ഇന്ത്യൻ സ്കൂൾ സഹം വാർഷികാഘോഷത്തിൽനിന്ന്
സഹം:ഇന്ത്യൻ സ്കൂൾ സഹം 7ാമത് വാർഷികാഘോഷം വൈവിധ്യമാർന്ന കലാ പരിപാടികളോടെ നടന്നു.ഇന്ത്യൻ സ്കൂൾസ് ഡയറക്ടർ ബോർഡ് അംഗം പി. ടി. കെ. ഷമീർ ചടങ്ങിൽ മുഖ്യാതിഥിയായി. സഹം വിലായത്തിൽ നിന്നുള്ള മുൻ ശൂറ അംഗം ഷേക്ക് അലി ബിൻ നാസർ അൽ സാബി, നാസർ ബിൻ അബ്ദുള്ള അൽ ഹുസ്നി എന്നിവർ വിശിഷ്ട അതിഥികളായി.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ.മാത്യു വർഗീസ്,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ,രക്ഷിതാക്കൾ, സഹം സ്കൂൾ ഹെഡ്മിസ്ട്രസ്,അധ്യാപകർ,വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.ഒമാൻ-ഇന്ത്യ എന്നീ രാജ്യങ്ങളുടെ ദേശീയ ഗാനം, കുട്ടികളുടെ പ്രാർഥനാ ഗീതം എന്നിവക്കുശേഷം ഭദ്രദീപം തെളിയിച്ചതോടെ വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി.
പ്രധാനാധ്യാപിക സുചിത്ര സതീഷ് അവതരിപ്പിച്ച വാർഷിക റിപ്പോർട്ട് സ്കൂൾ കൈവരിച്ച പ്രശംസനീയമായ നേട്ടങ്ങളെക്കുറിച്ചും വിദ്യാർഥികളുടെ വിവിധ മേഖലകളിലെ മികവിനെക്കുറിച്ചും അധ്യാപകരുടെ സമർപ്പണ മനോഭാവത്തെക്കുറിച്ചും പരാമർശിക്കുന്നതായി.സമകാലീന വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇന്ത്യൻ സ്കൂൾ സഹം കൈവരിച്ച നേട്ടങ്ങളെ പി.ടി.കെ ഷമീർ അഭിനന്ദിച്ചു.
സ്കൂളിലെ വിവിധ മേഖലകളിലെ വളർച്ച പ്രകടമാക്കുന്ന ‘റാഡിയൻസ്’ ന്യൂസ് ലെറ്റർ മുഖ്യാതിഥി ചടങ്ങിൽ പ്രകാശനം ചെയ്തു.ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട അതിഥികളെ ആദരിച്ചു.അധ്യാപന മേഖലയിൽ മികച്ച സേവനം കാഴ്ചവെച്ച സുസ്മിത സോമനാഥ് പ്രത്യേക പുരസ്കാരത്തിനർഹയായി.വിദ്യാർഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
പഠന മേഖലയോടൊപ്പം തന്നെ മറ്റു കലാകായിക മേഖലകളിലും വിദ്യാർഥികൾക്ക് മികച്ച പരിശീലനമാണ് ഇന്ത്യൻ സ്കൂൾ സഹം നൽകുന്നത് എന്നതിന് തെളിവായിരുന്നു വാർഷികാഘോഷ പരിപാടികളിൽ അണിനിരന്ന വിദ്യാർഥികളുടെ കലാപ്രകടനങ്ങൾ.സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ.മാത്യു വർഗീസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.