുകൾക്കുള്ള വിലക്ക് മാറിയപ്പോൾ പരിപാടികൾ സംഘടിപ്പിക്കുന്നതിനും യോഗങ്ങൾ ചേരുന്നതിനും മറ്റും വലിയ പ്രയാസങ്ങൾ നേരിടുകയും ഒരു ഹാൾ ഉൾപ്പെടുന്ന ഓഫിസിനായി ശ്രമിക്കുകയും റൂവി എം.ബി.ഡിയിൽ ഹാൾ കണ്ടെത്താൻ സാധിക്കുകയും ചെയ്തു.
നവംബർ 14ന് സ്വകാര്യ സന്ദർശനത്തിനായി ഒമാനിലെത്തിയ മുൻ മന്ത്രി ടി.പി. രാമകൃഷ്ണൻ ഓഫിസിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. സാമൂഹികക്ഷേമം, കലാ വിഭാഗം, വനിത വിഭാഗം, ബാലവിഭാഗം, സാഹിത്യ വിഭാഗം, കായിക വിഭാഗം, ശാസ്ത്ര വിഭാഗം എന്നിങ്ങനെ വിവിധ സബ് കമ്മിറ്റികളുടെ കീഴിലാണ് കേരള വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.
അജയൻ പൊയ്യാറ (കൺ), ജഗദീഷ് കീരി (കോ-കൺ), ടി.കെ. സുമിത്ത് (ട്രഷറര്‍), റിയാസ് അമ്പലവൻ (സാമൂഹികക്ഷേമം/ മാധ്യമ വിഭാഗം സെക്ര), ശ്രീജ രമേഷ് (വനിത വിഭാഗം സെക്ര), മുജീബ് മജീദ്(കലാ വിഭാഗം സെക്ര) റോഹിൻ കെ. ജോൺ (ബാല/ശാസ്ത്ര വിഭാഗം സെക്ര), അഞ്ജലി ബിജു (സാഹിത്യ വിഭാഗം), ബിപിൻദാസ് (കായിക വിഭാഗം, യുവജനം) എന്നിവരാണ് ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങൾ. കേരള വിഭാഗത്തിന് നിലവിൽ 300ലേറെ അംഗങ്ങളുണ്ട്.
ഒമാനില്‍ നിന്ന് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഏക സംഘടനയാണ് കേരള വിഭാഗം. കേരള വിഭാഗത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങളുടെ ഭാഗമാണ് സാമൂഹിക ക്ഷേമ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ. നിരവധി സാമൂഹികക്ഷേമ പ്രവർത്തനങ്ങളിൽ ഇടപെടാൻ ദിനേന കേരള വിഭാഗം പ്രവർത്തകർ ഇടപെട്ടുകൊണ്ടിരിക്കുന്നു.
തൊഴിൽപ്രശ്നങ്ങൾ പലതും എംബസിയുടെ ഓപ്പൺ ഹൗസിൽ എത്തിച്ചും എംബസിയിലും തൊഴിൽ മന്ത്രാലയത്തിൽ നേരിട്ട് ഇടപെട്ടും തൊഴിലാളികൾക്ക് ഗുണകരമായ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ട്. വനിതകൾക്കായി വിവിധ ആരോഗ്യ സെമിനാറുകൾ, ക്ലാസുകൾ, വനിത ദിനാഘോഷം, കലാ കായിക മത്സരങ്ങൾ, നൃത്തപരിശീലനം എന്നിവ വനിത വേദിയുടെ കീഴിൽ സംഘടിപ്പിക്കപ്പെടുന്നു.
പുതിയ കാലത്തിന്റെ എഴുത്തിനെയും എഴുത്തുകാരെയും പരിചയപ്പെടുത്തുകയും പ്രവാസലോകത്തെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ കേരള വിഭാഗം സാഹിത്യവേദി വലിയ സംഭാവനകൾ നൽകുന്നു. മാസത്തിൽ ഒന്നോ രണ്ടോ തവണയായി നടക്കുന്ന സാഹിത്യ, സാംസ്കാരിക ചർച്ചകളിൽ ഒമാനിലെ വിവിധ മേഖലകളിലെ ആളുകൾ പങ്കാളികളാകാറുണ്ട്. സ്കൂൾ കുട്ടികൾക്കായി നടത്തുന്ന ഇന്റർ സ്കൂൾ സ്പോർട്സ്, ഒമാനിലെ വിവിധ ടീമുകൾ മത്സരിക്കുന്ന ഫുട്ബാൾ ടൂർണമെന്റുകൾ, അംഗങ്ങൾക്കായി ചെസ്, കാരംസ്, ബാഡ്മിന്റൺ ടൂർണമെന്റുകൾ, വോളിബാൾ പരിശീലനം എന്നിവ കായിക വേദിയുടെ പ്രധാന പ്രവർത്തനങ്ങളാണ്.
കേരളവിഭാഗത്തിന്റെ രൂപവത്കരണം മുതൽ എല്ലാ വർഷവും നടത്തി വരാറുള്ള യുവജനോത്സവ മത്സരങ്ങളിൽ മികച്ച പങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്. കേരളത്തിൽ നിന്നുള്ള നാടോടി കലാരൂപങ്ങളെയും ഇന്ത്യയിലെ മറ്റു വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നാടോടി കലകളെയും പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കേരള വിഭാഗം വർഷം തോറും കേരളോത്സവം എന്നപേരില്‍ മൂന്നു ദിവസം നീളുന്ന ആഘോഷ പരിപാടി സംഘടിപ്പിക്കാറുണ്ട്.
മലയാളികൾക്കു പുറമെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിപുലമായ പങ്കാളിത്തം കണക്കിലെടുത്ത് ഒമാൻ സർക്കാർ ഈ ആഘോഷപരിപാടിക്ക് ‘ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ’ എന്ന് പുനർനാമകരണം ചെയ്യണം എന്ന നിർദേശം വെച്ചു. അതിന്റെ ഫലമായി 2014 മുതൽ കേരളോത്സവം,‘ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ’ (ഐ.സി.എഫ്) എന്ന പേരിലാണ് അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.