ഇന്ത്യൻ സയൻസ് ഫോറം ‘വാർഷിക സയൻസ് ഫിയസ്റ്റ 2025’ൽ ശാസ്ത്ര പ്രതിഭകളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകിയപ്പോൾ
മസ്കത്ത്: ഇന്ത്യൻ സയൻസ് ഫോറം(ഐ.എസ്.എഫ്) നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ അൽ ഹെയിൽ കാമ്പസിൽ സംഘടിപ്പിച്ച ദ്വിദിന വാർഷിക സയൻസ് ഫിയസ്റ്റ 2025 സമാപിച്ചു. സുൽത്താനേറ്റിലെ ഭൂരിഭാഗം ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. ‘മനസ്സും യന്ത്രവും സംഗമിക്കുമ്പോൾ’ എന്ന ഈ വർഷത്തെ പ്രമേയത്തെ ആധാരമാക്കി നടത്തിയ മത്സരങ്ങൾ വിദ്യാർഥികളുടെ കഴിവുകൾ പ്രകടമാകുന്നതായി.
ശാസ്ത്ര പ്രതിഭ മത്സരത്തിൽ 5000ത്തിലധികം വിദ്യാർഥികൾ ആണ് പങ്കെടുത്തത് ഇന്ത്യൻ സ്കൂൾ ഗുബ്ര റോളിങ്ങ് ട്രോഫി കരസ്ഥമാക്കി. ഇന്ത്യൻ സ്കൂൾ ബൗഷർ, ഇന്ത്യൻ സ്കൂൾ മബേല എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇന്ത്യ-ഒമാൻ നയതന്ത്രബന്ധത്തിന്റെ 70ാം വാർഷികത്തിന് പ്രത്യേക ഊന്നൽ നൽകിയാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ഒന്നാം ദിവസത്തെ മത്സരങ്ങളിൽ ഏകദേശം 300ത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു.
ഉച്ച കഴിഞ്ഞ് നടന്ന ശാസ്ത്ര സംവാദ പരിപാടിയിൽ അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പ്രഫസർ മോനോജിത് ചൗധരി വിശിഷ്ടാതിഥിയായി. രണ്ടാം ദിനത്തിൽ, സയൻസ് എക്സിബിഷനും ക്വിസ് മത്സരവും അരങ്ങേറി. ഐ.എസ്.എഫ് പ്രോഗ്രാം കോഓഡിനേറ്ററും ഒമാനിലെ ജനപ്രിയ ക്വിസ് മാസ്റ്ററുമായ ഹാലാ പി. ജമാൽ ആയിരുന്നു ക്വിസിന് നേതൃത്വം നൽകിയത്.
ഉച്ചകഴിഞ്ഞ നടന്ന സമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ ജി. വി. ശ്രീനിവാസ്, ഇന്ത്യൻ സയൻസ് ഫോറം ചെയർമാൻ ഡോ. ജെ. രത്നകുമാർ, മുഖ്യ പ്രഭാഷകൻ പ്രഫസർ ഡോ. മോണോജിത് ചൗധരി, ഒമാനിലെ മുതിർന്ന ഐ.ടി. വിദഗ്ധൻ താരിഖ് ആൽ ബർവാനി, അൽ അൻസാരി ഗ്രൂപ്പിന്റെ സ്ഥാപകനും എം.ഡിയുമായ കിരൺ ആഷർ, ഇന്ത്യൻ സ്കൂൾസ് ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് സൽമാൻ, ഐ.എസ്.എഫ് ജനറൽ സെക്രട്ടറി എ.എം. സുരേഷ് , ജനറൽ കോഓർഡിനേറ്റർ ലതാ ശ്രീജിത്ത്, ട്രഷറർ ഗാന്ധിരാജ്, സയൻസ് ഇന്ത്യയുടെ മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ഡോ. എ.പി.ജെ. അബ്ദുൽ കലാം സയൻസ് ആൻഡ് ടെക്നോളജി അച്ചീവ്മെന്റ് അവാർഡ് ഇന്ത്യൻ അംബാസഡർ ജി. വി. ശ്രീനിവാസ് അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രഫസർ ഡോ. മോണോജിത് ചൗധരിക്ക് സമ്മാനിച്ചു.
ഇന്ത്യയും ഒമാനും തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക, ചരിത്ര, ശാസ്ത്ര രംഗങ്ങളിലെ ബന്ധങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകിയ ഡോ. ജയ്കറിന്റെ പേരിൽ ഏർപ്പെടുത്തിയ ജയ്കർ അവാർഡ് പ്രശസ്ത ഒമാനി സാങ്കേതിക വിദഗ്ധനായ താരിഖ് ഹിലാൽ ആൽ ബർവാനിക്കും സമ്മാനിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം നടന്നു. സയൻസ് ഫിയസ്റ്റ സംഘടിപ്പിച്ചതിൽ ഇന്ത്യൻ സയൻസ് ഫോറത്തെ അംബാസഡർ ജി. വി. ശ്രീനിവാസ് അഭിനന്ദിച്ചു. മുഖ്യ പ്രഭാഷണം പ്രഫസർ മോണോജിത് ചൗധരി നിർവഹിച്ചു.
വിമർശനാത്മക ചിന്ത, സർഗാത്മകത, ടീം വർക്ക് എന്നിവ പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്ര മത്സരങ്ങൾ വിദ്യാർഥികൾക്ക് അത്യന്താപേക്ഷിതമാണെന്ന് ഒമാനിലെ ഇന്ത്യൻ സയൻസ് ഫോറം ചെയർമാൻ ഡോ. ജെ. രത്നകുമാർ പറഞ്ഞു. മുലദ, ബൗഷർ എന്നീ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിച്ച നൃത്ത പരിപാടികൾ ആകർഷകമായി. ഐ.എസ്.എഫ് ജനറൽ സെക്രട്ടറി എ. എം. സുരേഷ് സ്വാഗതവും ട്രഷറർ ഗാന്ധിരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.